1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 4, 2021

സ്വന്തം ലേഖകൻ: വെംബ്ലിയിലെ യൂറോ സെമി ഫൈനൽ മത്സരത്തിന് ടിക്കറ്റ് ഉറപ്പാക്കി ഇംഗ്ലണ്ട്. യുക്രെയ്നെതിരായ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ അവരെ നാല് ഗോളിന് തകർത്ത് വിട്ടാണ് അവസാന നാല് ടീമുകളിൽ ഇംഗ്ലണ്ടും സീറ്റ് പിടിച്ചത്. സെമിയിൽ ചെക്ക് റിപ്പബ്ലിക്കിനെ തോൽപ്പിച്ചെത്തിയ ഡെന്മാർക്കാണ് ഇംഗ്ലണ്ടിൻ്റെ എതിരാളികൾ.

മികച്ച താരങ്ങൾ ടീമിൽ ഉണ്ടായിട്ടും ഗോൾ കണ്ടെത്താൻ വിഷമിക്കുന്നു എന്ന് വിമർശനങ്ങളെ തച്ചുടക്കുന്ന പ്രകടനമാണ് റോമിലെ ഒളിമ്പിക്കോ സ്റ്റേഡിയത്തിൽ ഇംഗ്ലണ്ട് യുക്രെയ്നെതിരെ പുറത്തെടുത്തത്. ഗ്രൂപ്പ് ഘട്ടത്തിൽ ഫോം കണ്ടെത്താൻ വിഷമിച്ച ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്ൻ മത്സരത്തിൽ ഇരട്ട ഗോളുകളുമായി തിളങ്ങി. ഹാരി മഗ്വയർ, ജോർദാൻ ഹേണ്ടേഴ്സൻ എന്നിവരാണ് ഇംഗ്ലണ്ടിൻ്റെ മറ്റ് ഗോൾ സ്കോറർമാർ.

ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷം രണ്ടാം പകുതിയിലാണ് ഇംഗ്ലണ്ട് മറ്റ് മൂന്ന് ഗോളുകളും നേടിയത്. ടൂർണമെൻ്റിൽ ഇതുവരെയും ഗോൾ വഴങ്ങിയിട്ടില്ല എന്നത് അവർ ഈ മത്സരത്തിലും കാത്തു. കളിയുടെ 35ാം മിനിറ്റിൽ യുക്രെയ്ൻ പ്രതിരോധ നിരയിലെ വിശ്വസ്തനായ ക്രിവ്സ്റ്റോവ് പരുക്കേറ്റ് പുറത്തായതാണ് അവർക്ക് തിരിച്ചടിയായത്. അതിനുപുറമേ അവരുടെ സൂപ്പർ താരങ്ങളായ യാർമൊലെങ്കോയും യാരെംചുക്കും നിറം മങ്ങിയതും അവർക്ക് തിരിച്ചടിയായി.

മത്സരത്തിന് ഇരു ടീമുകളും അണിനിരന്നത് മാറ്റങ്ങളുമായാണ്. ഇംഗ്ലണ്ട് രണ്ട് മാറ്റങ്ങൾ വരുത്തിയപ്പോൾ യുക്രെയ്ൻ ഒരു മാറ്റവുമായാണ് ഇറങ്ങിയത്. മത്സരം തുടങ്ങി ആദ്യ മിനിറ്റുകളിൽ തന്നെ ഇംഗ്ലണ്ട് ആധിപത്യം നേടിയെടുത്തു. മറുവശത്ത് പ്രതിരോധത്തിൽ ശ്രദ്ധ ചെലുത്തിയാണ് യുക്രെയ്ൻ കളിച്ചത്.

കളി തുടങ്ങി നാലാം മിനിറ്റിൽ തന്നെ യുക്രെയ്ൻ്റെ പ്രതിരോധ മതിൽ മറികടന്ന് ഇംഗ്ലണ്ട് ലീഡ് നേടി. ഇംഗ്ലണ്ട് നായകൻ ഹാരി കെയ്നാണ് ടീമിനായി സ്കോർ ചെയ്തത്. പന്തുമായി മുന്നേറിയ ഇംഗ്ലണ്ട് താരം സ്റ്റെർലിങ് ബോക്സിനുള്ളിൽ നിൽക്കുകയായിരുന്ന കെയ്നിനെ ലക്ഷ്യം വച്ച് നൽകിയ പാസ് സ്വീകരിച്ചായിരുന്നു താരം ഗോൾ നേടിയത്. കൃത്യമായ പാസ് സ്വീകരിച്ച കെയ്ൻ ഗോൾകീപ്പർ ബുഷാന് അവസരമൊന്നും നൽകാതെ പന്ത് വലയിലെത്തിച്ചു.

ഗോൾ വഴങ്ങിയതോടെ തിരികെ ഗോൾ നേടാനായി ആക്രമിച്ച് കളിക്കാൻ തുടങ്ങി. എന്നാൽ ഇംഗ്ലീഷ് പ്രതിരോധത്തെ മറികടന്ന് മുന്നേറാൻ അവർക്ക് സാധിച്ചില്ല. മറുവശത്ത് ഗോൾ നേടിയിട്ടും ഇംഗ്ലണ്ട് ആക്രമണം തുടർന്നതോടെ മത്സരത്തിന് ആവേശമേറി. 17ാം മിനിറ്റിൽ ഇംഗ്ലീഷ് പ്രതിരോധ നിരയുടെ പിഴവിൽ നിന്നും പന്ത് ലഭിച്ച യുക്രെയ്ൻ്റെ യാരെംചുക്ക് പന്തുമായി ബോക്സിലേക്ക് മുന്നേറി ഷോട്ടുതിർത്തെങ്കിലും ഇംഗ്ലണ്ട് ഗോളി ജോർദാൻ പിക്ക്ഫോർഡ് ഗോൾശ്രമം വിഫലമാക്കി.

ഗോൾ വഴങ്ങിയതിന് ശേഷം യുക്രെയ്ൻ പ്രതിരോധ നിര മികച്ച് നിന്നതോടെ ഇംഗ്ലണ്ട് ആക്രമണങ്ങളിൽ പലതും അവരുടെ പ്രതിരോധ മതിലിൽ തട്ടിത്തെറിച്ചു. 33ാം മിനിറ്റിൽ ഇംഗ്ലണ്ടിന്റെ ഡെക്ലാൻ റൈസിന്റെ തകർപ്പൻ ലോങ്റേഞ്ചർ ഗോൾകീപ്പർ ബുഷാൻ തട്ടിയകറ്റി. റീബൗണ്ട് കിട്ടിയ മേസൺ മൗണ്ട് വീണ്ടും ഷോട്ടുതിർത്തെങ്കിലും അത് പ്രതിരോധ മതിലിൽ തട്ടിത്തെറിച്ചു.

അതിനിടെ 35ാം മിനിറ്റിൽ യുക്രെയ്ൻ്റെ പ്രതിരോധ നിരയിലെ വിശ്വസ്തനായ ക്രിവ്സ്റ്റോവ് പരുക്കേറ്റ് പുറത്തായത് ടീമിന് തിരിച്ചടിയായി. ആദ്യ പകുതിയിൽ പിന്നീട് സമനില നേടാനായി യുക്രെയ്ൻ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ശക്തമായ പ്രതിരോധം തീർത്ത ഇംഗ്ലണ്ട് നിരയെ അവർക്ക് മറികടക്കാൻ കഴിഞ്ഞില്ല.

രണ്ടാം പകുതി തുടങ്ങിയത് ഇംഗ്ലണ്ടിൻ്റെ ഗോൾ കണ്ടുകൊണ്ടാണ്. ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്നെ ഫൗൾ ചെയ്തതിന് ബോക്സിന് കുറച്ചകലെ നിന്ന് ലഭിച്ച ഫ്രീകിക്കിൽ നിന്നുമാണ് അവർ ഗോൾ നേടിയത്. ലെഫ്റ്റ് ഫ്ലാങ്കിൽ നിന്നും ലൂക്ക് ഷാ എടുത്ത ഫ്രീകിക്കിൽ യുക്രെയ്ൻ പ്രതിരോധ നിര താരങ്ങളെ മറികടന്ന ഇംഗ്ലണ്ട് പ്രതിരോധ താരമായ മഗ്വയറിൻ്റെ ഹെഡ്ഡർ യുക്രെയ്ൻ ഗോളിയെ കീഴ്പ്പെടുത്തി വലയിലേക്ക് താഴ്ന്ന് ഇറങ്ങി.

രണ്ടാം ഗോൾ നേടിയതിന് മിനിറ്റുകൾക്ക് ശേഷം വീണ്ടും ഇംഗ്ലണ്ട് അവരുടെ ലീഡ് ഉയർത്തി. ഗ്രൂപ്പ് ഘട്ടത്തിൽ ഗോൾ കണ്ടെത്താൻ വിഷമിച്ച ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്നാണ് മത്സരത്തിൽ തൻ്റെ രണ്ടാം ഗോൾ നേടിക്കൊണ്ട് ഇംഗ്ലണ്ടിന് മൂന്ന് ഗോളിൻ്റെ ലീഡ് സമ്മാനിച്ചത്. ഇത്തവണയും ഗോളിന് വഴി ഒരുക്കിയത് ലൂക്ക് ഷായായിരുന്നു. ഇടത് ഭാഗത്ത് കൂടി സ്റ്റെർലിങ് നടത്തിയ മുന്നേറ്റത്തിൽ നിന്ന് താരത്തിൻ്റെ ബാക്ക് ഹീൽ പാസ് സ്വീകരിച്ച് ബോക്സിൻ്റെ നടുവിലേക്ക് ലൂക്ക് ഷാ ഉയർത്തിവിട്ട പന്തിലേക്ക് തല വച്ച ഇംഗ്ലണ്ട് ക്യാപ്റ്റൻ്റെ ഹെഡ്ഡർ യുക്രെയ്ൻ ഗോളി ബുഷാൻ്റെ കാലുകൾക്കിടയിലൂടെയാണ് ഗോളിലേക്ക് പോയത്.

മൂന്ന് ഗോൾ ലീഡ് നേടി സെമി ഉറപ്പിച്ചതോടെ ഇംഗ്ലണ്ട് പരിശീലകൻ കളിയിൽ മാറ്റങ്ങൾ വരുത്തി. ഒരു മഞ്ഞക്കാർഡ് കണ്ട് നിൽക്കുകയായിരുന്ന ഡെക്ലാൻ റൈസിനെ പിൻവലിച്ച് ജോർദാൻ ഹേണ്ടേഴ്സനെ കളത്തിലിറക്കി. 62ാം മിനിറ്റിൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ തൻ്റെ ഹാട്രിക്കിന് അടുത്തെത്തിയെങ്കിലും യുക്രെയ്ൻ ഗോളിയായ ബുഷാൻ്റെ തകർപ്പൻ സേവ് താരത്തെ ഗോൾ നേടുന്നതിൽ നിന്നും അകറ്റി നിർത്തി.

മത്സരത്തിൽ മികച്ച പ്രകടനം കൊണ്ട് കളം നിറഞ്ഞു കളിച്ച സ്റ്റെർലിങിൻ്റെ പാസിൽ നിന്ന് കെയ്ൻ തൊടുത്ത ഗോളെന്നുറച്ച ഇടം കാലൻ വോളിയെ തകർപ്പൻ സേവിലൂടെയാണ് ബുഷാൻ നിർവീര്യമാക്കിയത്. പക്ഷേ ഇതിന് പിന്നാലെ തന്നെ ഇംഗ്ലണ്ട് വീണ്ടും ഗോൾ നേടി. പകരക്കാരനായി വന്ന ഹേണ്ടേഴ്സൻ്റെ വകയായിരുന്നു ഇംഗ്ലീഷ് ടീമിൻ്റെ നാലാം ഗോൾ. കോർണറിൽ നിന്നും മേസൺ മൗണ്ട് നൽകിയ ക്രോസിലേക്ക് ഒറ്റക്ക് ചാടിയ ഇംഗ്ലണ്ട് മധ്യനിര താരത്തിൻെറ ക്ലോസ് റേഞ്ച് ഹെഡ്ഡർ ഒരിക്കൽ കൂടി യുക്രെയ്ൻ ഗോളിയെ കീഴ്പ്പെടുത്തി.

നാല് ഗോളുകൾ നേടിയതോടെ പ്രധാന താരങ്ങളെ പിൻവലിച്ച് ഇംഗ്ലണ്ട് പരിശീലകൻ സൗത്ത്ഗേറ്റ് മാറ്റങ്ങൾ കൊണ്ടുവന്നു. പിന്നീട് 75ാം മിനിറ്റിൽ മകരെങ്കോ 25 വാര അകലെ നിന്നും ഒരു ഉശിരൻ ഷോട്ടിലൂടെ ഇംഗ്ലണ്ട് ഗോളി പിക്ഫോർഡിനെ പരീക്ഷിക്കാൻ നോക്കിയെങ്കിലും താരം അത് ഗോളിൽ നിന്നും കുത്തിയകറ്റി. പിന്നീട് അധികം മുന്നേറ്റങ്ങൾ ഒന്നും ഉണ്ടായില്ല. പിന്നീട് കളിയുടെ അവസാനം അറിയിച്ച് റഫറി വിസിൽ ഊതിയതോടെ ഇംഗ്ലീഷ് സംഘം 1996 ന് ശേഷം രണ്ടാം തവണയും യൂറോ സെമിയിൽ പ്രവേശിക്കുകയും ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.