1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 25, 2021

സ്വന്തം ലേഖകൻ: ഇംഗ്ലീഷ് ചാനൽ മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ അഭയാർഥികൾ സഞ്ചരിച്ച ബോട്ട് മുങ്ങി 27 പേർ മരിച്ചു. ഫ്രാൻസിന്‍റെ വടക്കാൻ തീരമായ കലൈസക്ക് സമീപം ബുധനാഴ്ചയാണ് അഭയാർഥികൾ സഞ്ചരിച്ച ചെറിയ ഡിങ്കി മുങ്ങിയത്. ഫ്രാൻസിനും യു.കെക്കും ഇടയിലുള്ള കടലിടുക്കിൽ ഇത്രയും അധികം ആളുകൾ മുങ്ങിമരിക്കുന്ന ബോട്ടുദുരന്തം ആദ്യമാണ്. കടൽ സാധാരണയിലും ശാന്തമായതിനാലാണ് ചെറിയ ഡിങ്കി ബോട്ടിൽ ഇത്രയും അധികം ആളുകൾ കയറിയതെന്ന് മത്സ്യതൊഴിലാളി പറഞ്ഞു.

കടലിൽ ആളില്ലാത്ത ഡിങ്കിയും മൃതദേഹങ്ങളും ഒഴുകി നടക്കുന്നത് ശ്രദ്ധയിൽപെട്ട മത്സ്യ തൊഴിലാളിയാണ് വിവരം സുരക്ഷ സേനയെ അറിയിച്ചത്. പിന്നാലെ ഫ്രഞ്ച്-ബ്രിട്ടീസ് തീരസേന ഹെലികോപ്ടറുകളിലും ബോട്ടുകളിലും നടത്തിയ സംയുക്ത പരിശോധനയിലാണ് മൃതദേഹം കണ്ടെടുത്തത്.

സംഭവവവുമായി ബന്ധപ്പെട്ട് നാലുപേരെ ഫ്രഞ്ച് പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടുപേരെ ഗുരുതര പരിക്കുകളോടെ രക്ഷപ്പെടുത്തി. മരിച്ചവർ ഏത് രാജ്യക്കാരാണെന്നത് വ്യക്തമല്ല. 2014നു ശേഷം ഇംഗ്ലീഷ് ചാനലിൽ നടക്കുന്ന ഏറ്റവും വലിയ ദുരന്തമാണിതെന്ന് യു.എൻ ഏജൻസിയായ അന്താരാഷ്ട്ര അഭയാർഥി ഓർഗനൈസേഷൻ വ്യക്തമാക്കി. ഫ്രഞ്ച് പ്രധാനമന്ത്രി ജീൻ കാസ്റ്റക്സ് ബോട്ടപകടം ദുരന്തമായി പ്രഖ്യാപിച്ചു.

അപകടത്തിൽ ഞെട്ടൽ രേഖപ്പെടുത്തിയ ബ്രട്ടീഷ് പ്രധാനമന്ത്രി‍ ബോറിസ് ജോൺസൻ, അഭയാർഥികൾ ചാനൽ മുറിച്ചുകടക്കുന്നത് തടയാൻ ഫ്രാൻസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും പറഞ്ഞു. ഈവർഷം 31,500 പേരാണ് ഇംഗ്ലീഷ് ചാനൽ മുറിച്ചുകടക്കാൻ ശ്രമിച്ചത്. ഇതിൽ 7,800 പേരെ കടലിൽനിന്നാണ് രക്ഷപ്പെടുത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.