1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 16, 2021

സ്വന്തം ലേഖകൻ: കോവിഡ് മഹാമാരിക്കൊപ്പം യൂറോപ്പിനും ഏഷ്യയ്ക്കും തലവേദനയായി പക്ഷിപ്പനി വ്യാപനം. ഇതുമായി ബന്ധപ്പെട്ട കേസുകള്‍ കഴിഞ്ഞ ദിവസങ്ങളിലായി വേള്‍ഡ് ഓര്‍ഗനൈസേഷന്‍ ഫോര്‍ അനിമല്‍ ഹെല്‍ത്ത് (ഒഐഇ) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ പ്രാവശ്യത്തെ വ്യാപനം ഏല്‍പ്പിച്ച ആഘാതത്തില്‍നിന്നു മുക്തരാകുന്നതിന് ഇടയിലാണ് വീണ്ടും വൈറസ് പിടിമുറുക്കുന്നത്.

യൂറോപ്യന്‍ രാജ്യങ്ങളിലും ചൈന, ദക്ഷിണകൊറിയ, ജപ്പാന്‍ എന്നിവിടങ്ങളിലുമാണ് ഏവിയന്‍ ഇന്‍ഫ്ളുവന്‍സ വൈറസ് വ്യാപനം കൊടുമ്പിരി കൊണ്ടിരിക്കുന്നത്. പക്ഷിപ്പനി എന്ന് വിളിക്കപ്പെടുന്ന ഉയര്‍ന്ന രോഗകാരിയായ ഏവിയന്‍ ഇന്‍ഫ്‌ളുവന്‍സയുടെ വ്യാപനത്തെ തുടര്‍ന്ന് ദശലക്ഷക്കണക്കിന് പക്ഷികളെ കൊന്നൊടുക്കി.

വൈറസ് ബാധ മനുഷ്യരിലേക്ക് പകരാന്‍ സാധ്യത ഉള്ളതിനാല്‍ സാംക്രമികരോഗവിദഗ്ധരുടെ ശ്രദ്ധയും ആകര്‍ഷിക്കുന്നുണ്ട്. വൈറസ് ഉയര്‍ത്തുന്ന ഭീതിയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞവര്‍ഷം ദശലക്ഷക്കണക്കിനു വളര്‍ത്തു പക്ഷികളെയാണു കൊന്നു തള്ളിയത്. മനുഷ്യരിലേക്കു പകരാന്‍ സാധ്യതയുണ്ടെന്ന ആശങ്കയ്ക്കിടെയാണ് വൈറസ് വ്യാപനം വീണ്ടും രൂക്ഷമായിരിക്കുന്നത്. കൊറോണ വൈറസ് ആദ്യം സാന്നിധ്യമറിയിച്ച ചൈനയിലാണ് പക്ഷിപ്പനി വ്യാപകം ആയിരിക്കുന്നത്.

മനുഷ്യരിലേക്കു വൈറസ് പകര്‍ന്ന 21 കേസുകള്‍ ഈ വര്‍ഷം ഇതുവരെ ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞവര്‍ഷം രാജ്യത്താകെ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ ഇരട്ടിയില്‍ അധികമാണിതെന്നത് ആശങ്ക ഇരട്ടിയാക്കുന്ന ഘടകമാണ്. ദക്ഷിണകൊറിയയിലും സ്ഥിതി രൂക്ഷമാണ്. ചുങ്ഷിയോങ്ബക്-ദോ പ്രവിശ്യയില്‍ മാത്രം 7.7 ലക്ഷം പക്ഷികളെയാണ് അടുത്തിടെ കൊന്നുതള്ളിയിരുന്നു.

ഏഷ്യന്‍ ഭൂഖണ്ഡത്തില്‍ ജപ്പാനിലും സ്ഥിതി വ്യത്യസ്തമല്ല. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോഴിവളര്‍ത്തലിനു ബെല്‍ജിയം കര്‍ശന നിയന്ത്രണം പ്രഖ്യാപിച്ചു. നോര്‍വേയും വൈറസ് വ്യാപന നിഴലിലാണ്. യൂറോപ്പില്‍ റോഗാലാന്റ് മേഖലയില്‍ 7000 പക്ഷികളുടെ കൂട്ടത്തില്‍ എച്ച്5എന്‍1 പക്ഷിപ്പനി പടര്‍ന്നു പിടിച്ചതായി നോര്‍വ റിപ്പോര്‍ട്ട് ചെയ്തു. ദേശാടനം നടത്തുന്ന കാട്ടുപ്പക്ഷികളിലൂടെയാണ് വൈറസ് രാജ്യാതിര്‍ത്തികള്‍ താണ്ടുന്നതെന്നാണ് അനുമാനം. അതേസമയം, കോഴിയിറച്ചി ഉത്പന്നങ്ങള്‍ കഴിക്കുന്നതിലൂടെ പക്ഷിപ്പനി പകരില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.