1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 12, 2022

സ്വന്തം ലേഖകൻ: ഒരാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം ഡൽഹി ഹൈക്കോടതി അടുത്തയാഴ്ച വീണ്ടും തുറക്കുമ്പോൾ, വ്യത്യസ്തമായൊരു ഹർജിയിൽ വിധി പറയും. നോയിഡയിൽ താമസിക്കുന്ന തന്റെ സുഹൃത്തായ നാൽപത്തിയെട്ടുകാരന്റെ ആരോഗ്യ സ്ഥിതി മോശമായതിനാൽ, ദയാവധത്തിനായ് യൂറോപ്പിലേക്കുള്ള യാത്ര തടയണമെന്നാവശ്യപ്പെട്ടാണ് ബെംഗളുരുവിൽ നിന്നുള്ള നാൽപത്തിയൊൻപതുകാരിയായ ഒരു സ്ത്രീ കോടതിയെ സമീപിച്ചത്. മാരകമായ അസുഖമില്ലാത്ത ഒരു വ്യക്തിക്ക് ഇന്ത്യയിൽ ഈ ഓപ്ഷൻ ലഭ്യമല്ല.

2014 മുതൽ ഇയാൾ ക്രോണിക് ഫാറ്റിഗ് സിൻഡ്രോം ബാധിതനാണെന്നും ഫിസിഷ്യന്റെ സഹായത്തോടെ ആത്മഹത്യ ചെയ്യുന്നതിനായി സ്വിറ്റ്സർലൻഡിലേക്ക് പോകാൻ പദ്ധതിയിടുകയാണെന്നും ബുധനാഴ്ച കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ആരോപിക്കുന്നു. ഈ യാത്ര തടയണമെന്ന അപേക്ഷ തളളിയാൽ അവന്റെ മാതാപിതാക്കൾക്കും മറ്റ് കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും നികത്താനാവാത്ത നഷ്ടവും കഠിനമായ വേദനയും അനുഭവിക്കേണ്ടി വരുമെന്ന് രോഗിയുടെ അടുത്ത സുഹൃത്തെന്ന് സ്വയം വിശേഷിപ്പിച്ച യുവതി അഭ്യർത്ഥിച്ചു.

എയിംസിൽ ഫെക്കൽ മൈക്രോബയോട്ട ട്രാൻസ്പ്ലാൻറേഷൻ എന്ന ചികിത്സാരീതിക്ക് വിധേയനായിരുന്നുവെങ്കിലും “ദാതാക്കളുടെ ലഭ്യത പ്രശ്‌നങ്ങൾ” കാരണം പാൻഡെമിക് സാഹചര്യത്തിൽ തുടരാൻ കഴിഞ്ഞില്ലെന്ന് ഹർജിയിൽ പറയുന്നു. 2014 ലാണ് രോഗലക്ഷണങ്ങൾ തുടങ്ങിയത്. കഴിഞ്ഞ എട്ട് വർഷമായി അദ്ദേഹത്തിന്റെ ആരോഗ്യനില മോശമാണ്. പൂർണ്ണമായി കിടപ്പിലാണെന്നും വീടിനകത്ത് ഏതാനും ചുവടുകൾ വയ്ക്കാൻ മാത്രമേ സാധിക്കുകയുള്ളൂവെന്നും ഹർജിയിൽ പറയുന്നു. എഴുപതുകളിൽ പ്രായമുള്ള മാതാപിതാക്കളുടെ ഏക മകനാണ് ഇയാൾ എന്നും ഒരു സഹോദരിയുണ്ടെന്നും ഹർജിയിൽ പറയുന്നു.

പരാതിക്കാരിയായ സ്ത്രീയുടെ അഭിഭാഷകൻ മുഖേന അവരെ ബന്ധപ്പെട്ടുവെങ്കിലും ദി ഇന്ത്യൻ എക്സ്പ്രസിനോട് സംസാരിക്കാൻ വിസമ്മതിച്ചു. നോയിഡ സ്വദേശിയോടും കുടുംബാംഗങ്ങളോടും അവന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അവൾ നിരന്തരം ആശയവിനിമയം നടത്തിയിരുന്നതായി ഹർജിക്കൊപ്പം ചേർത്തിട്ടുള്ള രേഖകൾ വെളിപ്പെടുത്തുന്നു. “ദയാവധത്തിനുള്ള ഓപ്ഷനുകൾ നോക്കുന്നു. മതിയായി” പരാതിക്കാരിയായ സ്ത്രീക്ക് അയാൾ അയച്ച ഈ സന്ദേശവും അതിൽ ഉൾപ്പെടുന്നു.

ഇന്ത്യക്കകത്തോ വിദേശത്തോ അയാൾക്ക് മെച്ചപ്പെട്ട ചികിത്സ നൽകുന്നതിന് സാമ്പത്തിക ഞെരുക്കമൊന്നുമില്ലെന്നും എന്നാൽ പ്രായമായ മാതാപിതാക്കളുടെ ജീവിതത്തെയും ദയനീയമായി ബാധിക്കുന്ന ദയാവധത്തിന് പോകാനുള്ള തീരുമാനത്തിൽ അദ്ദേഹം ഉറച്ചുനിൽക്കുകയാണെന്നും ഹർജിയിൽ പറയുന്നു.

ബെൽജിയത്തിലെ ഒരു ക്ലിനിക്കിൽ ചികിത്സയ്ക്ക് പോകുന്നുവെന്ന തെറ്റായ വിവരങ്ങൾ നൽകി, 26 യൂറോപ്യൻ രാജ്യങ്ങളിലേക്ക് അനിയന്ത്രിതമായ യാത്ര അനുവദിക്കുന്ന ഷെങ്ഗിൻ വിസ രോഗി നേരത്തെ നേടിയിരുന്നുവെന്ന് ഹർജിയിൽ പറയുന്നു. വാസ്തവത്തിൽ, ദയാവധത്തിനായുള്ള മനഃശാസ്ത്രപരമായ വിലയിരുത്തലിന്റെ ആദ്യ റൗണ്ടിനായി ബെൽജിയം വഴി ജൂൺ മാസത്തിൽ സ്വിറ്റ്സർലൻഡിലെ സൂറിച്ചിലേക്ക് അദ്ദേഹം യാത്ര ചെയ്തുവെന്ന് ഹർജിയിൽ അവകാശപ്പെട്ടു.

വിദേശ പൗരന്മാർക്ക് സഹായം നൽകുന്ന സൂറിച്ച് ആസ്ഥാനമായുള്ള ഡിഗ്നിറ്റാസ് എന്ന സംഘടനയിലൂടെ ദയാവധത്തിന് വിധേയനാകാനാണ് ഇയാൾ തീരുമാനിച്ചതെന്ന് ഹർജിയിൽ പറയുന്നു. ”ഹരജിക്കാരന് ലഭിച്ച വിവരങ്ങൾ അനുസരിച്ച്, അദ്ദേഹത്തിന്റെ അപേക്ഷ ഡിഗ്നിറ്റാസ് സ്വീകരിച്ചു, ആദ്യ ഇവാല്യുവേഷൻ അംഗീകരിച്ചു, (അദ്ദേഹം) ഇപ്പോൾ 2022 ഓഗസ്റ്റ് അവസാനത്തോടെ അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയാണ്,” ഹർജിയിൽ അവകാശപ്പെട്ടു.

രോഗിക്ക് മേയ് മാസത്തിൽ എയിംസിലെ ഒരു ഡോക്ടർ ഒരു കത്ത് നൽകിയതായി ഹർജിയിൽ ചേർത്തിട്ടുള്ള മെഡിക്കൽ രേഖകൾ കാണിക്കുന്നു. ഈ രോഗാവസ്ഥ ഗവേഷണത്തിന്റെ പ്രാരംഭ ഘട്ടത്തിലായതിനാൽ, ഇന്ത്യയിൽ അത്ര അറിയപ്പെടാത്തതിനാൽ വൈദ്യോപദേശത്തിനും ഭാവിയിലെ ചികിത്സയ്ക്കുമായി അദ്ദേഹം ബെൽജിയത്തിലേക്ക് പോകുന്നുവെന്ന് ഇതിൽ പറയുന്നു.

”ഞാൻ മുൻവിധികളൊന്നും കണ്ടെത്തിയില്ല. നിയമപരമായ നിലപാട് കോടതിയാണ് തീരുമാനിക്കേണ്ടത്. അവൻ സദുദ്ദേശ്യത്തോടെയല്ല യാത്ര ചെയ്യുന്നത്. അയാൾ ഇന്ത്യൻ അധികാരികളെ തെറ്റിദ്ധരിപ്പിക്കുന്നു, അതുകൊണ്ടാണ് അദ്ദേഹത്തിന് എമിഗ്രേഷൻ ക്ലിയറൻസ് നൽകാതിരിക്കാൻ ഞങ്ങൾ പ്രാർത്ഥിക്കുന്നത്. ഞങ്ങൾക്ക് മറ്റ് മാർഗമില്ല,” കേസിൽ സ്ത്രീക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ സുബാഷ് ചന്ദ്രൻ പറഞ്ഞു.

2018 ലാണ് ദയാവധത്തിന് അനുമതി നൽകിക്കൊണ്ട് സുപ്രീം കോടതി സുപ്രധാന വിധി പുറപ്പെടുവിച്ചത്. ജീവിതത്തിലേക്ക് തിരിച്ച് വരാൻ ഒരു സാധ്യതയും ഇല്ലെന്ന് മെഡിക്കൽ ബോർഡ് സാക്ഷ്യപ്പെടുത്തിയാൽ മാത്രമേ ദയാവധത്തിന് അനുമതി നൽകാൻ കഴിയുളളൂ. ജില്ലാ മജിസ്ട്രേറ്റ് രൂപീകരിക്കുന്ന മെഡിക്കൽ ബോർഡായിരിക്കും പരിശോധനകൾ നടത്തുക. ഈ മെഡിക്കൽ ബോർഡ് നൽകുന്ന റിപ്പോർട്ട് പരിഗണിച്ചായിരിക്കും ദയാവധം നൽകുക. മെഡിക്കൽ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കുകയും ഹൈക്കോടതി ഇത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുകയും ചെയ്യുമെന്നായിരുന്നു സുപ്രീം കോടതിയുടെ വിധി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.