1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 24, 2021

സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിൽ കൊവിഡ് വ്യാപനവും തുടർച്ചയായ ലോക്ക്ഡൗണുകളും കാരണം ക്ലാസുകൾ നഷ്ടമായ വിദ്യാർത്ഥികൾക്ക് സഹായഹസ്തവുമായി സർക്കാർ. പദ്ധതിയുടെ ഭാഗമായി വേനലവധിയ്ക്ക് ക്ലാസുകൾ നടത്താൻ സെക്കൻഡറി സ്കൂളുകളോട് സർക്കാർ ആവശ്യപ്പെടും.

സ്‌കൂളുകളിൽ സമ്മർ ക്ളാസ് പദ്ധതി ആരംഭിക്കുന്നതിലൂടെ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികൾക്ക് നഷ്ടമായ പാഠഭാഗങ്ങൾ നികത്താൻ കഴിയുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.പദ്ധതി നടത്തിപ്പിനായി 400 മില്യൺ ഡോളർ പ്രധാനമന്ത്രി ബോറിസ് ജോൺസൺ അധികമായി പ്രഖ്യാപിച്ചു. ജനുവരിയിൽ പ്രഖ്യാപിച്ച 300 മില്യൺ പൗണ്ടിന് പുറയാണ് ഈ തുക.

കൊവിഡ് മഹാമാരി കാരണം ഇംഗ്ലണ്ടിലെ ഒരു വിദ്യാർഥിക്കും വിദ്യാഭ്യാസം ലഭ്യമാകാതിരുന്നില്ല എന്നത് ഉറപ്പാക്കാൻ പദ്ധതി സഹായിക്കുമെന്ന് ബോറിസ് ജോൺസൺ പറഞ്ഞു. അധ്യാപകരും വിദ്യാഭ്യാസ വിദഗ്ധരും അധ്യാപക യൂണിയനുകളും കൂടുതൽ പണം അനുവദിച്ച സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്തു.

ഒപ്പം വേനലവധിക്കാലത്ത് ക്ലാസുകളിൽ അധികമായെത്തുന്ന വിദ്യാർത്ഥികൾക്ക് ഒരുക്കേണ്ട സൗകര്യങ്ങളേക്കുറിച്ചും ഇവർ മുന്നറിയിപ്പ് നൽകി. ഇംഗ്ലണ്ടിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനുള്ള മാർഗരേഖയുടെ ആദ്യ ഘട്ടം മാർച്ച് 8ന് തുടങ്ങാനിരിക്കെയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.

അൺലോക്ക് റോഡ് മാപ്പിൻ്റെ ഭാഗമായി മാർച്ച് 8 മുതൽ എല്ലാ വിദ്യാർത്ഥികളും ക്ലാസ് മുറികളിലേക്ക് തിരിച്ചെത്തുകയാണ്. കഴിഞ്ഞ മാർച്ചിന് ശേഷം ദേശീയ, പ്രാദേശിക ലോക്ക്ഡൗണുകളും നിയന്ത്രണങ്ങളും വിദ്യാർഥികൾക്ക് പകുതിയിലേറെ അധ്യയന വർഷം നഷ്ടമാക്കിയെന്നാണ് സർക്കാർ കണക്ക്.

വേനൽക്കാലത്ത് ക്ലബ്ബുകളും, മറ്റ് പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കുന്നതിലൂടെ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളെ പിന്തുണയ്ക്കുന്നതിനും ഈ ഫണ്ട് ഉപയോഗിക്കാൻ അനുവദിക്കും. അവധി ദിവസങ്ങളിൽ അധിക ക്ലാസുകൾ നൽകുന്നതിന് സെക്കൻഡറി സ്കൂളുകൾക്ക് 200 മില്യൺ ഡോളറാണ് നീക്കി വച്ചിരിക്കുന്നത്.

നാഷണൽ ട്യൂട്ടോറിംഗ് പ്രോഗ്രാം (എൻ‌പി‌പി) ഉൾപ്പെടെ വിദ്യാർത്ഥികൾക്കായി നിലവിലുള്ള ട്യൂഷൻ പ്രോഗ്രാമുകളുടെ വിപുലീകരണവും പ്രീ-സ്ക്കൂൾ കുട്ടികൾക്കുള്ള ഭാഷാ സഹായത്തിനുള്ള ധനസഹായവും ഈ പാക്കേജിൽ ഉൾപ്പെടുന്നു. അധ്യാപകരും രക്ഷിതാക്കളും ഹോംസ്‌കൂളിംഗിൽ മികച്ച പ്രവർത്തനം കാഴ്ച വച്ചതായി പറഞ്ഞ ജോൺസൺ കുട്ടികൾക്ക് ഏറ്റവും അനുയോജ്യ്മ ക്ലാസ് റൂം പഠനം തന്നെയാണെന്നും ഓർമ്മിപ്പിക്കുകയും ചെയ്തു.

അതിനിടെ രാജ്യത്ത് ശക്തി പ്രാപിക്കുന്ന കൊവിഡ് വേരിയന്റുകൾ വാക്‌സിനുകളെ തോൽപ്പിക്കാൻ സാധ്യതയുണ്ടെന്ന് ഇംഗ്ലണ്ടിൻ്റെ ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫീസർ പ്രൊഫസർ ജോനാഥൻ വാൻ-ടാം പറഞ്ഞു. പ്രതിരോധ കുത്തിവയ്പ്പുകളുടെ എണ്ണം ദിവസേന കുറയുന്നത് ‘വിതരണത്തിലെ ഏറ്റക്കുറച്ചിലുകൾ’ കാരണമാണെന്നും പ്രശ്നം ഉടന പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.