
സ്വന്തം ലേഖകൻ: യൂറോപ്പിലെ ഏറ്റവും വലിയ തീം പാർക്കിന്റെ നിർമാണത്തിന് ബ്രിട്ടൻ പുതുവർഷത്തിൽ തുടക്കം കുറിക്കുന്നു. ലണ്ടൻ റിസോർട്ട് എന്ന പേരിൽ നിർമിക്കുന്ന ഈ വിനോദ പാർക്ക് ഔട്ടർ ലണ്ടന്റെ ഭാഗമായ കെന്റിലെ സ്വാൻസ്കോമിലാണ് നിർമിക്കുന്നത്. പാരീസിലെ ഡിസ്നി ലാൻഡിനെ വെല്ലുന്ന സൗകര്യങ്ങളോടെയുള്ള ലണ്ടൻ റിസോർട്ടിന്റെ ആദ്യഘട്ട നിർമാണം 2024ൽ പൂർത്തിയാക്കും.
2029ൽ രണ്ടാം ഘട്ടവും പൂർത്തിയാകുന്നതോടെ യൂറോപ്പിലെ ഏറ്റവും വലിയ വിനോദ ഹബ്ബായി ഇത് മാറും. 3.5 ബില്യൺ പൗണ്ടിന്റെ പദ്ധതിയിലൂടെ 25 വർഷത്തിനുള്ളിൽ 50 ബില്യൺ പൗണ്ടിന്റെ ബിസിനസാണ് ലണ്ടൻ റിസോർട്ട് ലക്ഷ്യമിടുന്നത്. 50,000 പുതിയ തൊഴിലവസരങ്ങളും ഇതിലൂടെ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷ.
1150 ഏക്കറിലായി വികസിപ്പിക്കുന്ന പാർക്കിന് 136 വെബ്ലി സ്റ്റേഡിയങ്ങൾ ചേരുന്ന വലുപ്പമാണുള്ളത്. ഏതു കാലാവസ്ഥയിലും ഉപയോഗിക്കത്തക്ക വിധമാണ് റിസോർട്ടിന്റെ 70 ശതമാനത്തിന്റെയും നിർമാണം. അതിനാൽ പാർക്ക് 365 ദിവസവും പ്രവർത്തനക്ഷമമായിരിക്കും.
വ്യത്യസ്തങ്ങളായ റൈഡുകൾ, ആർട്ടിഫിഷ്യൽ മൌണ്ടൻ, വാർട്ടർ തീം പാർക്കുകൾ, ഹോട്ടലുകൾ, റസ്റ്ററന്റുകൾ. ഫീച്ചറിംങ് ഷോപ്പുകൾ, സ്ട്രീറ്റ് എന്റർടെയിന്റ്മെന്റ്, തിയറ്ററുകൾ, ഹോളിവുഡിലേതിനു സമാനമായ സ്റ്റുഡിയോകൾ തുടങ്ങി വിവിധതരം വിനോദങ്ങളുടെ സംഗമഭൂമിയാകും ലണ്ടൻ റിസോർട്ട്.
ലണ്ടൻ നഗരത്തിൽനിന്നും ട്രെയിനിൽ 20 മിനിറ്റ് യാത്രയിൽ ഇവിടെയെത്താം എന്നതാണ് മറ്റൊരു സവിശേഷത. എം-25, എം-20, എം-2 മോട്ടോർ വേകളിലേക്കും എ-2 ഹൈവേയിലേക്കും വളരെ എളുപ്പത്തിൽ ഇവിടെനിന്ന് എത്താം. വിനോദസഞ്ചാര ഭൂപടത്തിൽ. ഇപ്പോൾ ഡിസ്നിയിലൂടെ പാരീസിനു ലഭിക്കുന്ന സ്ഥാനം ഈ പദ്ധതി പൂർത്തിയാകുന്നതോടെ ലണ്ടനും ലഭിക്കുമെന്നാണ് ലണ്ടൻ റിസോർട്ട് അധികൃതരുടെ പ്രതീക്ഷ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല