1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 24, 2020

സ്വന്തം ലേഖകൻ: കടുത്ത അഭിപ്രായ വ്യത്യാസങ്ങള്‍ക്കും ദിവസങ്ങള്‍ നീണ്ട മാരത്തോണ്‍ ചര്‍ച്ചകള്‍ക്കും ഒടുവില്‍ ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും ചരിത്ര പ്രധാനമായ ബ്രെക്‌സിറ്റാനന്തര വ്യാപാര കരാറില്‍ ഒപ്പുവയ്ക്കുമെന്ന് ഏതാണ്ട് ഉറപ്പായി. ജനുവരി 1 ന് ബ്രെക്‌സിറ്റ് പൂര്‍ത്തിയാകുമ്പോഴേക്കും പുതിയ കരാര്‍ തയ്യാറാകും എന്നാണ് സൂചന. ഇരുകൂട്ടര്‍ക്കും സമ്മതമായ വിധത്തില്‍ ഇതിന്റെ രൂപരേഖ തയ്യാറായിക്കഴിഞ്ഞു. ഇനി അവസാന മിനുക്കുപണികള്‍ മാത്രമേ ബാക്കിയുള്ളു എന്നും ഇയു വൃത്തങ്ങൾ വ്യക്തമാക്കി.

ലോര്‍ഡ് ഫ്രോസ്റ്റ്, മൈക്കല്‍ ബാര്‍ണിയര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരു കൂട്ടം നിയമജ്ഞരും വിദഗ്ദരും ചേര്‍ന്ന് തയ്യാറാക്കിയ ഈ രൂപരേഖയില്‍ പഴുതുകളും പിഴവുകളും ഇല്ലാതെയിരിക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. മിനുക്കുപണികള്‍ പൂര്‍ത്തിയായാലുടൻ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇക്കാര്യംഒരു പ്രസ്താവനയിലൂടെ രാജ്യത്തെ അറിയിക്കും എന്നാണ് കരുതുന്നത്.

താരിഫും ക്വാട്ടാ സമ്പ്രദായവുമില്ലാതെ ഒരു ഏക വിപണി എന്ന ആശയം മുന്‍നിര്‍ത്തിയുള്ള ഏകദേശം 660 ബില്ല്യണ്‍ പാക്കേജിന്റെ വ്യാപാര കരാര്‍ ആയിരിക്കും ഇതെന്നാണ് കരുതുന്നത്. ബ്രെക്സിറ്റിന് ശേഷം യൂറോപ്യന്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസിന്റെ നിബന്ധനകള്‍ അനുസരിക്കേണ്ട ബാദ്ധ്യത ബ്രിട്ടനില്ല. അതുകൊണ്ട് തന്നെ ഏറെ കരുതലോടെയാണ് ഇയു നേതാക്കൾ കരാറിനെ സമീപിക്കുന്നത്. അതേസമയം, യൂറോപ്യന്‍ യൂണിയനിലെ വിവിധ രാജ്യത്തലവന്മാര്‍, തങ്ങളുടെ വിജയം എന്ന രീതിയില്‍ കരാറിന്റെ കാര്യം ജനങ്ങൾക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ ആരംഭിച്ചു കഴിഞ്ഞു.

ജനിതകമാറ്റം വന്ന പുതിയ വൈറസ്, ബ്രിട്ടന്റെ അതിര്‍ത്തികള്‍ എത്രമാത്രം ദുര്‍ബലമണെന്ന സത്യം അടിവരയിട്ടു പറഞ്ഞപ്പോള്‍ കഴിഞ്ഞ 48 മണിക്കൂറില്‍ ബോറിസ് ജോണ്‍സണ്‍ ധാരാളം ഇളവുകള്‍ക്ക് വഴങ്ങിയതായാണ് ഫ്രാന്‍സിന്റെ അവകാശവാദം. അതേസമയം, ഭരണകക്ഷിയിലെ തീവ്ര ബ്രെക്‌സിറ്റ് അനുകൂലികൾ ഈ കരാര്‍ വിശദമായി പരിശോധിക്കാന്‍ ഒരുങ്ങുകയാണ്.

ഈ കരാറിനെ അട്ടിമറിക്കാന്‍ തക്കം പാര്‍ത്തു നടക്കുന്ന വലിയൊരു വിഭാഗം ആളുകള്‍ ഉണ്ടെന്ന് മുന്നറിയിപ്പുമായി രംഗത്തെത്തിയ കാലാവസ്ഥ മന്ത്രി ലോര്‍ഡ് ഗോള്‍ഡ്‌സ്മിത്ത്, അവര്‍, ഈ കരാറിന്റെ നല്ലവശങ്ങള്‍ വകവയ്ക്കാതെ ഇത് തകര്‍ക്കാന്‍ ശ്രമിക്കുമെന്നും പറഞ്ഞു. യൂറോപ്യന്‍ യൂണിയനെ അനുകൂലിക്കുന്ന ഗോള്‍ഡ്‌സ്മിത്ത് ബോറിന്‍സ് ജോണ്‍സന്റെ ഒരു അടുത്ത അനുയായി കൂടിയാണ്.

ബ്രെക്‌സിറ്റിനെ അനുകൂലിച്ചവര്‍ ഈ പുതിയ കരാറിലെ വ്യവസ്ഥകള്‍ അറിയുവാന്‍ ജിജ്ഞാസയോടെ കാത്തിരിക്കുമ്പോള്‍ ഒരു കരാറിനേയും തടയുകയില്ലെന്ന് ലേബര്‍ പാര്‍ട്ടി വ്യക്തമാക്കി. ഇതോടെ ഇത് പാര്‍ലമെന്റില്‍ പാസ്സാക്കാന്‍ കഴിയുമെന്ന്ഉറപ്പായിരിക്കുകയാണ്. അതേസമയം, കരാറിലെ വ്യവസ്ഥകള്‍ എന്തൊക്കെയെന്ന് പ്രസിദ്ധപ്പെടുത്തുന്നതിനു മുന്‍പ് തന്നെ ബ്രിട്ടന്‍ കീഴടങ്ങി എന്ന് ആരോപിച്ചുകൊണ്ട് ബ്രെക്‌സിറ്റ് പാര്‍ട്ടി ലീഡര്‍ നൈഗല്‍ ഫരാജെ രംഗത്തെത്തി. ക്രിസ്ത്മസ്സ് ദിനത്തില്‍ പ്രഖ്യാപനം നടത്തുന്നതിനായി ധൃതിവച്ച് കരാര്‍ തട്ടിക്കൂട്ടുന്നതിനിടയില്‍ ബ്രിട്ടന്റെ പല താത്പര്യങ്ങളും ബലി കഴിക്കപ്പെട്ടുഎന്നാണ് അദ്ദേഹം പറഞ്ഞത്.

ബ്രിട്ടീഷ സമുദ്രാതിര്‍ത്തിക്കുള്ളിലെ മത്സ്യബന്ധനാവകാശവുമായി ബന്ധപ്പെട്ടതായിരുന്നു കരാര്‍ ചര്‍ച്ചകളിലെ മുഖ്യ തര്‍ക്കവിഷയം. നിലവില്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള മത്സ്യ സമ്പത്തിന്റെ അളവ് മൂന്നിലൊന്നായി കുറച്ച് മൂന്നു വര്‍ഷം കൊണ്ട് അത് പൂര്‍ണ്ണമായി ഇല്ലാതെയാക്കണം എന്ന് ബ്രിട്ടന്‍ ആവശ്യപ്പെട്ടപ്പോള്‍, 25 ശതമാനം വീതം കുറച്ച് ആറുവര്‍ഷം കൊണ്ട് ഇല്ലാതെയാക്കാം എന്നായിരുന്നു യൂറോപ്യന്‍ യൂണിയന്‍ വാദിച്ചത്.

സ്വതന്ത്ര വ്യാപാര കരാര്‍ ഇല്ലാതെ യൂറോപ്യന്‍ യൂണിയനില്‍ നിന്നും പിരിയുന്നത് ബ്രിട്ടന്റെ സമ്പദ്ഘടനയെ പ്രതികൂലമായി ബാധിക്കുമെന്ന് നേരത്തെ ഓഫീസ് ഫോര്‍ ബജറ്റ് റെസ്‌പോണ്‍സിബിലിറ്റിയും ബാങ്ക് ഓഫ് ഇംഗ്ലണ്ടും മുന്നറിയിപ്പു നല്‍കിയിരുന്നു. മിക്ക സാമ്പത്തിക ശസ്ത്രജ്ഞരും വ്യാപാര പ്രമുഖരും ഇതേ അഭിപ്രായക്കാരായിരുന്നു. എന്നിട്ടും ബ്രിട്ടന്റെ താത്പര്യം ബലികൊടുക്കാന്‍ ബോറിസ് ജോണ്‍സണ്‍ തയ്യാറായില്ല. അതാണ് കരാര്‍ ഇത്രയും വൈകുവാന്‍ കാരണമായത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.