
സ്വന്തം ലേഖകൻ: ഒമിക്രോൺ വകഭേദം യൂറോപ്പിൽ കോവിഡ് മഹാമാരിയുടെ അന്ത്യം കുറിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ യൂറോപ്പ് ഡയറക്ടർ ഹൻസ് ക്ലജ് അഭിപ്രായപ്പെട്ടു. ഒമിക്രോൺ വകഭേദം കോവിഡ് മഹാമാരിയെ പുതിയൊരു ഘട്ടത്തിലേക്ക് കൊണ്ടുപോയെന്നും മഹാമാരിയുടെ ‘എൻഡ് ഗെയിമിലേക്കാണ്’ യൂറോപ്പ് ഇപ്പോൾ നീങ്ങിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം വാർത്താ ഏജൻസിയായ എഎഫ്‌പിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മാർച്ചോടെ 60 ശതമാനം യൂറോപ്യന്മാരെയും ഒമിക്രോൺ ബാധിച്ചേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യൂറോപ്പിലുടനീളം വ്യാപിച്ചുകിടക്കുന്ന ഒമിക്രോണിന്റെ നിലവിലെ കുതിച്ചുചാട്ടം കുറഞ്ഞുകഴിഞ്ഞാൽ, ശാന്തമായ കുറച്ച് ആഴ്‌ചകളും മാസങ്ങളും ഉണ്ടായേക്കാം.. ഒരു ആഗോള പ്രതിരോധശേഷി നാം കൈവരിച്ചേക്കും, അതിന്, ഒന്നുകിൽ വാക്‌സിന് നന്ദി പറയണം, അല്ലെങ്കിൽ ആളുകൾക്ക് അണുബാധ കാരണം പ്രതിരോധശേഷിയുണ്ടായി എന്ന് കരുതാം. ”ഇൗ വർഷാവസാനത്തോടെ കോവിഡ് 19 മടങ്ങിവരുന്നതിന് മുമ്പായി ഒരു ശാന്തമായ കാലഘട്ടമുണ്ടാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. പക്ഷെ, ഒരു മഹാമാരി ഇനി തിരികെ വരണമെന്നില്ല”. -ഹൻസ് ക്ലജ് വ്യക്തമാക്കി.
യു.എസിലെ പ്രമുഖ ആരോഗ്യ വിദഗ്ധനായ ആൻറണി ഫൗചിയും സമാനമായ അഭിപ്രായവുമായി എത്തി. യു.എസിെൻറ ചില ഭാഗങ്ങളിൽ കോവിഡ്-19 കേസുകൾ കുത്തനെ കുറയുന്നതായും ഇപ്പോൾ കാര്യങ്ങൾ നല്ല രീതിയിലാണ് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. യുഎസിെൻറ വടക്കുകിഴക്ക് പ്രദേശങ്ങളിൽ കേസുകളുടെ എണ്ണത്തിൽ സമീപകാല ഇടിവ് തുടരുകയാണെങ്കിൽ, “നിങ്ങൾക്ക് രാജ്യത്തുടനീളം ഒരു വഴിത്തിരിവ് കാണാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു”. -അമിത ആത്മവിശ്വാസത്തിനെതിരെ മുന്നറിയിപ്പ് നൽകിയപ്പോൾ ഫൗചി പറഞ്ഞു.
ആഫ്രിക്കയിലെ ലോകാരോഗ്യ സംഘടനയുടെ പ്രാദേശിക ഓഫീസും കഴിഞ്ഞ ആഴ്‌ച മേഖലയിൽ കോവിഡ് കേസുകൾ കുത്തനെ കുറഞ്ഞുവെന്ന് അഭിപ്രായപ്പെട്ടു. ഒമിക്‌റോണിന്റെ ആധിപത്യമുള്ള വൈറസിന്റെ നാലാമത്തെ തരംഗം അതിന്റെ ഉച്ചസ്ഥായിയിലെത്തിയതിന് ശേഷം ആദ്യമായി മരണങ്ങൾ കുറയുകയാണെന്നും അവർ പറഞ്ഞു.
അതേസമയം, ഒമിക്രോൺ വകഭേദം ഇന്ത്യയിൽ സമൂഹവ്യാപന ഘട്ടത്തിലാണെന്ന് ലബോറട്ടറികളുടെ കൺസോർഷ്യമായ ഇൻസാകോഗ് മുന്നറിയിപ്പ് നൽകി. മെട്രോ നഗരങ്ങളിലാണ് രോഗവ്യാപനം കൂടുതലെന്നും വൈറസിന് നിരന്തരം ജനിതകവ്യതിയാനമുണ്ടാകുന്നുണ്ടെന്നും അവർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
ബി.എ.-1, ബി.എ.-2, ബി.എ.-3 എന്നിങ്ങനെ മൂന്ന് ഒമിക്രോൺ ഉപവകഭേദങ്ങളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്ന കൂടുതൽ കേസുകളും ബി.എ.-2 വകഭേദമാണ്. അതിൽ മിക്കവയും ഒട്ടും രോഗലക്ഷണങ്ങൾ ഇല്ലാത്തതോ നേരിയ ലക്ഷണങ്ങളുള്ളതോ ആണ്. എന്നാൽ ആശുപത്രി പ്രവേശനവും ഐ.സി.യു. കേസുകളും വർധിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല