
സ്വന്തം ലേഖകൻ: യൂറോപ്പിൽ വാക്സിനേഷനെ വെല്ലിവിളിച്ച് കോവിഡ് വകഭേദം വ്യാപകമായി പടരുന്നതായി കണ്ടെത്തിയതോടെ ഇറ്റലി വീണ്ടും ലോക്ഡൗണിലേക്ക് നീങ്ങുന്നു. റോം, മിലാൻ, വെനീസ് തുടങ്ങി 20 ഓളം നഗരങ്ങൾ മാർച്ച് 15 മുതൽ ഏപ്രിൽ 6 വരെ കടുത്ത നിയന്ത്രണങ്ങൾക്ക് കീഴിലാവും. ഇതു സംബന്ധിച്ചുള്ള പുതിയ മാർഗ നിർദേശങ്ങൾ ഇറ്റാലിയൻ പ്രധാന മന്ത്രി മാരിയോ ഡ്രാഗി വിശദീകരിച്ചു.
റെഡ് സോണിലുള്ള ഈ 20 നഗരങ്ങളിൽ അവശ്യ സാധനങ്ങൾക്കല്ലാതെ കടകൾ തുറക്കാൻ പാടില്ല. ജോലി ആവശ്യാർഥം ആളുകൾക്ക് നിശ്ചിത സമയം മാത്രം പുറത്തിറങ്ങാം. സർക്കാർ സേവനങ്ങളും താൽക്കാലികമായി നിർത്തിവെക്കും. റെഡ് സോണിലുള്ളവർ മറ്റിടങ്ങളിലേക്ക് യാത്ര ചെയ്യുന്നത് തടയും.
ബാറുകൾക്കും റസ്റ്ററൻറുകൾക്കും ഹോം ഡെലിവറി മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. 250തിൽ അധികം പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന പ്രദേശങ്ങൾ സ്വാഭാവികമായും റെഡ് സോണിലേക്ക് മാറുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഈസ്റ്ററിനോട് അനുബന്ധമായി ഏപ്രിൽ മൂന്നു മുതൽ അഞ്ചുവരെ രാജ്യം മുഴുവൻ റെഡ് സോണായി പ്രഖ്യാപിച്ച് ദേശീയ ലോക്ഡൗൺ ആക്കാനും തീരുമാനമുണ്ട്. കോവിഡ് മഹാമാരി ബാധിച്ച് ഒരു വർഷം പിന്നിടുേമ്പാൾ പുതിയ വകഭേദങ്ങൾ ഗുരുതരമായി ബാധിക്കുമെന്ന് തെളിഞ്ഞതിനാലാണ് അടിയന്തര തീരുമാനങ്ങളിലേക്ക് നീങ്ങുന്നതെന്ന് പ്രധാന മന്ത്രി മാരിയോ ഡ്രാഗി പറഞ്ഞു.
ഇറ്റലിക്ക് പിന്നാലെ ഫ്രാൻസും ചില പ്രദേശങ്ങളിൽ പൂർണ ലോക്ഡൗൺ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 26,343 പുതിയ കോവിഡ് കേസുകളാണ് ഫ്രാൻസിൽ രജിസ്റ്റർ ചെയ്തത്. ഫ്രഞ്ച് ആശുപത്രികൾ വീണ്ടും കോവിഡ് രോഗികളെക്കൊണ്ട് നിറയുന്നതായി ആരോഗ്യ അധികൃതർ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
ആശുപത്രികളിൽ സമ്മർദ്ദം വർദ്ധിക്കുന്നതിനനുസരിച്ച് പുതിയ ലോക്ക്ഡൗൺ ഒഴിവാക്കാൻ കഴിയുന്നതെല്ലാം ചെയ്യണമെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി ജീൻ കാസ്റ്റെക്സ് ഞായറാഴ്ച ട്വിച് വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. വാക്സിൻ എടുക്കുന്നവർക്ക് രക്തം കട്ടപിടിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ ചില യൂറോപ്യൻ രാജ്യങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്ന ആസ്ട്രാസെനെക്ക വാക്സിനിൽ ഫ്രഞ്ച് ജനതയ്ക്ക് വിശ്വാസമുണ്ടെന്നും അദ്ദേഹം ആവർത്തിച്ചു.
വർദ്ധിച്ചുവരുന്ന കേസുകളുടെ പശ്ചാത്തലത്തിൽ മൂന്നാം ദേശിയ ലോക്ക്ഡൗൺ ഏർപ്പെടുത്താനുള്ള ചില ആരോഗ്യ വിദഗ്ധർ ഫ്രഞ്ച് സർക്കാരിനു മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. എന്നാൽ ഈ നിർദേശം തള്ളിൽ സർക്കാർ രാജ്യവ്യാപകമായി വൈകുന്നേരം 6 മണിക്ക് ശേഷം കർഫ്യൂ ഏർപ്പെടുത്തുകയും രണ്ട് പ്രദേശങ്ങളിൽ വാരാന്ത്യ ലോക്ക്ഡൗണുകൾ പ്രഖ്യാപിക്കുകയും ചെയ്ത് മറ്റൊരു ദേശീയ ലോക്ക്ഡൗൺ ഒഴിവാക്കാനുള്ള ശ്രമത്തിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല