1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 19, 2019

സ്വന്തം ലേഖകൻ: സംസ്ഥാനത്തെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ ഒരുമാസം നീണ്ട പരസ്യപ്രചാരണത്തിന് ഇന്ന് പരിസമാപ്തി. ഞായറാഴ്ച നിശബ്ദ പ്രചാരണവും തിങ്കളാഴ്ച വോട്ടെടുപ്പുമാണ്. അസാനഘട്ടത്തിലും വോട്ടുറപ്പിക്കാനുള്ള തിരക്കിലാണ് സ്ഥാനാര്‍ഥികള്‍. വൈകീട്ട് ആറ് മണി വരെയാണ് പരസ്യപ്രചാരണം അനുവദിച്ചിരിക്കുന്നത്. അരൂരിലും എറണാകുളത്തും ഇടത് വലത് മുന്നണികള്‍ ഇഞ്ചോടിഞ്ച് പോരാടുമ്പോള്‍ വട്ടിയൂര്‍ക്കാവ്, മഞ്ചേശ്വരം,കോന്നി എന്നിവിടങ്ങളില്‍ ശക്തമായ ത്രികോണ മത്സരമാണ് പ്രതീക്ഷിക്കുന്നത്.

കൊട്ടിക്കലാശത്തില്‍ സംഘര്‍ഷ സാധ്യത മുന്നില്‍ക്കണ്ട് പോലീസ് എല്ലായിടങ്ങളിലും മുന്‍കരുതലെടുത്തിട്ടുണ്ട്. കൊട്ടിക്കലാശം നടക്കുന്ന പ്രധാന സ്ഥലങ്ങളിലെല്ലാം മുന്നണികള്‍ക്ക്‌സ്ഥലം വീതിച്ച് നല്‍കും. കുമ്പള, ഉപ്പള, ഹൊസങ്കടി എന്നിവിടങ്ങളിലാണ് പ്രധാനമായും മഞ്ചേശ്വരം മണ്ഡലത്തില്‍ കൊട്ടിക്കലാശം നടക്കുക.

വട്ടിയൂര്‍ക്കാവില്‍ പേരൂര്‍ക്കടയാണ് ഇത്തവണയും കൊട്ടിക്കലാശത്തിന്റെ പ്രധാനകേന്ദ്രം. ഉച്ചയ്ക്ക് രണ്ടു മണിമുതല്‍ പ്രവര്‍ത്തകര്‍ ഇവിടേക്ക് എത്തിത്തുടങ്ങും. ബാന്‍ഡ് മേളം, ശിങ്കാരിമേളം, ബൈക്ക് റാലി, ഘോഷയാത്ര തുടങ്ങിയവയാണ് മുന്നണി പ്രവര്‍ത്തകര്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. പേരൂര്‍ക്കടയില്‍ മാത്രമാണ് യു.ഡി.എഫ്. കൊട്ടിക്കലാശം നടത്തുകയെന്ന് നേതാക്കള്‍ പറയുന്നു. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനായി മറ്റിടങ്ങളില്‍ കൊട്ടിക്കലാശം ഒഴിവാക്കാനാണ് തീരുമാനമെന്നും അവര്‍ പറയുന്നു.

പേരൂര്‍ക്കടയ്ക്ക് പുറമേ മറ്റ് ചെറിയ ജങ്ഷനുകളിലും കൊട്ടിക്കലാശം നടത്തുമെന്ന് എല്‍.ഡി.എഫ്. നേതൃത്വം പറഞ്ഞു. പേരൂര്‍ക്കടയ്ക്ക് പുറമേ വലിയവിള, കേശവദാസപുരം, വട്ടിയൂര്‍ക്കാവ് എന്നിവിടങ്ങളില്‍ കൊട്ടിക്കലാശം നടത്തുമെന്ന് എന്‍.ഡി.എ. നേതൃത്വം പറയുന്നു. എറണാകുളത്ത് യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ടി.ജെ. വിനോദിന്റെ പ്രചാരണ സമാപനം അഞ്ചു മണിക്ക് മണപ്പാട്ടിപ്പറമ്പില്‍നിന്ന് ആരംഭിക്കും. വാദ്യമേളങ്ങളുടെ അകമ്പടിയോടെ പ്രവര്‍ത്തകര്‍ ടൗണ്‍ഹാളിനു മുന്നിലെത്തി അവിടെ കൊട്ടിക്കലാശം നടത്തും.

എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി മനു റോയിയുടെ കലാശക്കൊട്ട് കലൂര്‍ ബസ് സ്റ്റാന്‍ഡില്‍ നടക്കും. കൊട്ടിക്കലാശത്തിന്റെ ഭാഗമായുള്ള റോഡ് ഷോ ഉച്ചയ്ക്ക് 1.30-ന് വാത്തുരുത്തിയില്‍നിന്ന് ആരംഭിക്കും. മുന്‍ എം.പി.യും നടനുമായ ഇന്നസെന്റ് റോഡ് ഷോ ഉദ്ഘാടനം ചെയ്യും. അഞ്ചു മണിയോടെ കലൂര്‍ ബസ് സ്റ്റാന്‍ഡില്‍ എത്തി കൊട്ടിക്കലാശം നടത്തും. എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി സി.ജി. രാജഗോപാലിന്റെ പ്രചാരണ സമാപനം പള്ളിമുക്കിലെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍നിന്ന് തുടങ്ങും. മാധവ ഫാര്‍മസി ജങ്ഷനിലെത്തി കൊട്ടിക്കലാശം നടത്തും.

കോന്നിയിലെ കൊട്ടിക്കലാശത്തിന് കോന്നി കവലയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നിശ്ചിത സ്ഥലം അനുവദിച്ചു. പോസ്റ്റോഫീസ് റോഡില്‍ ബി.ജെ.പി.യും ആനക്കൂട് റോഡില്‍ യു.ഡി.എഫും ചന്തക്കവല റോഡില്‍ എല്‍.ഡി.എഫും അണിനിരക്കണമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. മഞ്ചേശ്വരത്ത് കൊട്ടിക്കലാശം പ്രധാനമായും കുമ്പള, ഉപ്പള, ഹൊസങ്കടി എന്നിവിടങ്ങളിലാണ്. മൂന്ന് മുന്നണികള്‍ക്കും പ്രത്യേകം സ്ഥലം നിശ്ചയിച്ചു നല്‍കിയാണ് പോലീസ് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.