1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 29, 2023

സ്വന്തം ലേഖകൻ: തുര്‍ക്കി പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗാന് ജയം. സര്‍ക്കാരിന്റെ അനഡോലു ഏജന്‍സിയുടെ അനൗദ്യോഗിക കണക്കുകള്‍ പ്രകാരം എര്‍ദോഗന് 52.1 ശതമാനം വോട്ടുകള്‍ ലഭിച്ചു. അതേസമയം ഔദ്യോഗിക സുപ്രീം തിരഞ്ഞെടുപ്പ് കൗണ്‍സില്‍ ഇതുവരെ ഫലം സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ 10 വര്‍ഷമായി റജബ് തയ്യിബ് എര്‍ദോഗാന്‍ ആണ് തുര്‍ക്കി പ്രസിഡന്റ്.

മെയ് 14 ന് നടന്ന ആദ്യ റൗണ്ടില്‍ എര്‍ദോഗന്‍ 49.52 ശതമാനം വോട്ട് നേടിയിരുന്നു. എതിരാളിയായ കിലിക്ദറോഗ്ലുവിന് 44.88 ശതമാനം വോട്ടും ലഭിച്ചു.എര്‍ദോഗന്റെ ജസ്റ്റിസ് ആന്‍ഡ് ഡെവലപ്മെന്റ് പാര്‍ട്ടിയും സഖ്യകക്ഷികളും 600 അംഗ പാര്‍ലമെന്റില്‍ 323 സീറ്റുകള്‍ നേടിയിരുന്നു. രാജ്യത്ത് 50,000-ത്തിലധികം പേര്‍ കൊല്ലപ്പെട്ട ഭൂകമ്പം ബാധിച്ച പ്രദേശങ്ങളില്‍ എര്‍ദോഗന്‍ ആദ്യ റൗണ്ടില്‍ പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം കാഴ്ചവെച്ചു.

ദുരന്ത സമയത്ത് ദ്രുതഗതിയില്‍ നടപടികള്‍ സ്വീകരിക്കാതിരുന്നതില്‍ എര്‍ദോഗാന്‍ ഭരണകൂടം പരാജയപ്പെട്ടിരുന്ന എന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. തുര്‍ക്കിയുടെ ആഴത്തിലുള്ള സാമ്പത്തിക പ്രതിസന്ധി, കുതിച്ചുയരുന്ന പണപ്പെരുപ്പം, കറന്‍സിയുടെ മൂല്യത്തകര്‍ച്ച, പ്രതിപക്ഷ പ്രചാരണം എന്നിവയെല്ലാം എര്‍ദോഗാന്റെ പ്രസിഡന്റ് സ്ഥാനത്തിന് വെല്ലുവിളി ആയിരുന്നു.

എന്നാല്‍ 2003 മുതല്‍ പ്രധാനമന്ത്രിയും 2014 മുതല്‍ പ്രസിഡന്റുമായ റജബ് തയ്യിബ് എര്‍ദോഗാനെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ അത് പര്യാപ്തമായിരുന്നില്ല. തുര്‍ക്കി റിപ്പബ്ലിക്കിന്റെ ശതാബ്ദി ആഘോഷിക്കുന്ന വര്‍ഷമാണ് ഇത്. അതിനാല്‍ ഈ തിരഞ്ഞെടുപ്പിനും തിരഞ്ഞെടുപ്പ് ഫലത്തിനും വലിയ പ്രാധാന്യമുണ്ട്. പ്രതിപക്ഷത്തിന്റെ കെമാല്‍ കിലിക്ദറോഗ്ലുവിന് ആയിരുന്നു ഈ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ വിജയ സാധ്യത കല്‍പ്പിച്ചിരുന്നത്.

ഏകാധിപത്യ രീതികളാണ് റജബ് തയ്യിബ് എര്‍ദോഗന്റേത് എന്ന വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനിടയില്‍ നിന്നാണ് തുടര്‍ച്ചയായ മൂന്നാം വട്ടവും പ്രസിഡന്റ് സ്ഥാനത്തേക്ക് റജബ് തയ്യിബ് എര്‍ദോഗാന്‍ തിരഞ്ഞെടുക്കപ്പെടുന്നത്. തനിക്ക് വേണ്ടി വോട്ട് ചെയ്യുന്നത് രാജ്യത്തിന്റെ സ്ഥിരതയ്ക്ക് വേണ്ടി വോട്ട് ചെയ്യുന്നത് പോലെയാണെന്ന് എര്‍ദോഗന്‍ പ്രചാരണത്തില്‍ പറഞ്ഞിരുന്നത്.

അതേസമയം അധികാരത്തില്‍ എത്തിയാലും റജബ് തയ്യിബ് എര്‍ദോഗാന്റെ ഭരണരീതി വീണ്ടും വിമര്‍ശിക്കപ്പെടും. നിലവില്‍ തുര്‍ക്കിയുടെ കറന്‍സി ഡോളറിനെതിരെ സര്‍വകാല തകര്‍ച്ചയിലാണ്. യൂറോപ്പ്യന്‍ യൂണിയനെയും, അമേരിക്കയെയുമെല്ലാം അവര്‍ തള്ളിയിരിക്കുന്ന തുര്‍ക്കി റഷ്യയും, ഗള്‍ഫ് രാജ്യങ്ങളുമായിട്ടാണ് ബന്ധം പുലര്‍ത്തുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.