
സ്വന്തം ലേഖകൻ: ഇംഗ്ലീഷ് ചാനലിന് കുറുകെ വീണ്ടും അഭയാർഥി പ്രവാഹം; ഫ്രാൻസിൽ നിന്നും ഒറ്റ ദിവസം യുകെയിൽ എത്തിയത് 1185 പേർ. അതിർത്തിരക്ഷാ സേനയുടെ ബോട്ടുകൾ ഇവരെ പിന്തുടർന്ന് ഡോവറിലെ അഭയാർഥി ക്യാംപുകളിൽ എത്തിച്ചു. 2021ൽ ഇതുവരെ ഇത്തരത്തിൽ ഇരുപത്തി മൂവായിരത്തിലധികം പേർ ഇംഗ്ലീഷ് തീരത്ത് എത്തിക്കഴിഞ്ഞു. കഴിഞ്ഞ വർഷത്തേക്കാൾ 8404 പേരുടെ വർധന.
2019ൽ ഇത്തരത്തിൽ ബ്രിട്ടനിലെത്തിയ 35,737 പേർക്കാണ് അഭയാർഥികളായി അംഗീകാരം ലഭിച്ചത്. 2020ൽ ഇത് 29,815 ആയി. 2021ലെ ആദ്യത്തെ ആറു മാസം തന്നെ അഭയാർഥിയാകാൻ അപേക്ഷ നൽകിയത് 14,670 പേരാണ്. ഫ്രാൻസിന്റെയും ബ്രിട്ടന്റെയും പട്രോളിങ് സംഘങ്ങളുടെ കണ്ണുവെട്ടിച്ചാണ് ദിവസേന ഇത്തരത്തിൽ നൂറുകണക്കിനാളുകൾ കടലിലേക്ക് സാഹസിക യാത്രയ്ക്ക് ഇറങ്ങുന്നത്. സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘങ്ങൾ കൂട്ടത്തോടെ അപകടത്തിൽ പെടുന്നതും നിരവധിപേർ മരിക്കുന്നതും നിത്യസംഭവമാണ്.
ർക്കി, അഫ്ഗാനിസ്ഥാൻ, സിറിയ, ലിബിയ, യെമൻ, എറിത്രിയ, ചാഡ്, ഈജിപ്ത്, സുഡാൻ, ഇറാഖ് തുടങ്ങി കലാപബാധിതവും രാഷ്ട്രീയ കലുഷിതവുമായ രാജ്യങ്ങളില്‍ നിന്നു രക്ഷപ്പെട്ട് ജീവനും കൊണ്ട് പലായനം ചെയ്യുന്നവരാണ് ഇവരിൽ ഭൂരിഭാഗവും. വായു നിറച്ച ചെറിയ പോളിത്തീൻ ബോട്ടുകളിൽ കടൽ കടക്കുകയയെന്ന ആത്മഹത്യാപരമായ വഴി തിരഞ്ഞെടുക്കാൻ ഇവരെ പ്രേരിപ്പിക്കുന്നതും ഇതുതന്നെ.
ഇംഗ്ലീഷ് ചാനൽ കടന്ന് ബ്രിട്ടനിലെത്തിയാൽ ഏതെങ്കിലും കാലത്ത് അഭയാർഥിയായി പരിഗണിക്കപ്പെടും എന്ന പ്രതീക്ഷയാണ് ഇവരുടെ ചാലക ശക്തി. ഇതിനെല്ലാം പുറമേയാണ് ഇത്തരക്കാരുടെ നിസഹായത പരമാവധി മുതലെടുക്കാൻ അരയും തലയും മുറുക്കി രംഗത്തുള്ള മനുഷ്യക്കടത്ത് സംഘങ്ങൾ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല