
സ്വന്തം ലേഖകൻ: യാത്രക്കായി കോവിഡ് വാക്സിനുകളുടെ കാലാവധി ഒമ്പത് മാസമായി നിശ്ചയിക്കാൻ യൂറോപ്യൻ യൂനിയൻ ഒരുങ്ങുന്നു. യാത്രക്കായി എല്ലാ മുതിർന്നവർക്കും വാക്സിൻ ബൂസ്റ്ററുകൾ പരിഗണിക്കണമെന്ന് യൂറോപ്യൻ സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കൺട്രോൾ (ഇ.സി.ഡി.സി) നിർദേശിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം.
പുതിയ ആഭ്യന്തര യൂറോപ്യൻ യൂനിയൻ യാത്രാ മാനദണ്ഡങ്ങൾ തയാറാക്കുമെന്ന് ഇ.യു ജസ്റ്റിസ് കമീഷണർ ദിദിയർ റെയ്ൻഡേഴ്സ് പറഞ്ഞു. വ്യക്തികളുടെ വാക്സിനേഷൻ, രോഗത്തിൽനിന്ന് മുക്തി നേടിയതിന്റെ നില, യാത്ര ചെയ്യുന്ന രാജ്യങ്ങളിലെ കോവിഡ് കേസുകളുടെ നില എന്നിവ ഇതിൽ ഉൾപ്പെടുത്തും. നിർദ്ദിഷ്ട മാനദണ്ഡങ്ങളിൽ വാക്സിൻ സർട്ടിഫിക്കറ്റുകളുടെ സാധുതക്കായി സമയ പരിധി നിശ്ചയിക്കും. യൂറോപ്പിലേക്കുള്ള യാത്രക്ക് ബൂസ്റ്റർ ഷോട്ടുകൾ പ്രധാന കാര്യമാക്കുകയും ചെയ്യും.
അതേസമയം, ബൂസ്റ്റർ ഷോട്ട് സർട്ടിഫിക്കറ്റുകൾക്ക് സമയപരിധി നിർദ്ദേശിക്കാൻ യൂറോപ്യൻ യൂനിയൻ ഇതുവരെ തയറായിട്ടില്ല. യൂറോപ്യൻ യൂനിയൻ ഡിജിറ്റൽ സർട്ടിഫിക്കറ്റിലെ മാനദണ്ഡങ്ങൾ അടുത്ത വേനൽക്കാലത്തിനപ്പുറത്തേക്ക് നീട്ടാനും കമീഷൻ ആഗ്രഹിക്കുന്നു. ആറിനും 17നും ഇടയിൽ പ്രായമുള്ള കുട്ടികൾ വാക്സിനേഷൻ എടുത്തിട്ടില്ലെങ്കിൽപ്പോലും, നെഗറ്റീവ് പി.സി.ആർ ടെസ്റ്റുമായി യൂറോപ്യൻ യൂനിയൻ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ സാധിക്കും. എന്നാൽ, ഇവർക്ക് രാജ്യത്ത് എത്തിയശേഷം കോവിഡ് ടെസ്റ്റ്, ക്വാറന്റീൻ എന്നിവ വേണ്ടിവരും.
അതിനിടെ അഞ്ചു മുതൽ 11 വയസ്സു വരെയുള്ള കുട്ടികൾക്ക് ഫൈസർ കോവിഡ് വാക്സിൻ നൽകുന്നതിന് യൂറോപ്യൻ യൂനിയൻ ഡ്രഗ് റെഗുലേറ്റർ അനുമതി നൽകി. കോവിഡിെൻറ പുതിയ തരംഗത്തിൽ പതറിയ യൂറോപ്യൻ രാജ്യങ്ങളിലെ ലക്ഷക്കണക്കിന് സ്കൂൾ വിദ്യാർഥികൾക്ക് ഇതോടെ കോവിഡ് വാക്സിൻ നൽകും.
കുട്ടികളിൽ കോവിഡ് വാക്സിന് ആദ്യമായാണ് യൂറോപ്യൻ മരുന്ന് ഏജൻസി അനുമതി നൽകുന്നത്. 2000 കുട്ടികളിൽ വാക്സിൻ നൽകി പരീക്ഷണം നടത്തിയപ്പോൾ കോവിഡ് തടയുന്നതിൽ 90 ശതമാനം ഫലപ്രദമാണെന്ന് ഏജൻസി കണ്ടെത്തി.
മരുന്ന് കുത്തിവെക്കുേമ്പാൾ അനുഭവപ്പെടുന്ന വേദന, തലവേദന, പേശിവേദന എന്നിവയാണ് പല കുട്ടികളിലുമുണ്ടായ പാർശ്വഫലം. ഓസ്ട്രിയൻ തലസ്ഥാനമായ വിയനയിൽ അഞ്ചിനും 11നുമിടെ പ്രായമുള്ള കുട്ടികൾക്ക് വാക്സിൻ നൽകിത്തുടങ്ങി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല