1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 21, 2022

സ്വന്തം ലേഖകൻ: ഇംഗ്ലണ്ടില്‍ പ്ലാന്‍ ബി വിലക്കുകള്‍ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി സ്‌കൂളുകളില്‍ മാസ്‌ക് വേണ്ടെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം തള്ളി സ്‌കൂളുകള്‍. സ്‌കൂളുകളില്‍ ഇനി വിദ്യാര്‍ത്ഥികള്‍ മാസ്‌ക് ധരിക്കേണ്ടതില്ലെന്ന നിബന്ധന അനുസരിക്കില്ലെന്നും, ക്ലാസ്മുറികളില്‍ കുട്ടികളെ നിര്‍ബന്ധമായി മാസ്‌ക് ധരിപ്പിക്കുമെന്നും സ്‌കൂളുകള്‍ തീരുമാനിച്ചതോടെ ഇതിനെതിരെ രക്ഷിതാക്കള്‍ രംഗത്തുവന്നിട്ടുണ്ട്.

പ്ലാന്‍ ബി വിലക്കുകള്‍ റദ്ദാക്കുന്നതോടെ വിദ്യാര്‍ത്ഥികള്‍ ക്ലാസ്മുറികളില്‍ മാസ്‌ക് ധരിക്കണമെന്ന നിബന്ധനയും ഇല്ലാതാക്കാനാണ് പ്രധാനമന്ത്രിയുടെ നീക്കം. എന്നാല്‍ ഇത് പാലിക്കില്ലെന്ന് ഇംഗ്ലണ്ടിലെ ഹെഡ് ടീച്ചര്‍മാര്‍ പറയുന്നു. സ്വന്തം സ്ഥാനം സംരക്ഷിക്കാനാണ് ബോറിസ് ജോണ്‍സണ്‍ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്നാണ് രാജ്യത്തെ വലിയ ടീച്ചിംഗ് യൂണിയനുകളുടെ കുറ്റപ്പെടുത്തല്‍.

പാര്‍ട്ടിഗേറ്റില്‍ പെട്ടതോടെ രാഷ്ട്രീയ കരിയര്‍ രക്ഷിച്ചെടുക്കാന്‍ ശ്രമിക്കുന്ന പ്രധാനമന്ത്രിയുടെ ഈ നീക്കത്തിന് പിന്നില്‍ കൃത്യമായ ആരോഗ്യ, ശാസ്ത്ര ഉപദേശമില്ലെന്ന് യൂണിയനുകള്‍ ആരോപിക്കുന്നു. ഒമിക്രോണ്‍ നടപടികള്‍ വളരെ വേഗത്തില്‍ നീക്കുന്നതിന് എതിരെ നാഷണല്‍ എഡ്യുക്കേഷന്‍ യൂണിയനും മുന്നറിയിപ്പ് നല്‍കി. ഇത് സ്‌കൂളുകളുടെ പ്രവര്‍ത്തനത്തെ തടസപ്പെടുത്താനാണ് ഉപകരിക്കുകയെന്ന് ജനറല്‍ സെക്രട്ടറി ഡോ. മേരി ബൗസ്‌റ്റെഡ് പറഞ്ഞു.

പ്രതിസന്ധി അവസാനിച്ചെന്ന ചിന്തയിലാണ് സര്‍ക്കാര്‍ തങ്ങളെ സ്‌കൂളുകളിലേക്ക് അയയ്ക്കുന്നതെന്ന് എഎസ്‌സിഎല്‍ മേധാവി ജെഫ് ബാര്‍ടണും പ്രതികരിച്ചു. എന്നാല്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ കുട്ടികള്‍ ക്ലാസ്മുറികളില്‍ മാസ്‌ക് ധരിക്കുന്നതിന് എതിരെയാണ് മൂന്നില്‍ രണ്ട് രക്ഷിതാക്കളും അടുത്തിടെ നടന്ന സര്‍വെയില്‍ വോട്ട് ചെയ്തത്.

ഇംഗ്ലണ്ടിന്റെ കോവിഡ് പ്ലാന്‍ ബി നടപടികള്‍ വ്യാഴാഴ്ച മുതല്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതോടെ പൊതു സ്ഥലങ്ങളില്‍ നിര്‍ബന്ധിത ഫെയ്‌സ് മാസ്‌ക് നിയമങ്ങളും കോവിഡ് പാസ്‌പോര്‍ട്ടുകളും ഉപേക്ഷിച്ചതായി പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രഖ്യാപിച്ചിരുന്നു. ആളുകള്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള ഉപദേശം സര്‍ക്കാര്‍ ഉടന്‍ ഉപേക്ഷിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ബൂസ്റ്ററുകള്‍ കാരണം ഇംഗ്ലണ്ട് ‘പ്ലാന്‍ എ’ യിലേക്ക് മടങ്ങുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ദേശീയതലത്തില്‍ ഒമിക്രോണ്‍ തരംഗം പീക്ക് കഴിഞ്ഞതായി ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നതായി അദ്ദേഹം എംപിമാരോട് പറഞ്ഞു.

നിശാക്ലബ്ബുകളിലും വലിയ പരിപാടികളിലും പ്രവേശിക്കുന്നതിന് നിര്‍ബന്ധിത കോവിഡ് പാസ്‌പോര്‍ട്ടുകള്‍ അവസാനിക്കും, എന്നിരുന്നാലും സ്ഥാപനങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ കോവിഡ് പാസ് ഉപയോഗിക്കാന്‍ തിരഞ്ഞെടുക്കാം

വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ആളുകളെ ഇനി ഉപദേശിക്കില്ല, ഓഫീസുകളിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് തൊഴിലുടമകളുമായി ചര്‍ച്ച ചെയ്യണം. അടച്ചിട്ടതോ തിരക്കേറിയതോ ആയ ഇടങ്ങളിലും അപരിചിതരെ കാണുമ്പോഴും മുഖാവരണം ധരിക്കാന്‍ ആളുകളോട് നിര്‍ദ്ദേശിക്കുന്നുണ്ടെങ്കിലും, മാസ്‌ക്കുകള്‍ ഇനി നിര്‍ബന്ധമാക്കില്ല.

വ്യാഴാഴ്ച മുതല്‍, സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ക്ലാസ് മുറികളില്‍ മാസ്ക്ക് ധരിക്കേണ്ടതില്ല, കമ്യൂണല്‍ മേഖലകളില്‍ അവരുടെ ഉപയോഗത്തെക്കുറിച്ചുള്ള സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശം ഉടന്‍ നീക്കം ചെയ്യും. യാത്രാ നിയമങ്ങള്‍ ലഘൂകരിക്കുന്നതും ഇംഗ്ലണ്ടിലെ കെയര്‍ ഹോം സന്ദര്‍ശനത്തിനുള്ള നിയന്ത്രണങ്ങളും സംബന്ധിച്ച കൂടുതല്‍ പ്രഖ്യാപനങ്ങള്‍ വരും ദിവസങ്ങളില്‍ പ്രതീക്ഷിക്കുന്നതായും ബോറിസ് ജോണ്‍സണ്‍ കൂട്ടിച്ചേര്‍ത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.