
സ്വന്തം ലേഖകൻ: ഇത്തിഹാദ് എയർവേയ്‌സിൽ പതിവായി യാത്ര ചെയ്യുന്നവർക്ക് വേൾഡ്പാസ് പുറത്തിറക്കി. വാർഷിക പാസ് ഉടമകൾക്കു യാത്ര എളുപ്പത്തിലും വേഗത്തിലും പുനഃക്രമീകരിക്കാം. ഇന്ത്യ, പാക്കിസ്ഥാൻ, യുകെ, അയർലൻഡ്, ജിസിസി രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കു പതിവായി യാത്ര ചെയ്യുന്നവർക്ക് ഗുണകരമാണ് ഇത്തിഹാദ് വേൾഡ് പാസ്. ബിസിനസ്, ഇക്കണോമി ക്ലാസുകളിൽ 6 മുതൽ 40 വരെ സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാം. വേൾഡ്പാസ് ഉടമകൾക്ക് പരിധിയില്ലാത്ത സൗജന്യ റീബുക്കിങും റദ്ദാക്കലും നടത്താമെന്ന് അധികൃതർ അറിയിച്ചു.
അതിനിടെ യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ പരിശോധനകളിൽ 200 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം റിപ്പോർട്ടുചെയ്തു. 3,37,670 പി.സി.ആർ. പരിശോധനകളിൽനിന്നാണ് രോഗബാധിതരെ കണ്ടെത്തിയത്. 119 പേർ സുഖം പ്രാപിച്ചു. ആകെ മരണം 2151 ആണ്. ഇതുവരെ വൈറസ് സ്ഥിരീകരിച്ച 7,43,352 പേരിൽ 7,38,260 പേർ സുഖം പ്രാപിച്ചു.
പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിലുണ്ടായ നേരിയ വർധനയുടെ പശ്ചാത്തലത്തിൽ അബുദാബിയിലെ പ്രധാന കേന്ദ്രങ്ങളിലെ പ്രവേശനകവാടങ്ങളിൽ നൂതന ഇ.ഡി.ഇ. സ്കാനറുകൾ ഞായറാഴ്ചമുതൽ നിരീക്ഷണമാരംഭിക്കും. ആളുകളുടെ സ്വകാര്യവിവരങ്ങൾ ശേഖരിക്കാതെതന്നെ സ്കാനിങ്ങിലൂടെ കോവിഡ് ബാധ തിരിച്ചറിയുകയും തുടർനടപടികൾ നിർദേശിക്കുകയും ചെയ്യുന്ന രീതിയാണിത്.
മറ്റ് എമിറേറ്റുകളിൽനിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുന്ന കേന്ദ്രങ്ങളിലെല്ലാം സ്കാനറുകൾ പ്രവർത്തനമാരംഭിക്കും. സെൻസറുമായി ബന്ധിപ്പിച്ച മൊബൈൽ ഫോണിലൂടെ മനുഷ്യശരീരത്തിലെ വൈദ്യുതകാന്തിക തരംഗങ്ങങ്ങളുടെ വ്യതിയാനം രേഖപ്പെടുത്തിയാണ് സ്കാനർ കോവിഡ് നിരീക്ഷണം നടത്തുക.
സ്കാനർ സ്ക്രീനിൽ പച്ചനിറം തെളിഞ്ഞാൽ പരിശോധനയ്ക്ക് വിധേയമായ വ്യക്തി ആരോഗ്യവാനാണെന്ന് ഉറപ്പാക്കാം. എന്നാൽ ചുവപ്പ് നിറമാണ് തെളിയുന്നതെങ്കിൽ കോവിഡ് സാധ്യതാപട്ടികയിലേക്ക് നീങ്ങും. ചുവപ്പ് ഫലം ലഭിച്ചയാളെ ഉടൻതന്നെ അടുത്തുള്ള ആന്റിജൻ പരിശോധനാ കേന്ദ്രത്തിലേക്ക് അയയ്ക്കുകയും സ്രവം ശേഖരിക്കുകയും ചെയ്യും. 20 മിനിറ്റിനകംതന്നെ ഫലം ലഭിക്കുന്ന ഈ പരിശോധന സൗജന്യമാണ്.
അബുദാബിയിലേക്ക് വരുന്ന താമസക്കാരനായ ഒരാളുടെ ആന്റിജൻ പരിശോധനാഫലം പോസിറ്റീവ് ആണെങ്കിൽ അബുദാബി ആരോഗ്യ വകുപ്പ് നിഷ്കർഷിക്കുന്ന കോവിഡ് നടപടിക്രമങ്ങൾക്ക് വിധേയമാകണം. കോവിഡ് ബാൻഡ് ധരിച്ച് ഐസൊലേഷനിൽ പ്രവേശിക്കണം. മറ്റ് എമിറേറ്റുകളിലെ താമസക്കാരാണെങ്കിൽ തിരിച്ചയയ്ക്കുകയും ചെയ്യും. സ്കാനറുകളിൽ വ്യക്തികളുടെ ഫോട്ടോയോ മറ്റ് വിവരങ്ങളോ രേഖപ്പെടുത്തുകയില്ല. അൽ ഹൊസൻ ആപ്പിൽ ഗ്രീൻ പാസ് ലഭിച്ചവരാണെങ്കിലും അബുദാബിയിലേക്ക് പ്രവേശിക്കുമ്പോൾ നിർബന്ധമായും ഇ.ഡി.ഇ. സ്നാനിങ്ങിന് വിധേയമാകണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല