1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 27, 2021

സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിൽ 42 വയസ്സിന് മുകളിലുള്ളവർക്ക് കോവിഡ് വാക്സിൻ നൽകിത്തുടങ്ങി. ഈ ആഴ്ച ഇത് രണ്ടാം തവണയാണ് വാക്സിൻ വിതരണം 40 കളിലുള്ളവർക്ക് നൽകുന്നത്, കഴിഞ്ഞ ആഴ്ച 44 വയസും അതിൽ കൂടുതലുമുള്ളവർക്ക് കുത്തിവയ്പ്പ് നൽകിത്തുടങ്ങിയിരുന്നു. ഇപ്പോൾ, 42 വയസും അതിൽ കൂടുതലുമുള്ള ആളുകൾക്കും ജൂലൈ 1 ന് മുമ്പ് 42 വയസ്സ് തികയുന്നവർക്കും ദേശീയ ബുക്കിംഗ് വെബ്‌സൈറ്റ് വഴി കുത്തിവയ്പ്പിനായി അപ്പോയിന്റ്മെന്റ് എടുക്കാവുന്നതാണെന്ന് അധികൃതർ അറിയിച്ചു.

യുകെയിലെ മൊത്തം ജനസംഖ്യയുടെ പകുതിയിലധികം പേർക്കും കോവിഡ് വാക്സിൻ്റെ ആദ്യ ഡോസ് ലഭിച്ചതായി വാരാന്ത്യത്തിലെ കണക്കുകൾ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് വാക്സിൻ പ്രോഗ്രാം കൂടുതൽ പേരിലേക്ക് വ്യാപിപ്പിക്കുന്നത്. ഏപ്രിൽ 25 വരെയുള്ള സർക്കാർ കണക്കുകൾ കാണിക്കുന്നത് യുകെയിൽ ഇതുവരെ നൽകിയിട്ടുള്ള 46,650,008 ജാബുകളിൽ 12,897,123 എണ്ണം രണ്ടാം ഡോസാണെന്നാണ്. ആരോഗ്യപരമായി ഏറ്റവും ദുർബലരായ ഒമ്പത് വിഭാഗങ്ങൾക്ക് ഏപ്രിൽ 15 ഓടെ ആദ്യത്തെ കൊറോണ വൈറസ് വാക്സിൻ ഡോസ് നൽകുകയെന്ന ലക്ഷ്യം മൂന്ന് ദിവസം നേരത്തെ സർക്കാർ കൈവരിച്ചതും നേട്ടമായി.

അതിനിടെ ഒരു “നാക്കു പിഴ“യുടെ പേരിൽ പ്രധാനമന്ത്രി ബോറിസ് ജോൺസൺ വെട്ടിലായി. ശവശരീരങ്ങൾ കുന്നുകൂടിയാലും വേണ്ടില്ല, ലോക്ക് ഡൗൺ പ്രഖ്യാപിക്കേണ്ട കാര്യമില്ല എന്ന് ക്യാബിനറ്റ് യോഗത്തില്‍ അഭിപ്രായപ്പെട്ടതിന്റെ പേരിലാണ് ബോറിസ് പ്രധാനമായും വിമർശനങ്ങൾ നേരിടുന്നത്. താന്‍ ഈ വിധം സംസാരിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി അവകാശപ്പെടുമ്പോഴും ഡെയിലി മെയിൽ ഉയർത്തിയ ആരോപണം ശരിവച്ച് ബിബിസി ഐ ടിവി ഉൾപ്പെടെയുള്ള പ്രമുഖ മാധ്യമങ്ങൾ രംഗത്തെത്തി.

അതിനു പിന്നാലെയാണ് ബോറിസും കുടുംബവും താമസിക്കുന്ന ഫ്‌ളാറ്റിന്റെ നവീകരണം വിമർശകർ കുത്തിപ്പൊക്കിയത്. ബോറിസിന്റെ നവവധുവിന്റെ താല്‍പര്യങ്ങള്‍ പ്രകാരമാണ് ഈ മോടിപിടിപ്പിക്കല്‍ നടന്നതെന്നും, ഇതിനായി ആവശ്യമായി വന്ന 58,000 പൗണ്ട് ബില്‍ ടോറി പാര്‍ട്ടിയാണ് നല്‍കിയതെന്നുമാണ് ആരോപണം. ഈ ബില്‍ ഇപ്പോള്‍ പ്രധാനമന്ത്രി തിരികെ അടച്ചിട്ടുണ്ട്.

എന്നാൽ പാര്‍ട്ടിയില്‍ നിന്നും തിടുക്കപ്പെട്ട് ലോണ്‍ വാങ്ങി മോടി പിടിപ്പിക്കല്‍ നടത്തിയത് എന്തിനെന്ന ചോദ്യത്തിൽ നിന്ന് ജോൺസണ് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നാണ് വിലയിരുത്തൽ. അതിനു പുറമെ ഡൗണിംഗ് സ്ട്രീറ്റ് വിവരങ്ങള്‍ പുറത്തേക്ക് ചോര്‍ത്തുന്ന സംഭവത്തില്‍ പ്രഖ്യാപിച്ച അന്വേഷണങ്ങളില്‍ തന്നെ പെടുത്തരുതെന്ന് മുന്‍ സഹായി ഡൊമിനിക് കമ്മിംഗ്‌സിന് പ്രധാനമന്ത്രി ടെക്സ്റ്റ് സന്ദേശം അയച്ച സംഭവവുമായി ബന്ധപ്പെട്ട വിവാദവും ചൂടുപിടിക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.