
സ്വന്തം ലേഖകൻ: യൂറോപ്പിൽ 12നും 15നും ഇടയിൽ പ്രായമുള്ളവർക്കു ഫൈസർ നിർമിത വാക്സീൻ നൽകാൻ അനുമതി. 16 വയസ്സു മുതലുള്ള കൗമാരക്കാർക്ക് ഫൈസർ കോവിഡ് വാക്സിൻ കുത്തിവെപ്പിന് നേരത്തെ അനുമതി നൽകിയ യൂറോപ്യൻ യൂനിയൻ പുതുതായി 12-15 വയസ്സുകാർക്ക് കൂടി കുത്തിവെപ്പ് ബാധകമാക്കി.
കുട്ടികളിൽ ഇത് പാർശ്വഫലങ്ങളുണ്ടാക്കുന്നില്ലെന്നും ആശങ്കക്ക് വകയില്ലെന്നും യൂറോപ്യൻ മെഡിസിൻസ് ഏജൻസി അറിയിച്ചു. കുട്ടികൾക്ക് കൂടി വാക്സിൻ നൽകൽ മഹാമാരിക്കെതിരായ പോരാട്ടത്തിൽ ആവശ്യമാണെന്ന് ഏജൻസി വാക്സിൻ വിഭാഗം മേധാവി മാർകോ കവലേരി പറഞ്ഞു.
യു.എസും കനഡയും നേരത്തെ ഫൈസർ വാക്സിൻ കുട്ടികളിൽ അനുമതി നൽകിയിരുന്നു. ഈ പ്രായക്കാർക്ക് രണ്ടു ഡോസ് വാക്സിനാണ് ആവശ്യം. ചുരുങ്ങിയത് രണ്ടാഴ്ച ഇടവേളയിലാണ് ഇത് കുത്തിവെക്കേണ്ടത്. ഓരോ രാജ്യത്തിനും ഇനി വിഷയത്തിൽ തീരുമാനമെടുക്കാമെന്നും ഏജൻസി അറിയിച്ചു. ജർമനി കഴിഞ്ഞ ദിവസം കുട്ടികൾക്ക് വാക്സിൻ നൽകാൻ തീരുമാനമെടുത്തിരുന്നു. ഇറ്റലിയും നടപടികൾ ആരംഭിച്ചിട്ടുണ്ട്.
കുട്ടികളിൽ കോവിഡ് അത്രമേൽ ഗുരുതരമായി ബാധിക്കുന്ന സംഭവങ്ങൾ കുറവാണ്. പലരിലും അടയാളം പോലും കാണാതെയാണ് വൈറസ് ബാധ വന്നുപോകുന്നത്. 2,260 കുട്ടികളിൽ പരീക്ഷണം നടത്തിയതിൽ 100 ശതമാനവും വിജയമാണെന്ന് നേരത്തെ ഫൈസർ വ്യക്തമാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല