1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 30, 2022

സ്വന്തം ലേഖകൻ: രോഗിയുടെ കണ്ണില്‍ നിന്ന് ചോരയൊഴുകുന്നത് ഉള്‍പ്പെടെയുള്ള ഭയാനക ലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന മാരക വൈറല്‍ പനി യൂറോപ്പില്‍ സ്ഥിരീകരിച്ചു. ക്രിമിയന്‍-കോംഗോ ഹെമറേജിക് ഫീവര്‍ എന്നറിയപ്പെടുന്ന ഈ വൈറല്‍ പനി ബാധിച്ച മധ്യവയസ്കന്‍ സ്പെയ്നിലെ കാസ്റ്റൈയ്ല്‍ ആന്‍ഡ് ലിയോണ്‍ പ്രദേശത്തെ ആശുപത്രിയിലാണ് പ്രവേശിപ്പിക്കപ്പെട്ടത്. തുടര്‍ന്ന് ഈ രോഗിയെ വിമാനത്തില്‍ മറ്റൊരു ഇടത്തേക്ക് മാറ്റിയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

രക്തസ്രാവമുണ്ടാക്കുന്ന ഈ വൈറല്‍ പനി ബാധിച്ചവരില്‍ 10 മുതല്‍ 40 ശതമാനം വരെ പേര്‍ മരണപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ഒരു തരം ചെള്ളുകള്‍ക്കുള്ളില്‍ കാണപ്പെടുന്ന നൈറോവൈറസ് ആണ് ക്രമിയന്‍-കോംഗോ ഹെമറേജിക് ഫീവറിന് കാരണാകുന്നത്. ആട്, പശു, ചെമ്മരിയാട് പോലുള്ള നാല്‍ക്കാലികളില്‍ ജീവിക്കുന്ന ഈ ചെള്ള് മൃഗങ്ങളുമായി അടുത്ത് ഇടപഴകുന്ന കൃഷിക്കാര്‍, കശാപ്പുശാലയിലെ ജീവനക്കാര്‍, വെറ്റിനറി ഡോക്ടര്‍മാര്‍ എന്നിവരെ കടിക്കാനും വൈറസ് പരത്താനും സാധ്യതയുണ്ട്. ബാധിക്കപ്പെട്ട മൃഗങ്ങളുടെ ചോരയില്‍ നിന്നും വൈറസ് ഇവരിലേക്ക് പകരാം. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രക്തം, മറ്റ് സ്രവങ്ങള്‍ എന്നിവ വഴി നൈറോവൈറസ് പകരും.

പനി, പേശിവേദന, തലകറക്കം, കഴുത്ത് വേദന, പുറം വേദന, തലവേദന, കണ്ണ് ദീനം, കണ്ണില്‍ വെളിച്ചം അടിക്കുമ്പോൾ ബുദ്ധിമുട്ട്, മനംമറിച്ചില്‍, ഛര്‍ദ്ദി, അതിസാരം, വയര്‍വേദന, തൊണ്ടവേദന, മൂഡ് മാറ്റം, ആശയക്കുഴപ്പം എന്നിവ ഈ രോഗത്തിന്‍റെ പ്രാരംഭ ലക്ഷണങ്ങളാണ്. രണ്ടു മുതല്‍ നാലു ദിവസം കഴിഞ്ഞാല്‍ ഉറക്കമില്ലായ്മ, വിഷാദം, അത്യധികമായ ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളും കാണപ്പെടാം. രക്തധമനികളില്‍ നിന്ന് രക്തസ്രാവമുണ്ടാകാനും ഈ പനി കാരണമാകും. കണ്ണില്‍ നിന്നും മൂക്കില്‍ നിന്നും തൊലിപ്പുറത്ത് നിന്നുമെല്ലാം ഇതിന്‍റെ ഭാഗമായി രക്തമൊഴുക്ക് ഉണ്ടാകാന്‍ സാധ്യതയുണ്ട്. രോഗം കടുക്കുന്നതോടെ വൃക്ക, കരള്‍ തുടങ്ങിയ അവയവങ്ങളും ബാധിക്കപ്പെട്ടു തുടങ്ങും.

ചെള്ള് കടിച്ചതിനെ തുടര്‍ന്നുള്ള അണുബാധയുടെ ലക്ഷണങ്ങള്‍ ഒന്ന് മുതല്‍ മൂന്ന് ദിവസത്തിനുള്ളില്‍ പ്രത്യക്ഷമാകും. ഇത് ഒന്‍പത് ദിവസം വരെ ആയെന്നുമിരിക്കാം. വൈറസ് ബാധിക്കപ്പെട്ട മൃഗത്തിന്‍റെ രക്തം വഴിയാണ് വൈറസ് പകരുന്നതെങ്കില്‍ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ അഞ്ച് മുതല്‍ ആറ് ദിവസങ്ങള്‍ എടുക്കാം. ചിലപ്പോള്‍ അത് 13 ദിവസം വരെയൊക്കെ ആകാം. ഈ പനിയുടെ ശരാശരി മരണ നിരക്ക് 30 ശതമാനമാണ്. ഭൂരിപക്ഷം മരണങ്ങളും രോഗബാധയുടെ രണ്ടാം ആഴ്ചയില്‍ സംഭവിക്കും. രോഗമുക്തി കാലയളവിനെ കുറിച്ച് കൃത്യമായ കണക്കുകള്‍ ലഭ്യമല്ല. വളരെ പതിയെ മാത്രമേ രോഗമുക്തി സാധ്യമാകൂ എന്ന് കരുതപ്പെടുന്നു.

1944ല്‍ ക്രിമിയയിലാണ് ഈ മാരക വൈറസ് ആദ്യം കണ്ടെത്തുന്നത്. ഇതിനാല്‍ അന്ന് ക്രിമിയന്‍ ഹെമറേജിക് ഫീവര്‍ എന്ന് പേരിട്ടു. 1969ല്‍ കോംഗോയില്‍ ഇത് മൂലം രോഗബാധയുണ്ടായതിനെ തുടര്‍ന്ന് പനിയുടെ പേരിന്‍റെ ഒപ്പം കോംഗോയും കൂട്ടിച്ചേര്‍ക്കപ്പെട്ടു. കിഴക്കന്‍ യൂറോപ്പ്, മെഡിറ്ററേനിയന്‍ മേഖല, വടക്ക് പടിഞ്ഞാറന്‍ ചൈന, മധ്യേഷ്യ, തെക്കന്‍ യൂറോപ്പ്, ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, ഇന്ത്യന്‍ ഉപഭൂഖണ്ഡം എന്നീ പ്രദേശങ്ങളില്‍ ക്രിമിയന്‍-കോംഗോ ഹെമറേജിക് ഫീവര്‍ കാണപ്പെടുന്നതായി അമേരിക്കയിലെ സെന്‍റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ചൂണ്ടിക്കാണിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.