
സ്വന്തം ലേഖകൻ: യുകെയും യൂറോപ്പും ആശങ്കപ്പെടുത്തുന്ന വരള്‍ച്ചയാണ് ഇനി നേരിടാനുള്ളത്. യുകെ സെന്റര്‍ ഫോര്‍ ഇക്കോളജി & ഹൈഡ്രോളജി പ്രവചനങ്ങള്‍ പ്രകാരം ഒക്ടോബര്‍ വരെയെങ്കിലും നദികളിലെ ജലനിരപ്പ് വളരെയേറെ താഴ്ന്ന നിലയിലാകുമെന്നാണ്. 500 വര്‍ഷത്തിനിടെ ഏറ്റവും ദുരിതപൂര്‍ണ്ണമായ വരള്‍ച്ചയിലേക്ക് ആണ് യൂറോപ്പ് നീങ്ങുന്നത്.
ജര്‍മനിയിലെ സുപ്രധാനമായ നദി വറ്റിവരണ്ടതോടെ ചരക്കുനീക്കം താറുമാറായി. യൂറോപ്യന്‍ വരള്‍ച്ചാ ഒബ്‌സര്‍വേറ്ററി ഡാറ്റ പ്രകാരം യൂറോപ്യന്‍ യൂണിയന്റെയും, യുകെയുടെയും 60 ശതമാനം മേഖലകളും വരള്‍ച്ചാ മുന്നറിയിപ്പോ, ജാഗ്രതയോ നേരിടുന്നതായാണ് വ്യക്തമാകുന്നത്.
47 ശതമാനം മേഖലകളും മുന്നറിയിപ്പ് സ്ഥിതി നേരിടുന്നതായി ജൂലൈയിലെ കംബൈന്‍ഡ് വരള്‍ച്ചാ ഇന്‍ഡിക്കേറ്റര്‍ വ്യക്തമാക്കുന്നു. ഇത് പ്രകാരം മണ്ണില്‍ ഈര്‍പ്പം കുറയുന്നുവെന്നാണ് അര്‍ത്ഥമാക്കുന്നത്. അലേര്‍ട്ട് നേരിടുന്ന 17 ശതമാനം മേഖലകളിലാകട്ടെ പച്ചപ്പ് ഭീഷണി നേരിടുകയും ചെയ്യുന്നു. യുകെയ്ക്ക് പുറമെ ഫ്രാന്‍സ്, ബെല്‍ജിയം, നെതര്‍ലാന്‍ഡ്‌സ്, ജര്‍മ്മനി, സ്‌പെയിന്‍, ഇറ്റലി, ഹംഗറി, പോളണ്ട്, റൊമാനിയ തുടങ്ങിയ രാജ്യങ്ങളും വരള്‍ച്ച അനുഭവിക്കുന്നതായി കാണിക്കുന്നു.
റൈന്‍ നദിയിലെ വെള്ളം അപകടകരമായ നിലയില്‍ താഴ്ന്നതോടെ എണ്ണയും, കല്‍ക്കരിയും ഉള്‍പ്പെടെ സുപ്രധാന ചരക്കുഗതാഗതം ഭീഷണി നേരിടുകയാണ്.
ഫ്രാന്‍സില്‍ കാട്ടുതീയും പടര്‍ന്നുപിടിക്കുകയാണ്. കഴിഞ്ഞ മാസം മുതല്‍ തന്നെ റെക്കോര്‍ഡ് താപനില നേരിട്ട മേഖലകളിലാണ് തീപിടുത്തം. ഇതോടെ ഭക്ഷ്യോത്പാദനം ശരാശരിക്ക് താഴേക്ക് പോകുമെന്ന ആശങ്കയിലാണ് ഫ്രാന്‍സ്. അഞ്ചു നൂറ്റാണ്ടിനിടെ കാണാത്ത തരത്തിലുള്ള കടുത്ത കാലാവസ്ഥാ അനുഭവങ്ങളാണ് ഇപ്പോള്‍ നേരിടുന്നതെന്ന് യൂറോപ്യന്‍ കമ്മീഷന്‍ ജോയിന്റ് റിസേര്‍ച്ച് സെന്റര്‍ സീനിയര്‍ ഗവേഷകന്‍ ആന്‍ഡ്രിയ ടോറെറ്റി പറഞ്ഞു.
യുകെയില്‍ വ്യാഴാഴ്ച അര്‍ദ്ധരാത്രി മുതല്‍ ഞായറാഴ്ച വരെ തെക്കന്‍, മധ്യ ഇംഗ്ലണ്ട്, വെയില്‍സിന്റെ ചില ഭാഗങ്ങള്‍ എന്നിവയ്ക്ക് മുന്നറിയിപ്പ് ബാധകമാണ്. ചില പ്രദേശങ്ങളില്‍ താപനില 35 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തും, തേംസ് വാട്ടര്‍ ഹോസ്പൈപ്പ് നിരോധന പദ്ധതികള്‍ പ്രഖ്യാപിച്ചു.
2021-ല്‍ മുന്നറിയിപ്പ് സംവിധാനം അവതരിപ്പിച്ചതിന് ശേഷം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ച ഏറ്റവും ദൈര്‍ഘ്യമേറിയതാണ് ആംബര്‍ അലേര്‍ട്ട്, ജൂലൈയില്‍ ആദ്യമായി താപനില 40 ഡിഗ്രി സെല്‍ഷ്യസ് കവിഞ്ഞപ്പോള്‍ ആയിരുന്നു മുമ്പ്. ആദ്യത്തെ റെഡ് അലേര്‍ട്ട് ആയിരുന്നു. ഇനി വരുന്ന താപനില കഴിഞ്ഞ മാസത്തെ റെക്കോര്‍ഡ് ഭേദിക്കാനിടയില്ലെങ്കിലും ഈ ഉഷ്ണതരംഗം കൂടുതല്‍ കാലം നിലനില്‍ക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ചൂടിനൊപ്പം ഉടനെ മഴ പെയ്യാന്‍ ഇടയില്ലെന്ന മുന്നറിയിപ്പ് വന്നതോടെയാണ് ആളുകള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നു ഫയര്‍ മേധാവികള്‍ നിര്‍ദ്ദേശം നല്‍കി. ഗാര്‍ഡന്‍ ബാര്‍ബെക്യുകള്‍ ഒഴിവാക്കാന്‍ ജനങ്ങളോട് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. വരള്‍ച്ചാ സാധ്യതകള്‍ ശക്തമായതോടെ കൂടുതല്‍ മേഖലകളില്‍ ഹോസ്‌പൈപ്പ് നിരോധനങ്ങള്‍ നടപ്പാക്കണമെന്ന് ഗവണ്‍മെന്റ് വാട്ടര്‍ കമ്പനികളോട് ആവശ്യപ്പെടുന്നു.
യൂറോപ്പില്‍ ഉടനീളം നദീജലത്തില്‍ വ്യാപകമായ കുറവ് അനുഭവപ്പെടുന്നുണ്ട്. ഈയാഴ്ച ഇംഗ്ലണ്ടും, വെയില്‍സും പൂര്‍ണ്ണമായി കരിഞ്ഞുണങ്ങുമെന്നാണ് മെറ്റ് ഓഫീസ് പ്രവചനം. തീപിടിക്കാനുണ്ടായ കാര്യം വ്യക്തമല്ലെങ്കിലും ചൂടേറിയ കാലാവസ്ഥയില്‍ ബാര്‍ബെക്യു ചെയ്യാന്‍ നില്‍ക്കരുതെന്ന് ഫയര്‍ മേധാവികള്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല