സ്വന്തം ലേഖകൻ: സ്വീഡനിൽ നടക്കുന്ന അണ്ടർ 17 യൂറോപ്യൻ ബാഡ്മിന്‍റൺ ടൂർണമെന്‍റിൽ, ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ച് സ്റ്റീവനേജിൽ നിന്നുള്ള ജെഫ് അനി ജോസപ്പും, എസക്സിൽ നിന്നുള്ള സാമുവൽ ദീപക് പുലിക്കോട്ടിലും ദേശീയ ടീമിൽ ഇടം നേടി. യൂറോപ്യൻ ബാഡ്മിന്‍റൺ ടൂർണമെന്‍റിൽ ഫ്രാൻസ്, ജർമനി, ഡെൻമാർക്ക്, സ്വീഡൻ, നെതർലൻഡ്‌സ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ശക്തരായ ടീമുകളുമായാണ് ഡബിൾസ് വിഭാഗത്തിൽ, ജെഫ്-സാമുവൽ സഖ്യം മാറ്റുരക്കുക.
ഇതാദ്യമായിട്ടാണ് ഇരുവരും ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ച് ടൂർണമെന്‍റിൽ പങ്കെടുക്കുന്നത്. കഴിഞ്ഞ വർഷം നടന്ന ഇംഗ്ലിഷ് നാഷനൽ ചാംപ്യൻഷിപ്പിൽ ഡബിൾസ് കാറ്റഗറിയിൽ വെങ്കല മെഡൽ നേടിയതോടെയാണ് ഇംഗ്ലണ്ട് സെലക്ഷൻ കമ്മിറ്റിയുടെ ശ്രദ്ധ ഈ മിടുക്കരിലേക്ക് തിരിഞ്ഞത്. കഴിഞ്ഞ ദിവസം സോമർസെറ്റിലെ ബാത്തിൽ വച്ച് നടന്ന അണ്ടർ 17 ദേശീയ ബാഡ്മിന്‍റൺ ടൂർണമെന്‍റിൽ ജെഫ്-സാമുവൽ സഖ്യം നിലവിലെ ചാംപ്യന്മാരെ അട്ടിമറിച്ചു കൊണ്ട് ഫൈനലിൽ നേടിയ മിന്നും വിജയവും, തിളക്കമാർന്ന പ്രകടനവുമാണ് ഇവർക്ക് ഇംഗ്ലിഷ് ദേശീയ ടീമിലേക്കുള്ള യോഗ്യത ഉറപ്പിച്ചത്.
യു കെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയിൽ സിവിൽ സെർവന്‍റ് ആയി ജോലി നോക്കുന്ന കോട്ടയം ഇരവിമംഗലം സ്വദേശി, പന്തമാൻചുവട്ടിൽ അനി ജോസഫിന്‍റെയും, സ്‌റ്റീവനേജ് ലിസ്റ്റർ ഹോസ്പിറ്റലിൽ ജോലി നോക്കുന്ന ജീന മാത്യുവിന്‍റെയും മകനാണ് ജെഫ്. അനി ജോസഫ് മുമ്പ് സർഗ്ഗം സ്റ്റീവനേജ് മലയാളി അസോസിയേഷനിൽ പ്രസിഡന്‍റ് പദവിയും വഹിച്ചിട്ടുണ്ട്. ജെഫിന്‍റെ രണ്ട് സഹോദരിമാരും മികച്ച ബാഡ്‌മിന്‍റൺ താരങ്ങളാണ്.
കഴിഞ്ഞ വർഷം ‘യുകെകെസിഎ’ സംഘടിപ്പിച്ച അഖില യു കെ ബാഡ്‌മിന്‍റൺ ടൂർണമെന്‍റിൽ എല്ലാ മത്സരങ്ങളിലും സ്വർണമെഡലുകൾ തൂത്തു വാരിക്കൊണ്ടാണ് കുടുംബപരമായ കായിക മികവ് അനി- ജീന കുടുംബം തെളിയിച്ചത്. പഠനത്തിലും മികവ് പുലർത്തുന്ന ജെഫ് അനി, സ്റ്റീവനേജിലെ സെന്‍റ് ജോൺ ഹെൻറി ന്യൂമാൻ ഹയർ സെക്കണ്ടറി സ്ക്കൂളിൽ ജിസിഎസ്ഇ വിദ്യാർഥിയാണ്.
ലണ്ടനിൽ എസ്സക്സിൽ താമസിക്കുന്ന കുന്നംകുളത്തുകാരൻ ദീപക്-ബിനി പുലിക്കോട്ടിൽ ദമ്പതികളുടെ മൂത്ത മകൻ ആണ് സാമുവേൽ. ദി കൂപ്പേഴ്‌സ് കമ്പനി ആൻഡ് കോബോൺ സ്കൂളിൽ, ഇയർ 11 വിദ്യാർഥിയായ സാമുവൽ, പഠനത്തിലും, പാഠ്യേതര വിഷയങ്ങളിലും ഏറെ മികവ് പുലർത്തുന്ന വ്യക്തിത്വമാണ്. സാമുവലിന്‍റെ പിതാവ് ദീപക് എൻഎച്ച് എസിൽ ബിസിനസ് ഇന്‍റലിജൻസ് മാനേജർ ആയും, മാതാവ് ബിനി ദീപക് പീഡിയാട്രിക് ഫിസിയോതെറാഫിസ്റ്റ് ആയും ജോലി നോക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല