
സ്വന്തം ലേഖകൻ: ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസിന്റെ വ്യാപനം അതിരൂക്ഷമായ ഇംഗ്ലണ്ടിൽ വീണ്ടും ദേശീയ ലോക്ഡൗൺ പ്രഖ്യാപിച്ചു. ഇന്നലെ അർധരാത്രി മുതൽ ലോക്ഡൗൺ നിലവിൽ വന്നു. രാത്രി എട്ടിന് പ്രധാനമന്ത്രി ബോറീസ് ജോൺസൺ രാജ്യത്തെ അഭിസംബോധന ചെയ്താണ് ലോക്ഡൗൺ പ്രഖ്യാപിച്ചത്. രാജ്യമൊട്ടാകെ ഇപ്പോൾ സ്റ്റേ അറ്റ് ഹോം അലേർട്ടിലാണ്.
മാർച്ചിലെ ഒന്നാം ലോക്ഡൗണിനു സമാനമായി അവശ്യ സർവീസുകൾ ഒഴികെ എല്ലാം നിലയ്ക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടും. പ്രൈമറി തലം മുതൽ യൂണിവേഴ്സിറ്റിവരെ ഇന്നു മുതൽ ഓൺലൈൻ പഠനരീതിയിലേക്ക് മാറും. നിത്യോപയോഗ സാധനങ്ങൾ വാങ്ങാനും മെഡിക്കൽ ഹെൽപിനും വീട്ടിലിരുന്നു ചെയ്യാൻ സാധ്യമല്ലാത്ത ജോലിക്കും ഒറ്റയ്ക്കുള്ള വ്യായാമത്തിനും മാത്രമേ ആളുകൾക്ക് പുറത്തിറങ്ങാൻ അനുമതിയുള്ളു.
ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്നവർക്ക് വീണ്ടും ഷീൽഡിംങ്ങും പ്രഖ്യാപിച്ചു. റസ്റ്ററന്റുകളിൽ ഡെലിവറി സർവീസുകൾ മാത്രം അനുവദിക്കും. ഇൻഡോർ സ്റ്റേഡിയങ്ങളും ജിമ്മുകളും അടയ്ക്കും. ഓട്ട്ഡോർ കായിക വിനോദങ്ങൾക്ക് നിയന്ത്രണമുണ്ടെങ്കിലും ഇംഗ്ലീഷ് പ്രീമിയർ ലീഗ് മൽസരങ്ങൾ തുടരും. ലോക്ഡൗണിനു ശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നാലും വർഷാവസാന പരീക്ഷാ രീതികളിൽ കാര്യമായ മാറ്റങ്ങളുണ്ടാകും.
അതീവ ഗുരുതരവും നിരാശാജനകവുമായ സാഹചര്യം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് വീണ്ടും ദേശീയ ലോക്ഡൗൺ പ്രഖ്യാപിക്കുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. വരുന്ന ആഴ്ചകൾ ബ്രിട്ടനെ സംബന്ധിച്ച് ദുഷ്കരമായ ദിവസങ്ങളായിരിക്കുമെന്നും എന്നാലിത് ബുദ്ധിമുട്ടുകളുടെ അവസാന ഘട്ടമായിരിക്കുമെന്നാണ് തന്റെ വിശ്വാസമെന്നും ലോക്ഡൗൺ പ്രഖ്യാപിച്ചുകൊണ്ട് ബോറിസ് ജോൺസൺ പറഞ്ഞു.
ഫെബ്രുവരി മധ്യത്തോടെ വാക്സീൻ വിതരണം വഴി കോവിഡിനെ വരുതിയിലാക്കാമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. വ്യക്തമായ തിയതി അറിയിച്ചിട്ടില്ലെങ്കിലും ഫെബ്രുവരി പകുതി വരെയെങ്കിലും ലോക്ഡൗൺ നീളാനാണ് സാധ്യതയെന്നാണ് പ്രധാനമന്ത്രിയുടെ വാക്കുകൾ സൂചിപ്പിക്കുന്നത്.
തുടർച്ചയായ ഏഴാം ദിവസവും ബ്രിട്ടനിൽ കൊവിഡ് രോഗികളാകുന്നവരുടെ എണ്ണം അമ്പതിനായിരത്തിൽ തുടരുന്ന സാഹചര്യത്തിലാണ് ലോക്ഡൗൺ എന്ന കടുത്ത തീരുമാനത്തിലേക്ക് സർക്കാർ എത്തിയത്. രാജ്യത്തെ ആശുപത്രികളെല്ലാം വീണ്ടും കൊവിഡ് രോഗികളെക്കൊണ്ട് നിറയുന്ന സ്ഥിതിയാണ്. 58,784 പേരാണ് ഇന്നലെ മാത്രം രോഗികളായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് 407 പേരും.
അതേസമയം ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനത്തില്‍ ഇതുവരെ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍ അറിയിച്ചു. എന്‍ഡിടിവിയോടായിരുന്നു ഹൈക്കമ്മീഷന്റെ പ്രതികരണം. ന്യൂഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ മുഖ്യാതിഥിയാകാനുള്ള ഇന്ത്യയുടെ ക്ഷണം സ്വീകരിച്ചതായി ജോണ്‍സണ്‍ കഴിഞ്ഞ മാസം പറഞ്ഞിരുന്നു.
റിപ്പബ്ലിക് ദിന പരേഡില്‍ മുഖ്യാതിഥിയാകുന്നതിന് പുറമെ ഇന്ത്യ-ബ്രിട്ടണ്‍ സഹകരണം ശക്തിപ്പെടുത്തുന്നതിനും ബോറിസ് ജോണ്‍സണിന്റെ സന്ദര്‍ശനം പ്രധാന്യം നല്‍കും. വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, ആരോഗ്യം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ മേഖലകളില്‍ ഊന്നി ഇരുരാജ്യങ്ങളും ചര്‍ച്ച നടത്തും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല