1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 29, 2023

സ്വന്തം ലേഖകൻ: യൂറോപ്യന്‍ യൂണിയന്‍ ചരിത്രത്തിലാദ്യമായി ഇന്ത്യയിലേക്ക് മിലിറ്ററി അറ്റാഷെയെ നിയമിക്കുന്നു. പ്രതിരോധ, സുരക്ഷാ മേഖലകളില്‍ ഇന്ത്യയുമായുള്ള സഹകരണം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. 2021ല്‍ പ്രഖ്യാപിച്ച ഇന്ത്യ പസഫിക് സ്ട്രാറ്റജിക്കും ഈ തീരുമാനം കരുത്ത് പകരും. സാങ്കേതിക തീരുമാനത്തിനപ്പുറം, ദക്ഷിണേഷ്യന്‍ മേഖലയിലെ ഇന്ത്യയുടെ വര്‍ധിച്ച സ്വാധീനത്തിനുള്ള ആഗോള രാഷ്ട്രീയ അംഗീകാരം കൂടിയായാണ് യൂറോപ്യന്‍ യൂണിയന്‍റെ തീരുമാനം വിലയിരുത്തപ്പെടുന്നത്.

യൂറോപ്യന്‍ യൂണിയന്‍റെ ഇന്ത്യയിലെ അംബാസഡര്‍ ഹെര്‍വി ഡെല്‍ഫിനാണ് അറ്റാഷെയെ നിയമിക്കുന്ന വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. സംഘത്തിലെ അംഗങ്ങളുടെ നിയമനം അടുത്ത മാസത്തോടെ പൂര്‍ത്തിയാകുമെന്ന് അദ്ദേഹം അറിയിച്ചു. യൂറോപ്യന്‍ യൂണിയന്‍ ഇപ്പോള്‍ സാമ്പത്തിക കൂട്ടായ്മ മാത്രമല്ലെന്നും ഡെല്‍ഫിന്‍ കൂട്ടിച്ചേര്‍ത്തു. റഷ്യ – യുക്രെയ്ന്‍ പ്രശ്നത്തില്‍ ലോകത്തിനതു ബോധ്യപ്പെട്ടിട്ടുണ്ട്. ആഗോള സുരക്ഷയുടെ കാര്യത്തില്‍ യൂറോപ്യന്‍ യൂണിയന് വലിയ പങ്ക് വഹിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ, റഷ്യ യുക്രെയ്നില്‍ അധിനിവേശം നടത്തിയ സമയത്ത് ഇന്ത്യ സ്വീകരിച്ച നിലപാട് പാശ്ചാത്യ ലോകത്തിന് അനുകൂലമായിരുന്നില്ലെങ്കിലും, അതിനു പിന്നിലുള്ള യുക്തി യൂറോപ്യന്‍ യൂണിയന്‍ അംഗീകരിച്ചിരുന്നു. യൂറോപ്പിന്‍റെ പ്രശ്നങ്ങളെല്ലാം ലോകത്തിന്‍റെയാകെ പ്രശ്നമായി കണക്കാക്കിയിരുന്ന കാലം കഴിഞ്ഞുപോയെന്ന നിലപാടാണ് ഇന്ത്യ അന്നു സ്വീകരിച്ചത്. സ്വന്തം മേഖലയിലെ മറ്റു താത്പര്യങ്ങള്‍ കൂടി ഇന്ത്യക്ക് സംരക്ഷിക്കേണ്ടതുണ്ടെന്നും, മുന്‍പ് അത്തരം പ്രതിസന്ധി ഘട്ടങ്ങളില്‍ യുഎസും യൂറോപ്പും അടക്കമുള്ള പാശ്ചാത്യ മേഖലയുടെ പിന്തുണ ഇവിടെ ലഭിച്ചിട്ടില്ലെന്നും ഇന്ത്യ അന്നു തുറന്നടിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.