1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 15, 2017

 

സ്വന്തം ലേഖകന്‍: തൊഴിലിടങ്ങളില്‍ ശിരോവസ്ത്രം ഉള്‍പ്പെടെയുള്ള മതചിഹ്നങ്ങള്‍ വിലക്കാന്‍ സ്ഥാപന ഉടമക്ക് അധികാരമുണ്ടെന്ന് യൂറോപ്യന്‍ യൂനിയന്‍ നീതിന്യായ കോടതി. ഫ്രാന്‍സിലേയും ബെല്‍ജിയത്തിലേയും ശിരോവസ്ത്രം ധരിച്ചതിന്റെ പേരില്‍ ജോലിയില്‍ നിന്ന് പിരിച്ചു വിടപ്പെട്ട രണ്ടു സ്ത്രീകള്‍ നല്‍കിയ ഹരജിയില്‍ വിധി പറയുകയായിരുന്നു കോടതി. കമ്പനി മതചിഹ്നങ്ങള്‍ വിലക്കാത്ത സാഹചര്യത്തില്‍ കടയിലെത്തുന്നവര്‍ക്ക് തൊഴിലാളികളുടെ ശിരോവസ്ത്രം മാറ്റണമെന്ന് ആവശ്യപ്പെടാന്‍ അധികാരമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ജോലിസ്ഥലത്ത് ഉടമസ്ഥന്‍ നടപ്പാക്കുന്ന തീരുമാനങ്ങളില്‍ വിവേചനപരമായി എന്തെങ്കിലും ഉണ്ടെന്ന് കരുതാനാവില്ലെന്നും കോടതി പറഞ്ഞു. മതപരവും താത്ത്വികവും രാഷ്ട്രീയവുമായ ചിഹ്നങ്ങള്‍ വിലക്കുന്നതില്‍ വിവേചനമില്ലെന്നും കോടതി നിരീക്ഷിച്ചു. അഭയാര്‍ഥി പ്രശ്‌നം വിഷയം യൂറോപ്പിനെയാകെ അലട്ടുകയും നെതര്‍ലന്‍ഡ്‌സ് തെരഞ്ഞെടുപ്പില്‍ ചൂടന്‍ വിഷയമായി കത്തിനില്‍ക്കുകയും ചെയ്യുന്ന സമയത്ത് പുറത്തുവന്ന കോടതി വിധി വ്യാപകമായ ചര്‍ച്ചക്ക് വഴിവെച്ചിരിക്കുകയാണ്.

സാമിറ അക്ബിത എന്ന യുവതിയാണ് ബെല്‍ജിയത്തില്‍ നിന്ന് കോടതിയെ സമീപിച്ചത്. ഒരു ബെല്‍ജിയം കമ്പനിയില്‍ റിസപ്ഷനിസ്റ്റായിരുന്ന സാമിറ ജോലിക്കു ചേര്‍ന്ന് മൂന്നു വര്‍ഷത്തിനു ശേഷമാണ് ശിരോവസ്ത്രം ധരിച്ച് ഓഫീസില്‍ വരാന്‍ തുടങ്ങിയത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇക്കാരണം പറഞ്ഞ് സ്ഥാപനത്തില്‍നിന്ന് പിരിച്ചുവിടുകയായിരുന്നു. മതചിഹ്നങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള കമ്പനിയുടെ നിയമം ലംഘിച്ചിരിക്കയാണ് സാമിറയെന്നായിരുന്നു കമ്പനി അധികൃതരുടെ ആരോപണം.

ഫ്രാന്‍സിലെ ഒരു ഐടി കമ്പനിയില്‍ ജോലി ചെയ്തിരുന്ന അസ്മ ബോഗ്‌നാവോയും സമാനമായ അനുഭവം ഉണ്ടായതിനെ തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്. ശിരോവസ്ത്രം ധരിക്കുന്നത് ഇടപാടുകാര്‍ക്ക് പ്രശ്‌നമുണ്ടാക്കുന്നു എന്ന് ആരോപിച്ചാണ് അസ്മയെ കമ്പനി പിരിച്ചുവിട്ടത്. മുസ്‌ലിം കുടിയേറ്റം മുഖ്യവിഷയമായി കത്തിപ്പിടിക്കുന്ന ഡച്ച് തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ കോടതി വിധി വന്‍ സ്വാധീനം ചെലുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.