1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 23, 2022

സ്വന്തം ലേഖകൻ: കൊവിഡ് 19 മഹാമാരിയുടെ തുടക്കകാലത്ത് രോഗവ്യാപനം പിടിച്ചു കെട്ടാനായി ലോക്ക് ഡൗൺ അടക്കമുള്ള കടുത്ത മാ‍ര്‍ഗങ്ങളായിരുന്നു യൂറോപ്യൻ രാജ്യങ്ങള്‍ സ്വീകരിച്ചത്. ഈ മാര്‍ഗം ഇന്ത്യ ഉള്‍പ്പെടെ എല്ലാ രാജ്യങ്ങളും ഏറ്റെടുത്തു. ഇതോടെ ആശുപത്രികളിലെ തിരക്ക് ഒഴിവാക്കാനും മരണങ്ങള്‍ പിടിച്ചു നിര്‍ത്താനും സാധിച്ചു. എന്നാൽ കൊവിഡ് രണ്ടാം തംരംഗം കൂടി കഴിഞ്ഞതോടെ പല രാജ്യങ്ങള്‍ക്കും ലോക്ക്ഡൗൺ മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടം മൂലം സമ്പദ്‍‍വ്യവസ്ഥയ്ക്ക് ഉണ്ടാകുന്ന ആഘാതം താങ്ങാനാകില്ലെന്ന അവസ്ഥയായി. ഈ സാഹചര്യത്തിൽ കൊവിഡിനെതിരെ തികച്ചും വ്യത്യസ്തമായ മറ്റൊരു തന്ത്രം ഒരുക്കാനാണ് യൂറോപ്യൻ രാജ്യങ്ങളുടെ പുതിയ ശ്രമം.

യൂറോപ്പിൽ ഏറ്റവും കൂടുതൽ വാക്സിനേഷൻ നടപ്പാക്കിയ സ്പെയിനാണ് പുതിയ നീക്കവുമായി മുന്നിലുള്ളത്. ഇനി വരുന്ന അടുത്ത കൊവിഡ് 19 തരംഗത്തെ വലിയൊരു അടിയന്തര സാഹചര്യമായി കാണേണ്ടതില്ലെന്നും ജനജീവിതം സാധാരണ നിലയിൽ തുടരാൻ അനുവദിക്കണമെന്നുമാണ് സ്പാനിഷ് സര്‍ക്കാരിൻ്റെ നിലപാട്. ഒമിക്രോൺ വകഭേദത്തിൻ്റെ വരവ് കൊവിഡിൻ്റെ ശക്തി കുറയാൻ ഇടയാക്കിയെന്ന വിലയിരുത്തലും മുൻ ലോക്ക് ഡൗണുകള്‍ മൂലം സമ്പദ്‍‍വ്യവസ്ഥയ്ക്ക് ഉണ്ടായ നഷ്ടവുമാണ് പുതിയ പരീക്ഷണത്തിന് സ്പെയിനെ പ്രേരിപ്പിക്കുന്നത്. ഒമിക്രോൺ തരംഗം തുടങ്ങുന്നതിനു മുൻപു തന്നെ ഇതിനുള്ള മുന്നൊരുക്കങ്ങളിലേയ്ക്ക് കടന്ന സ്പാനിഷ് സര്‍ക്കാര്‍ സമാന നടപടികള്‍ യൂറോപ്പിൽ ആകമാനം സ്വീകരിക്കണമന്നാണ് യൂറോപ്യൻ യൂണിയനിൽ ആവശ്യപ്പെട്ടിട്ടുള്ളത്.

കൊറോണ വൈറസ് സമൂഹത്തിൽ തന്നെ തുടരുമെന്നും കടുത്ത നിയന്ത്രണങ്ങള്‍ ഒഴിവാക്കാമെന്നുമാണ് സര്‍ക്കാര‍് നിലപാട്. പോര്‍ച്ചുഗലിനും ബ്രിട്ടണും ഇതിനോടു അനുകൂല നിലപാടാണുള്ളത്. ഫ്ലൂ, അഞ്ചാം പനി തുടങ്ങിയ രോഗങ്ങളെപ്പോലെ തന്നെ കൊവിഡിനെയും കണ്ടാൽ മതിയെന്നും രോഗവ്യാപനം സാധാരണമാണെന്നും അംഗീകരിക്കാനാണ് യൂറോപ്യൻ രാജ്യങ്ങളുടെ പുറപ്പാട്. അതേസമയം, രോഗം ഗുരുതരമാകാൻ സാധ്യതയുള്ളവര്‍ക്ക് അധിക കരുതൽ ഒരുക്കുകയും ചെയ്യും. ഇക്കാര്യത്തിൽ സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് യൂറോപ്യൻ യൂണിയനോടും സമാന നിലപാട് കൈക്കൊള്ളാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വാര്‍ത്താ ഏജൻസിയ എപി റിപ്പോര്‍ട്ട് ചെയ്തു.

ഒമിക്രോൺ തരംഗം അവസാനിച്ച ശേഷം മാത്രമേ പുതിയ മാറ്റങ്ങള്‍ നടപ്പാക്കൂ എന്നും എന്നാൽ മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞെന്നും പ്രധാനമന്ത്രി പറഞ്ഞു. വരും വര്‍ഷങ്ങളിൽ എന്തു നിലപാട് സ്വീകരിക്കണമെന്ന് ഇപ്പോഴേ ചിന്തിക്കണമെന്നും ശാസ്ത്രം ആവശ്യപ്പെടുന്നതു പോലെ മടികൂടാതെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
80 ശതമാനം ജനങ്ങളും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച സാഹചര്യത്തിലാണ് സ്പെയിൻ്റെ നീക്കം. കൂടാതെ രാജ്യത്ത് വലിയ രോഗവ്യാപനം നടന്നതു വഴി ആര്‍ജിത പ്രതിരോധശേഷിയും ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൊവിഡ് പരിശോധനയും ചികിത്സയും രോഗം ഗുരുതരമാകാൻ സാധ്യതയുള്ളവരിലേയ്ക്ക് ചുരുക്കാനും മറ്റുള്ളവരിൽ കൊവിഡിനെ മറ്റു രോഗങ്ങളെപ്പോലെ തന്നെ കാണാനുമാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. മറ്റു രോഗങ്ങള്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ ഇത് ആരോഗ്യപ്രവര്‍ത്തകരെ സഹായിക്കുമെന്നും സാഞ്ചസ് പറഞ്ഞു.

കൊവിഡ് 19 മൂലം ഒഴിവാക്കാൻ പറ്റാത്ത ചില മരണങ്ങള്‍ ഉണ്ടാകുമെന്ന സത്യം ജനങ്ങള്‍ മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. ആദ്യ കൊവിഡ് തരംഗത്തിൽ സ്വീകരിച്ച അതേ മുന്നൊരുക്കങ്ങള്‍ ആറാം തരംഗത്തിലും സ്വീകരിക്കാനാകില്ല. പുതിയ നീക്കങ്ങള്‍ എങ്ങനെയായിരിക്കുമെന്ന കാര്യത്തിൽ സ്പാനിഷ് ആരോഗ്യമന്ത്രാലയം എല്ലാ വിവരങ്ങളും പുറത്തു വിട്ടിട്ടില്ല. യൂറോപ്യൻ യൂണിയൻ ഫ്ലൂ കൈകാര്യം ചെയ്യുന്ന മാര്‍ഗരേഖ സ്പെയിൻ കൊവിഡിൻ്റെ കാര്യത്തിലും പിന്തുടര്‍ന്നേക്കുമെന്ന സൂചനയ്ക്കു പിന്നാലെ കൊവിഡിൻ്റെ ഫ്ലൂ-വത്കരണം എന്നാണ് പ്രാദേശികമാധ്യമങ്ങള്‍ സര്‍ക്കാര്‍ നീക്കത്തെ വിളിക്കുന്നത്.

അതേസമയം, വേണ്ടത്ര വാക്സിൻ ലഭ്യമാക്കിയിട്ടില്ലാത്ത വികസ്വര രാജ്യങ്ങള്‍ക്ക് ഇതേപ്പറ്റി ചിന്തിക്കാൻ കഴിയില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. കേസുകളുടെ എണ്ണം പരമാവധി കുറച്ചു നിര്‍ത്താൻ ശ്രമിക്കുന്ന ഇന്ത്യയും ചൈനയും പോലുള്ള രാജ്യങ്ങള്‍ മറ്റൊരു സമീപനം കൈക്കൊള്ളുമ്പോള്‍ യൂറോപ്യൻ രാജ്യങ്ങളുടെ പുതിയ നീക്കം എങ്ങനെയാകും ബാധിക്കുക എന്ന കാര്യത്തിലും വ്യക്തതയില്ല.

എന്നാൽ കൊവിഡ് ഇതിനോടകം ഒരു എൻഡമിക് ആയി മാറിയിട്ടുണ്ടെന്ന പോര്‍ച്ചുഗൽ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ നിലപാടിനോടു ലോകാരോഗ്യ സംഘടനയ്ക്കും സിഡിസിയ്ക്കും യോജിപ്പില്ല. വാക്സിനേഷൻ വേണ്ടത്ര പുരോഗമിക്കാത്ത ജര്‍മനി അടക്കമുള്ള രാജ്യങ്ങള്‍ക്കും ഇതിനോടു യോജിപ്പില്ല. ഒമിക്രോൺ വകഭേദത്തിൻ്റെ വരവോടെ കേസുകളുടെ എണ്ണം കുതിച്ചുയര്‍ന്നെങ്കിലും ലോകത്തു പലയിടത്തും ആശുപത്രികളിലെ രോഗികളുടെ എണ്ണവും മരണനിരക്കും താഴ്ന്ന നിലയിലാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.