1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 7, 2022

സ്വന്തം ലേഖകൻ: നഴ്‌സുമാര്‍ക്ക്‌ പുറമെ സമരത്തിനിറങ്ങാന്‍ പാരാമെഡിക്കുകളും, എമര്‍ജന്‍സി കെയര്‍ അസിസ്റ്റന്റുമാരും, കോള്‍ ഹാന്‍ഡ്‌ലേഴ്‌സും. ഇതോടെ 30 വര്‍ഷത്തിനിടെ നടക്കുന്ന ഏറ്റവും വലിയ ആംബുലന്‍സ് സമരമാണ് നടക്കുക. ശമ്പളവര്‍ദ്ധനവ് ആവശ്യപ്പെട്ട് ഡിസംബര്‍ 21-ന് സമരത്തിനിറങ്ങാന്‍ ആയിരക്കണക്കിന് ആംബുലന്‍സ് ജോലിക്കാരുടെ തീരുമാനം വന്നു കഴിഞ്ഞു.

പാരാമെഡിക്കുകള്‍, എമര്‍ജന്‍സി കെയര്‍ അസിസ്റ്റന്റുമാര്‍, കോള്‍ ഹാന്‍ഡ്‌ലേഴ്‌സ് എന്നിങ്ങനെയുള്ള വിഭാഗങ്ങളാണ് പണിമുടക്കുന്നത്. ഗവണ്‍മെന്റ് അനുവദിച്ച 4 ശതമാനത്തിന് മുകളില്‍ വര്‍ദ്ധനവാണ് യൂണിയനുകള്‍ ആവശ്യപ്പെടുന്നത്. വീഴ്ച പോലുള്ളവ സംഭവിക്കുന്ന രോഗികള്‍ക്ക് സമരദിനത്തില്‍ ആംബുലന്‍സ് സേവനങ്ങള്‍ ലഭിക്കാനിടയില്ല.

ഇതോടെ ഹൃദയാഘാതവും, സ്‌ട്രോക്ക് ബാധിച്ചതുമായ രോഗികളെ സംരക്ഷിക്കാന്‍ തയ്യാറാകണമെന്ന് ആംബുലന്‍സ് മേധാവികള്‍ യൂണിയനുകളോട് അപേക്ഷിച്ചു. ക്രിസ്മസിന് തൊട്ടുമുന്‍പുള്ള പാരാമെഡിക്കുകളുടെയും, കോള്‍ ഹാന്‍ഡ്‌ലേഴ്‌സിന്റെയും സമരം മൂലം പലരുടെയും ജീവന്‍ അപകടത്തിലാകുമെന്നാണ് എംപിമാര്‍ നല്‍കുന്ന മുന്നറിയിപ്പ്.

ഗുരുതര രോഗബാധിതര്‍ പോലും സ്വയം ആശുപത്രിയിലെത്താന്‍ നിര്‍ബന്ധിതമാകും. 30 വര്‍ഷത്തിനിടെ നടക്കുന്ന ഏറ്റവും വലിയ ആംബുലന്‍സ് സമരമാണിത്. ഇംഗ്ലണ്ടിലും, വെയില്‍സിലുമുള്ള 11 പാരാമെഡിക് സര്‍വ്വീസുകളില്‍ പത്ത് ഇടങ്ങളും ഇതില്‍ പങ്കെടുക്കുന്നുണ്ട്.

ജിഎംബി, യുണൈറ്റ്, യുണീഷന്‍ യൂണിയനുകള്‍ സമരത്തിന് ഇറങ്ങുന്ന കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഡിസംബര്‍ 21ന് ശമ്പളത്തിന്റെ പേരിലുള്ള തര്‍ക്കത്തില്‍ ആയിരക്കണക്കിന് അംഗങ്ങളാണ് പണിമുടക്കുക. ഹൃദയാഘാതവും, സ്‌ട്രോക്കും ബാധിച്ച രോഗികള്‍ സമരത്തില്‍ കുടുങ്ങുമെന്ന് ആശങ്കയുണ്ട്. കൂടാതെ മുന്‍ഗണന ലഭിക്കാത്ത രോഗികള്‍ വേദന സഹിച്ച് ഇരിക്കേണ്ടി വരുമെന്നും ഹെല്‍ത്ത് മേധാവികള്‍ ഭയക്കുന്നു.

ഇംഗ്ലണ്ടിലേയും വെയില്‍സിലേയും ഒന്‍പത് ട്രസ്റ്റുകളിലെ 10,000-ല്‍ അധികം വരുന്ന ആംബുലന്‍സ് തൊഴിലാളികള്‍ പണിമുടക്കും എന്നാണ് ജി എം ബി പറയുന്നത്. പാരാമെഡിക്ക്‌സ്, എമര്‍ജന്‍സി കെയര്‍ അസിസ്റ്റന്റ്‌സ്, കോള്‍ ഹാന്‍ഡ്‌ലര്‍മാര്‍, മറ്റു ജീവനക്കാര്‍ എന്നിവരും ഡിസംബര്‍ 28 ന് പണിമുടക്കുകയാണ്. ഇതില്‍ ആംബുലന്‍സ് തൊഴിലാളികള്‍ ഡിസംബര്‍ 21 നും 28 നും പണിമുടക്കുന്നുണ്ട്.

സൗത്ത് വെസ്റ്റ് ആംബുലന്‍സ് സര്‍വീസ്, സൗത്ത് ഈസ്റ്റ് കോസ്റ്റ് ആംബുലന്‍സ് സര്‍വീസ്, നോര്‍ത്ത് വെസ്റ്റ് ആംബുലന്‍സ് സര്‍വീസ്, സൗത്ത് സെന്‍ട്രല്‍ ആംബുലന്‍സ് സര്‍വീസ്, നോര്‍ത്ത് ഈസ്റ്റ് ആംബുലന്‍സ് സര്‍വ്വീസ്, ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് ആംബുലന്‍സ് സര്‍വ്വീസ്, വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് ആംബുലന്‍സ് സര്‍വ്വീസ്, വെല്‍ഷ് ആംബുലന്‍സ് സര്‍വ്വീസ്, യോര്‍ക്ക്ഷയര്‍ ആംബുലന്‍സ് സര്‍വ്വീസ് എന്നിവയെ ഈ സമരം ബാധിക്കും.

ഡിസംബര്‍ 15 നും 20 നും റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗിലെ 1 ലക്ഷത്തോളം വരുന്ന നഴ്‌സുമാര്‍ പണിമുടക്കുന്നതിനു തൊട്ടുപിന്നാലെയാണ് ഈ സമരം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.