1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 17, 2020

സ്വന്തം ലേഖകൻ: അരികുകളിൽ തീനാമ്പുകൾ ജ്വലിക്കുന്ന സൂര്യന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ നാസ വ്യാഴാഴ്ച പ്രസിദ്ധീകരിച്ചു. സൂര്യന്റെ ഇതുവരെയുള്ളതിൽ ഏറ്റവും സമീപത്തുനിന്ന് യൂറോപ്യൻ സ്പെയ്സ് ഏജൻസിയും നാസയും പകർത്തിയ ചിത്രങ്ങളാണിവ.

യൂറോപ്യൻ സ്പെയ്സ് ഏജൻസി ഫെബ്രുവരിയിൽ കേപ് കാനാവെറലിൽനിന്ന് വിക്ഷേപിച്ച സോളാർ ഓർബിറ്റ് പകർത്തിയ ആദ്യ ചിത്രങ്ങളാണിവ. സൂര്യനിൽനിന്ന് 4.8 കോടി മൈലുകൾ(7.7 കോടി കിലോ മീറ്റർ)അകലെയാണ് ഓർബിറ്ററിന്റെ സ്ഥാനം-ഏകദേശം ഭൂമിയ്ക്കും സൂര്യനും ഇടയിലുള്ള ദൂരത്തിന്റെ നേർപകുതിയിലാണിത്.

സോളാർ ഓർബിറ്ററിന് കുറച്ച് കൂടി മുകളിലായാണ് നാസയുടെ പാർക്കർ സോളാർ പ്രോബ് ചലിച്ചുകൊണ്ടിരിക്കുന്നത്. സൂര്യനിൽ നിന്ന് അപകടരഹിതമായ വിധത്തിൽ ചിത്രങ്ങൾ പകർത്താൻ സാധിക്കുന്ന തരത്തിലുള്ള ക്യാമറയാണ് ഇതിൽ ഘടിപ്പിച്ചിട്ടുള്ളത്. ജൂൺ മാസത്തിൽ പകർത്തിയ ഹൈ റെസല്യൂഷൻ ചിത്രങ്ങളാണ് നാസ ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

നമ്മൾ കണ്ടു പരിചയിച്ച അരുണവർണത്തിന് പകരം മഞ്ഞ, ചാരനിറങ്ങളുള്ള ജ്വാലകളാണ് സൂര്യന് ഈ ചിത്രങ്ങളിൽ. ചെറിയ ചെറിയ തീനാമ്പുകളെ കുറിച്ച് ഗവേഷണത്തിനൊരുങ്ങുകയാണ് ശാസ്ത്രജ്ഞർ. തീരെ ചെറിയ തീനാമ്പുകൾക്ക് പുതിയ വിശദീകരണം തേടുകയാണെന്ന് യൂറോപ്യൻ സ്പെയ്സ് ഏജൻസിയിലെ ശാസ്ത്രജ്ഞനായ ഡാനിയൽ മുള്ളർ പറഞ്ഞു.

സൗരോപരിതലത്തിലെ താപനില കണക്കുകൂട്ടിയതിനേക്കാള്‍ നൂറ് മടങ്ങധികമാണെന്ന് മുള്ളർ പറഞ്ഞു. സൂര്യഗോളത്തിന്റെ അരികുകളിൽ കാണുന്ന ജ്വാലകൾ സൂര്യന്റെ ഉള്‍ക്കാമ്പിലേക്കാണ് നീളുന്നതെന്നും ഇത് ഉള്ളിലെ ഊഷ്മാവ് കൂട്ടാനിടയാക്കാമെന്നും മുള്ളർ കൂട്ടിച്ചേർത്തു.

സൗരോപരിതലത്തിലെല്ലായിടത്തും ഈ ജ്വാലകൾ കാണാൻ സാധിക്കുന്നുണ്ടെന്നും ചെറുസ്ഫോടനങ്ങളോ ചെറുജ്വാലകളോ ആവാം ഇവയെന്ന് ബെൽജിയം റോയൽ ഒബ്സർവേറ്ററിയിലെ മുഖ്യശാസ്ത്രജ്ഞനായ ഡേവിഡ് ബെർഗ്മാൻ അഭിപ്രായപ്പെട്ടു. സോളാർ ഓർബിറ്റർ രണ്ട് കൊല്ലത്തിനകം സൂര്യനോട് കൂടുതൽ അടുക്കുമെന്നും അതോടെ സൂര്യനെ കുറിച്ച് നിലനിൽക്കുന്ന സംശയങ്ങൾ കൂടുതൽ ചുരുളഴിയുമെന്നുമാണ് ശാസ്ത്രലോകം കരുതുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.