1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 14, 2022

സ്വന്തം ലേഖകൻ: ട്വന്റി20 ലോകകപ്പില്‍ കിരീടമണിഞ്ഞ ഇംഗ്ലണ്ടിന്റെ നേട്ടം ആഘോഷമാക്കി ബ്രിട്ടീഷ് മാധ്യമങ്ങള്‍. ക്രിക്കറ്റിന് വലിയ പ്രാധാന്യം കല്‍പ്പിക്കാത്ത ദേശീയ മാധ്യമങ്ങള്‍ ഇംഗ്ലണ്ടിന്റെ ഡബിള്‍ ലോകകിരീടം മുന്‍ പേജില്‍ തന്നെ ആഘോഷമാക്കി. ഏകദിന ലോകകപ്പില്‍ ലോക ചാമ്പ്യന്മാരായിരിക്കെയാണ് ട്വന്റി20 ലോകകപ്പ് ഇംഗ്ലണ്ട് കരസ്ഥമാക്കുന്നതെന്ന അപൂര്‍വതയുമുണ്ട്.

ഫൈനലില്‍ പാകിസ്താന്‍ ഉയര്‍ത്തിയ 138 റണ്‍സ് വിജയലക്ഷ്യം 5 വിക്കറ്റ് ശേഷിക്കെ ആണ് ഇംഗ്ലണ്ട് മറികടന്നത്. 138 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് ഒരു ഓവര്‍ അവശേഷിക്കെ ലക്ഷ്യത്തിലെത്തി. സ്കോര്‍: പാക്കിസ്ഥാന്‍– 137/8, ഇംഗ്ലണ്ട്–138/5. ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സും മൂന്ന് വിക്കറ്റ് വീഴ്ത്തിയ സാം കറനുമാണ് ഇംഗ്ലണ്ടിന്റെ വിജയശില്‍പ്പികള്‍.

49 പന്തില്‍ 52 റണ്‍സെടുത്ത ബെന്‍ സ്റ്റോക്സ്‌‌ ആണ് ഇം​ഗ്ലണ്ടിനെ ഈ സ്വപ്നവിജയത്തിലേക്ക് നയിച്ചത്. ഏക ദിന ലോക കിരീടത്തിലേയ്ക്ക് ഇംഗ്ലണ്ടിനെ നയിച്ചതും സ്റ്റോക്സ്‌‌ ആയിരുന്നു. 138 എന്ന താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇം​ഗ്ലണ്ടിന് തുടക്കം പിഴച്ചു. അലക്സ് ഹെയ്ല്‍സ് (രണ്ട് ബോളില്‍ ഒന്ന്), ഫിലിപ് സാള്‍ട്ട് (ഒന്‍പതു ബോളില്‍ പത്ത്) എന്നിവരെ തുടക്കത്തിലെ നഷ്ടമായി. ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ ( 26), ഹാരി ബ്രൂക്ക് ( 20), മൊയീന്‍ അലി ( 19), ലിയാം ലിവിങ്‌സ്റ്റണ്‍ (1) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സംഭാവന.

ടോസ് നഷ്ടപ്പെട്ട പാകിസ്താനാണ് ആദ്യ ബാറ്റിങ്ങിനിറങ്ങിയത്. 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുക്കാനേ പാക്കിസ്ഥാന് സാധിച്ചുള്ളൂ. 38 റണ്‍സെടുത്ത ഷാന്‍ മസൂദാണു പാക്കിസ്ഥാന്‍ നിരയിലെ ടോപ് സ്കോറര്‍. ക്യാപ്റ്റന്‍ ബാബര്‍ അസം 28 പന്തില്‍ 32 റണ്‍സെടുത്തു. സ്ലോഗ് ഓവറുകളില്‍ ഷഹീന്‍ അഫ്രീദി പരുക്ക് മൂലം പിന്മാറിയത് പാക്കിസ്ഥാന് തിരിച്ചടിയായി. നാല് ഓവറില്‍ വെറും 10 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ സാം കറനാണ് ഇംഗ്ലീഷ് ബൗളര്‍മാരില്‍ തിളങ്ങിയത്. ആദില്‍ റഷീദും ക്രിസ് ജോര്‍ദനും രണ്ടു വിക്കറ്റ് വീഴ്ത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.