1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 29, 2021

സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിൽ ലോക്ക്ഡൗൺ ഇളവുകൾ പ്രാബല്യത്തിൽ. പ്രധാനമന്ത്രിയുടെ അൺലോക്ക് റോഡ്മാപ്പിൻ്റെ ഭാഗമായി ഔട്ട്ഡോർ ഒത്തുചേരലുകളും കായിക വിനോദങ്ങളും വീണ്ടും പൊതുജനങ്ങൾക്ക് ആസ്വദിക്കാം. രണ്ട് വീടുകളിലെ താമസക്കാർക്കോ പരമാവധി ആറ് പേരുള്ള ഗ്രൂപ്പുകൾക്കോ ഒത്തുചേരാൻ ഇതോടെ അനുമതിയായി.

“സ്റ്റേ അറ്റ് ഹോം“ ഉത്തരവ് അർദ്ധരാത്രിയിൽ അവസാനിച്ചതോടെ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ബോറിസ് ജോൺസൺ ഓർമ്മിപ്പിച്ചു. യൂറോപ്പിലുടനീളം കേസുകൾ വർദ്ധിച്ചു വരികയാണെന്നും പുതിയ വകഭേദങ്ങൾ വാക്സിനേഷൻ കാമ്പയിന് വെല്ലുവിളി ഉയർത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫുട്ബോൾ, ക്രിക്കറ്റ് പിച്ചുകൾ, ടെന്നീസ്, ബാസ്കറ്റ് ബോൾ കോർട്ടുകൾ, ഔട്ട്ഡോർ നീന്തൽക്കുളങ്ങൾ എന്നിവ വീണ്ടും തുറക്കാം. കൂടാതെ ഗോൾഫ് കോഴ്‌സുകൾക്കും സെയിലിംഗ് ക്ലബ്ബുകൾക്കും വീണ്ടും പ്രവർത്തിച്ചു തുടങ്ങാം. ഓർഗനൈസ്ഡ് ടീം സ്പോർടും വീണ്ടും സജീവമാകും.

“സ്റ്റേ അറ്റ് ഹോം“ എന്നത് “സ്റ്റേ ലോക്കൽ“ എന്നായി മാറുമെങ്കിലും ആളുകൾ കഴിയുന്നത്ര വീട്ടിൽ നിന്ന് ജോലി ചെയ്യുകയും യാത്രകൾ പരമാവധി കുറയ്ക്കുകയും വേണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

ഇളവുകൾ പ്രാബല്യത്തിൽ വരുന്നതുമായി ബന്ധപ്പെട്ട് ഫിറ്റ്‌നെസ് ഡ്രൈവിൽ പങ്കെടുക്കാൻ പൊതുജനങ്ങളോട് ജോൺസൺ ആഹ്വാനം ചെയ്തു. കുട്ടികൾ ഒരു ദിവസം ഒരു മണിക്കൂറും മുതിർന്നവർ കുറഞ്ഞത് 150 മിനി ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുവെന്ന് ഉറപ്പാക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. മഹാമാരിയിൽ നിന്ന് കര കയറുന്ന രാജ്യത്ത് പൊണ്ണത്തടിയും മാനസിക സംഘർഷവും അനുഭവിക്കുന്നവർക്കായി ഒരു പുതിയ വകുപ്പും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

കഴിഞ്ഞ സെപ്റ്റംബർ 14 ന് ശേഷം കോവിഡ് മരണങ്ങളൊന്നും തന്നെ റിപ്പോർട്ട് ചെയ്യാതിരുന്ന ആദ്യ ദിനമായിരുന്നു ലണ്ടനിൽ ഞായറാഴ്ച. 2020 ഏപ്രിലിൽ കൊവിഡ് പ്രതിസന്ധി ഏറ്റവും രൂക്ഷമായ സമയത്ത്, ദൈനംദിന മരണങ്ങളുടെ എണ്ണം ഏകദേശം 230 ആയിരുന്ന സ്ഥാനത്താണ് ഈ നേട്ടം. മഹാമാരി തുടങ്ങിയത് മുതൽ 708,000 പേർ ലണ്ടനിൽ കൊവിഡ് ബാധിതരാകുകയും 18,000 മരണങ്ങൾ രേഖപ്പെടുത്തകയും ചെയ്തതായാണ് കണക്കുകൾ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.