1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 20, 2023

സ്വന്തം ലേഖകൻ: ഇംഗ്ലണ്ടില്‍ പൊതുഗതാഗതം ഉപയോഗിക്കാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ബസ് യാത്രാ നിരക്ക് രണ്ട് പൗണ്ടായി കുറച്ചതു നാല് മാസത്തേക്കു കൂടി നീട്ടി. ജനുവരി ഒന്നു മുതൽ മാർച്ച്‌ 31 വരെയായിരുന്നു പദ്ധതി ആദ്യം നടപ്പിലാക്കിയത്. പിന്നീട് ഇത് ജൂൺ 30 വരെ നീട്ടി. ഇതാണ് ഇപ്പോൾ ഒക്ടോബർ 31 വരെ വീണ്ടും നീട്ടിയത്. ഇതിനായി 200 മില്യണ്‍ പൗണ്ടിന്റെ സബ്‌സിഡിയാണ് സർക്കാർ നൽകുന്നത്.

രണ്ട് പൗണ്ട് പദ്ധതിയിലൂടെ ബസ് യാത്ര നടത്തുന്നവർക്കു ടിക്കറ്റ് വിലയുടെ മൂന്നിലൊന്ന് ലാഭിക്കാം. റോഡില്‍ മലിനീകരണം ഉണ്ടാക്കുന്ന ഏകദേശം രണ്ട് മില്യണ്‍ കാറുകളുടെ സഞ്ചാരം പൊതുനിരത്തില്‍ നിന്നും മാറ്റി നിർത്താൻ കഴിയുമെന്നാണ് അധികൃതര്‍ പറയുന്നത്. കോവിഡിന് ശേഷം പൊതുഗതാഗതത്തെ ജനങ്ങളുമായി ബന്ധിപ്പിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളെ ബഹുഭൂരിപക്ഷവും ഉപയോഗപ്പെടുത്തിയിരുന്നു. നൂറ്റിമുപ്പതിൽപ്പരം ബസ് ഓപ്പറേറ്റര്‍മാര്‍ പദ്ധതിയെ പിന്തുണച്ചു മോട്ടോർ വാഹന വകുപ്പുമായി കരാറിൽ ഏർപ്പെട്ടിരുന്നു.

വർധിച്ചു വരുന്ന ജീവിത ചെലവു മൂലം ദുരിതം അനുഭവിക്കുന്നവര്‍ക്കുള്ള സഹായം എന്ന രീതിയിലാണു രണ്ടു പൗണ്ട് പദ്ധതിയുടെ കാലാവധി നീട്ടാന്‍ തീരുമാനിച്ചതെന്ന് പ്രധാനമന്ത്രി ഋഷി സുനക് അറിയിച്ചു. ബസുകളുടെ പ്രാദേശിക റൂട്ടുകൾ സംരക്ഷിക്കാനും കൂടുതൽ ആളുകളെ ബസിൽ കയറാൻ പ്രോത്സാഹിപ്പിക്കാനും ഇപ്പോഴത്തെ പദ്ധതി ഏറെ സഹായിക്കുമെന്നും ഋഷി സുനക് കൂട്ടിച്ചേർത്തു.

അടുത്ത മൂന്ന് വര്‍ഷങ്ങളായി ബസ് സര്‍വീസ് മേഖലയില്‍ സര്‍ക്കാര്‍ 300 മില്യണ്‍ പൗണ്ട് നിക്ഷേപിക്കുമെന്നും ബസ് സർവീസുകളുടെ എണ്ണം കൂട്ടാനും നിരക്കു കുറയ്ക്കാനുമൊക്കെയായി ഈ തുക ഉപയോഗിക്കുമെന്നും ഗതാഗത സെക്രട്ടറി മാര്‍ക്ക് ഹാര്‍പ്പര്‍ പറഞ്ഞു.

സുപ്രധാന റൂട്ടുകളില്‍ സര്‍വീസ് ഉറപ്പാക്കുന്നതിനും സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും 2025 വരെ ഈ തുക ചെലവഴിക്കുമെന്നു മാര്‍ക്ക് ഹാര്‍പ്പര്‍ കൂട്ടിച്ചേർത്തു. ഒക്ടോബർ 31 നു ശേഷം 2024 നവംബര്‍ 30 വരെ നിരക്ക് രണ്ടു പൗണ്ടിൽ നിന്നും 2.50 പൗണ്ടായി മാറും. ഇപ്പോൾ പ്രഖ്യാപിച്ചത് പോലെ 2024 നവംബറിനു മുന്‍പായി നിരക്കുകള്‍ വീണ്ടും വിശകലനം ചെയ്ത് മാറ്റങ്ങള്‍ ആവശ്യമെങ്കില്‍ വരുത്തുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.