സ്വന്തം ലേഖകൻ: ഇംഗ്ലണ്ടില്‍ ഒരു ദശകത്തിനിടയിലെ ഏറ്റവും വലിയ അഞ്ചാംപനി വ്യാപനം പൊട്ടിപ്പുറപ്പെട്ടു. കഴിഞ്ഞ ആഴ്ച ഇംഗ്ലണ്ടില്‍ മാത്രം 118 പേര്‍ക്കാണ് വൈറസ് പിടിപെട്ടതെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി ഡാറ്റ വെളിപ്പെടുത്തി. ജനുവരി മാസത്തെ മുഴുവന്‍ രോഗികളുടെയും പകുതിയാണ് ഈ കണക്ക്.
ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 465-ല്‍ എത്തി. 2013-ല്‍ പൊട്ടിപ്പുറപ്പെട്ട പകര്‍ച്ചവ്യാധിക്ക് ശേഷമുള്ള ഉയര്‍ന്ന കേസുകളാണ് ഇക്കുറി രേഖപ്പെടുത്തുന്നത്. രോഗവ്യാപനം ചെറുക്കാനുള്ള പ്രവര്‍ത്തനം വിജയകരമാകുന്നില്ലെന്നാണ് ആശങ്ക.
വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സാണ് രോഗത്തിന്റെ പ്രധാന ഉത്ഭവകേന്ദ്രം. ബര്‍മിംഗ്ഹാം മേഖല കേന്ദ്രീകരിച്ചാണ് അധികം കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനിടെ ലണ്ടനിലും കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്നുണ്ട്. വൈറസ് ആശങ്കപ്പെടുത്തുന്ന നിലയില്‍ തുടരുകയാണെന്നും, കുട്ടികള്‍ പൂര്‍ണ്ണമായി സുരക്ഷിതരാണെന്ന് ഉറപ്പാക്കണമെന്നും യുകെഎച്ച്എസ്എയിലെ കണ്‍സള്‍ട്ടന്റ് എപ്പിഡെമോളജിസ്റ്റ് ഡോ. വനേസാ സാലിബാ പറഞ്ഞു.
അഞ്ചാംപനി വളരെ വ്യാപന ശേഷിയുള്ളതാണ്. ഇത് മറ്റ് മേഖലകളിലേക്ക് പടരാനും സാധ്യത ഏറെയാണ്. കുട്ടികളെയാണ് രോഗം പ്രധാനമായി ബാധിക്കുന്നതെന്ന് രക്ഷിതാക്കളും അറിഞ്ഞിരിക്കണം. ചിലരില്‍ ഇത് വളരെ ഗുരുതരവും, ജീവിതം മാറ്റിമറിക്കുന്നതുമായി മാറും. എന്നിരുന്നാലും രോഗം തടയാന്‍ കഴിയും. കുട്ടികളെ സംരക്ഷിക്കാന്‍ വാക്‌സിനേഷനാണ് മികച്ച രീതി. എത്രയും പെട്ടെന്ന് കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കി സുരക്ഷ ഒരുക്കണം, ഡോ. സാലിബാ വ്യക്തമാക്കി.
രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ പൊതുഗതാഗത സംവിധാനങ്ങളും, തിരക്കേറിയ ഇടങ്ങളും ഒഴിവാക്കി രോഗവ്യാപനം തടയാന്‍ സഹായിക്കണമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. അഞ്ചാംപനി വന്‍തോതില്‍ വ്യാപനമുള്ള രോഗമാണെന്ന് ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ & ട്രോപ്പിക്കല്‍ മെഡിസിനിലെ പ്രൊഫ. ബീറ്റ് കാംപ്മാന്‍ പറയുന്നു. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ മറ്റുള്ളവര്‍ക്ക് രോഗം പകരാതെ വീട്ടിലിരിക്കണമെന്നാണ് ഇദ്ദേഹത്തിന്റെ ഉപദേശം.
കനത്ത പനി, മൂക്കടപ്പ്, ജലദോഷം, തുമ്മല്‍, ചുമ, ചുവന്ന് കലങ്ങി വെള്ളം നിറഞ്ഞ കണ്ണുകള്‍ അഞ്ചാംപനിയുടെ ആദ്യ ലക്ഷണങ്ങളില്‍ വരും. പിന്നീടാണ് ശരീരത്തില്‍ ചൊറിച്ചില്‍ പോലുള്ള ലക്ഷണങ്ങള്‍ രൂപപ്പെടുക. മുഖത്തും, കാതിന് പിന്നിലും ആരംഭിക്കുന്ന റാഷസ് പിന്നീട് വ്യാപിക്കുകയാണ് ചെയ്യുക.
ഒരു കുട്ടിക്ക് അഞ്ചാംപനി സ്ഥിരീകരിച്ചാല്‍ റാഷസ് രൂപപ്പെട്ട് നാല് ദിവസത്തേക്കെങ്കിലും ഇവരെ പൊതുസ്ഥലങ്ങളില്‍ നിന്നും ഒഴിവാക്കി നിര്‍ത്തണമെന്നാണ് വൈറോളജിസ്റ്റുകള്‍ ആവശ്യപ്പെടുന്നത്. ഒരു മുറിയില്‍ 15 മിനിറ്റില്‍ കൂടുതല്‍ ഒരുമിച്ച് ഉണ്ടായാല്‍ പോലും രോഗം പടരുമെന്നതാണ് അവസ്ഥ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല