
സ്വന്തം ലേഖകൻ: സ്ഥിതിഗതികള്‍ വിലയിരുത്താന്‍ യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങളുടെ പ്രതിനിധി സംഘം ഇന്ന് ജമ്മു കശ്മീർ ന്ദര്‍ശിക്കും. 27 അംഗ പ്രതിനിധി സംഘമാണ് കശ്മീര്‍ സന്ദര്‍ശിക്കുക. സന്ദര്‍ശനത്തിന് മുന്നോടിയായി പ്രതിനിധി സംഘം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും കൂടിക്കാഴ്ച നടത്തി.
ഇന്ത്യയിലെത്തിയ യൂറോപ്യൻ യൂണിയൻ പ്രതിനിധികൾക്ക് തിങ്കളാഴ്ച ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ നൽകിയ വിരുന്നിൽ ജമ്മു കശ്മീരിൽനിന്നുള്ള മൂന്നു നേതാക്കളുമുണ്ടായിരുന്നു. കശ്മീർ മുൻ ഉപമുഖ്യമന്ത്രിയും പിഡിപി നേതാവുമായ മുസാഫർ ബേഗ്, കോൺഗ്രസ് നേതാവ് ഉസ്മാൻ മജീദ്, മുൻ പിഡിപി നേതാവ് അൽത്താഫ് ബുഖാരി എന്നിവരാണ് വിരുന്നിൽ പങ്കെടുത്തത്.
പ്രധാനമന്ത്രിയാണ് പ്രതിനിധി സംഘത്തെ ജമ്മു കശ്മീര്‍ സന്ദര്‍ശനത്തിനായി ക്ഷണിച്ചത്. പ്രത്യക പദവി റദ്ദാക്കിയശേഷം കശ്മീരിലെ സ്ഥിതിഗതികള്‍ സാധാരണനിലയിലാണെന്ന് ആഗോളസമൂഹത്തെ ബോധ്യപ്പെടുത്താനാണ് പ്രതിനിധി സംഘത്തെ പ്രധാനമന്ത്രി ക്ഷണിച്ചത്.
ജമ്മു കശ്മീരിനു പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയിലെ 370–ാം വകുപ്പ് ഓഗസ്റ്റ് 30നാണ് കേന്ദ്രസർക്കാർ റദ്ദാക്കിയത്. ഇതിനു മുന്നോടിയായി കശ്മീരിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളെയെല്ലാം വീട്ടുതടങ്കലിലാക്കിയിരുന്നു. മുൻ മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തി, ഫാറൂഖ് അബ്ദുള്ള, ഒമർ അബ്ദുള്ള തുടങ്ങിയ നിരവധി നേതാക്കൾ ഇപ്പോഴും തടങ്കലിലാണ്.
370–ാം വകുപ്പ് റദ്ദാക്കിയതിനു ശേഷം ആദ്യമായാണ് ഒരു രാജ്യാന്തര സംഘം കശ്മീർ സന്ദർശിക്കുന്നത്. കഴിഞ്ഞമാസം യൂറോപ്യൻ പാർലമെന്റ് ജമ്മു കശ്മീരിനെക്കുറിച്ച് ചർച്ച ചെയ്തിരുന്നു. കശ്മീരിൽ സമാധാന അന്തരീക്ഷം സൃഷ്ടിക്കാനുള്ള കേന്ദ്ര സർക്കാർ നടപടികളെ പ്രശംസിക്കുന്നതിനോടൊപ്പം അവിടുത്തെ നിയന്ത്രണങ്ങളിൽ പാർലമെന്റ് അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല