
സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിലെ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ പ്രവേശിക്കും മുമ്പ് കോവിഡ് ടെസ്റ്റ് നടത്തുമെന്ന് സര്‍ക്കാര്‍. വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ എത്തുന്നത് മുതല്‍ തിരികെ പോകുന്നത് വരെ മാസ്‌ക് അണിഞ്ഞിരിക്കണമെന്നാണ് നിര്‍ദ്ദേശം. ഒമിക്രോണ്‍ വേരിയന്റ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ പഠനത്തിന് തടസം നേരിടാതെ സംരക്ഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം. ഇതോടെ ക്ലാസ്മുറികളില്‍ ഉള്‍പ്പെടെ ദിവസം മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ മുഖം മറയ്ക്കണമെന്നാണ് നിബന്ധന വരുന്നത്. ക്ലാസ് എടുക്കുമ്പോഴും ഇക്കാര്യത്തില്‍ ഇളവില്ല.
വിദ്യാര്‍ത്ഥികള്‍ പുതിയ ടേമിലേക്ക് ക്ലാസുകളില്‍ എത്തുന്നതിനുമുമ്പ് ഒരിക്കലെങ്കിലും കോവിഡ് പരിശോധന നടത്തുമെന്ന് സര്‍ക്കാര്‍ അറിയിപ്പില്‍ പറയുന്നു. അവധി കഴിഞ്ഞ് പല സ്ഥലങ്ങളില്‍ നിന്നായി എത്തുന്ന കുട്ടികള്‍, സ്‌കൂളുകളില്‍ ഒന്നിച്ച് അടുത്ത് ഇടപഴകും എന്നതിനാലാണ് ടെസ്റ്റ് നിര്‍ബന്ധമാക്കുന്നത്.
കൂടാതെ ക്ലാസ് തുടങ്ങിയശേഷവും ആഴ്ചയില്‍ രണ്ടുതവണ ടെസ്റ്റ് നടത്താന്‍ വിദ്യാര്‍ത്ഥികളോട് അഭ്യര്‍ത്ഥിക്കുകയും ഇതിനായി ആവശ്യാനുസരണം ടെസ്റ്റിംഗ് കിറ്റുകള്‍ നല്‍കുമെന്ന് മന്ത്രിമാര്‍ സ്‌കൂളുകള്‍ക്ക് ഉറപ്പുനല്‍കുകയും ചെയ്തു. അതിനിടെ, ജനുവരി 26 വരെ സ്‌കൂളുകളില്‍ മാസ്‌ക്കുകള്‍ നിര്‍ബന്ധമാക്കുമെന്ന് വിദ്യാഭ്യാസ സെക്രട്ടറി നാദിം സഹാവി അറിയിച്ചു. ക്‌ളാസ് തുടങ്ങുമ്പോള്‍ വിദ്യാര്‍ഥികള്‍ മുഴുവന്‍ സമയവും മാസ്‌ക്കുകള്‍ ധരിക്കണം.
പുതിയ ഓണ്‍-സൈറ്റ് ടെസ്റ്റിംഗ് നിയമങ്ങള്‍ ഇംഗ്ലണ്ടിലേക്ക് പരിമിതപ്പെടുത്തും, വിദ്യാര്‍ത്ഥികള്‍ ഈ ആഴ്ച അവസാനമാണ് പുതിയ ടേമിനായി സ്കൂളുകളിലേക്ക് മടങ്ങാന്‍ തുടങ്ങുക. സ്കോട്ട്ലന്‍ഡിലും വടക്കന്‍ അയര്‍ലന്‍ഡിലും, എല്ലാ ആഴ്ചയിലും രണ്ടുതവണ കോവിഡ് ടെസ്റ്റ് നടത്തണമെന്ന് വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെടുന്നു.
കമ്മ്യൂണല്‍ മേഖലകളില്‍ മാസ്‌ക് ധരിക്കാന്‍ നേരത്തെ തന്നെ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുകയെന്നതാണ് തങ്ങളുടെ മുന്‍ഗണനയെന്ന് എഡ്യുക്കേഷന്‍ സെക്രട്ടറി നാദിം സവാഹി വ്യക്തമാക്കി. തടസങ്ങള്‍ പരമാവധി കുറയ്ക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാസ്‌ക് ധരിക്കുന്നത് നിയമപരമായ നിബന്ധനയാക്കിയിട്ടില്ല. എന്നാല്‍ സ്‌കൂളുകള്‍ നയം പിന്തുടരുമെന്നാണ് മന്ത്രിമാര്‍ പ്രതീക്ഷിക്കുന്നത്. അധ്യാപകര്‍ക്കും, സപ്പോര്‍ട്ട് സ്റ്റാഫിനും നിബന്ധന ബാധകമാണ്. ജനുവരി 26നാണ് നടപടികള്‍ പുനഃപ്പരിശോധിക്കുക. വൈറസ് വ്യാപനം തടയാന്‍ പരിമിതപ്പെടുത്താന്‍ അടിയന്തര നടപടി വേണമെന്ന് ആറ് സ്കൂള്‍ സ്റ്റാഫ് യൂണിയനുകള്‍ ആവശ്യപ്പെട്ടു. തുടര്‍നടപടികളില്ലാതെ ദേശീയ പരീക്ഷകള്‍ അപകടത്തിലാകുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി.
എയര്‍-ക്ലീനിംഗ് യൂണിറ്റുകള്‍, കുട്ടികളുടെയും അദ്ധ്യാപകരുടെയും ആബ്സെന്‍സ് പരിരക്ഷിക്കുന്നതിനുള്ള സാമ്പത്തിക സഹായം, ഓണ്‍-സൈറ്റ് ടെസ്റ്റിംഗിനുള്ള സഹായം, ഓഫ്സ്റ്റഡ് ഇന്‍സ്പെക്ഷന്‍ വ്യവസ്ഥയില്‍ ഇളവ് എന്നിവയും അവര്‍ ആവശ്യപ്പെട്ടു. സ്‌കൂളുകള്‍, കോളേജുകള്‍ എന്നിവയില്‍ 7,000 എയര്‍ ക്ലീനിംഗ് യൂണിറ്റുകള്‍ ലഭ്യമാക്കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല