1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 29, 2017

സ്വന്തം ലേഖകന്‍: അഭയാര്‍ഥി വിഷയത്തില്‍ ജര്‍മനിയുടെ തുറന്ന വാതില്‍ നയത്തിന്റെ കടയ്ക്കല്‍ കത്തിവച്ച് യൂറോപ്യന്‍ യൂണിയന്‍ കോടതി വിധി, ഇയു രാജ്യങ്ങള്‍ക്ക് അഭയാര്‍ഥികളെ നാടുകടത്താന്‍ അധികാരം. അഭയാര്‍ഥികളെ നാടുകടത്താന്‍ യൂറോപ്യന്‍ യൂണിയന്‍ കോടതി ഇയു രാജ്യങ്ങള്‍ക്ക് അനുമതി നല്‍കിയ വിധി ദൂര വ്യാപകമായ ഫലങ്ങള്‍ ഉളവാക്കുന്നതാണെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.

ആദ്യമായെത്തിയ രാജ്യത്തല്ല അഭയാര്‍ഥിത്വത്തിന് അപേക്ഷിക്കുന്നതെങ്കില്‍ അവരെ നാടുകടത്താമെന്ന് നിയമമുള്ളതാണ്. പ്രത്യേക സാഹചര്യങ്ങളില്‍ ആണെങ്കില്‍ പോലും ഈ നിയമത്തില്‍ ഇളവ് അനുവദിക്കണമെന്നു നിര്‍ബന്ധമില്ലെന്നും കോടതി വ്യക്തമാക്കി. ഓസ്ട്രിയയാണ് ഇക്കാര്യം ഉന്നയിച്ച് ഇയു കോടതിയെ സമീപിച്ചത്.

ആംഗല മെര്‍ക്കലിന്റേയും ജര്‍മനിയുടേയും അഭയാര്‍ഥികളോടുള്ള തുറന്ന വാതില്‍ നയത്തിന് കനത്ത തിരിച്ചടിയാണ് കോടതിവിധി. പുതിയ വിധിയുടെ പശ്ചാത്തലത്തില്‍ നൂറുകണക്കിന് അഭയാര്‍ഥികള്‍ ഇയു രാജ്യങ്ങളില്‍ നിന്നു നാടുകടത്തപ്പെടാന്‍ സാധ്യതയുണ്ട്. ക്രൊയേഷ്യയില്‍നിന്ന് ഓസ്ട്രിയയിലെത്തിയ രണ്ട് അഫ്ഗാന്‍ കുടുംബങ്ങളുടെയും ഒരു സിറിയക്കാരന്റെയും കാര്യത്തില്‍ മാത്രമാണ് ഇപ്പോഴത്തെ വിധിയെങ്കിലും ഇത് എല്ലാവര്‍ക്കും ബാധകമാകും.

ആദ്യമെത്തിയത് ക്രൊയേഷ്യയിലായതിനാല്‍ അവര്‍ അവിടെയായിരുന്നു അഭയാര്‍ഥിത്വത്തിന് അപേക്ഷിക്കേണ്ടിയിരുന്നതെന്നും, അതു ചെയ്യാത്തതിനാല്‍ നാടുകടത്താം എന്നുമാണ് കോടതി വ്യക്തമാക്കിയത്. ക്രൊയേഷ്യയിലേക്കാണ് ഇവരെ തിരിച്ചയയ്‌ക്കേണ്ടത്. തുടര്‍ന്നുള്ള കാര്യങ്ങള്‍ ക്രൊയേഷ്യയ്ക്കു തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി. ഇതനുസരിച്ച് കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ തങ്ങളുടെ രാജ്യത്തെത്തിയ ഏത് അഭയാര്‍ഥിയേയും ഇയു രാജ്യങ്ങള്‍ക്ക് അവര്‍ ആദ്യം എത്തിയ രാജ്യത്തേക്ക് നാടുകടത്താം.

തുറന്ന വാതില്‍ നയത്തിന് ജര്‍മനിയില്‍ തന്നെ ശക്തമായ എതിര്‍പ്പുകള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ആംഗല മെര്‍ക്കല്‍ സര്‍ക്കാര്‍ നയം മയപ്പെടുത്തിയിരുന്നു. നേരത്തെ തുറന്ന വാതില്‍ നയം ഉപയോഗപ്പെടുത്തി ആയിരക്കണക്കിന് അഭയാര്‍ഥികളാണ് ജര്‍മനിയിലേക്ക് ഒഴുകിയെത്തിയത്. പുതിയ കോടതി വിധി പ്രകാരം സിറിയ, ലിബിയ, ഇറാക്ക്, അഫ്ഗാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്കു മുന്നില്‍ യൂറോപ്പിന്റെ വാതില്‍ എന്നന്നേക്കുമായി അടയുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.