1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 11, 2021

സ്വന്തം ലേഖകൻ: ഇത്തവണ രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചവരുടെ കൂട്ടത്തില്‍ ഗവേഷകനും മുന്‍ പാക് സൈനിക ഉദ്യോഗസ്ഥനായ ലഫ്റ്റനന്റ് കേണല്‍ ഖ്വാസി സജ്ജാദ് അലി സാഹിറും ഉള്‍പ്പെട്ടിരുന്നു. മുന്‍ പാക് സൈനികനാണെങ്കിലും പാകിസ്താനെതിരേയുള്ള യുദ്ധമുഖത്ത് ഇന്ത്യന്‍ സൈന്യത്തിന് നല്‍കിയ സംഭവനകള്‍ പരിഗണിച്ചാണ് ലഫ്. കേണല്‍ ഖ്വാസി സജ്ജാദ് അലി സാഹിറിനുള്ള രാജ്യത്തിന്റെ ആദരം.

ബംഗ്ലാദേശിന്റെ രൂപീകരണത്തിലേക്ക് വഴിവെച്ച 1971 ഇന്ത്യ-പാക് യുദ്ധത്തില്‍ രാജ്യത്തെ വിജയത്തിലേക്ക് നയിക്കാന്‍ സുപ്രധാന പങ്കുവഹിച്ച വ്യക്തിയാണ് സജ്ജാദ് അലി സാഹിര്‍. അദ്ദേഹത്തിന്റെ ഈ സംഭാവനകള്‍ക്കും ത്യാഗങ്ങള്‍ക്കുമാണ് രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചത്. പാകിസ്താനെതിരേയുള്ള ഇന്ത്യയുടെ അന്നത്തെ വിജയത്തിനും ബംഗ്ലാദേശിന്റെ വിമോചനത്തിനും 50 വര്‍ഷം പൂര്‍ത്തിയാകുന്ന വേളയിലാണ് തന്റെ 71-ാം വയസില്‍ സാഹിര്‍ ഇന്ത്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതിക്ക് അര്‍ഹനാകുന്നത്.

ഏറെ ധീരത നിറഞ്ഞതായിരുന്നു സാഹിറിന്റെ ജീവിതം. 20-ാം വയസിലാണ് സാഹിര്‍ പാക് സൈന്യത്തിന്റെ ഭാഗമാകുന്നത്. സിയാല്‍കോട്ട് മേഖലയിലായിരുന്നു സേവനം. കിഴക്കന്‍ പാകിസ്താനെതിരേയുള്ള പടിഞ്ഞാറന്‍ പാകിസ്താന്റെ സൈനിക നടപടികളില്‍ കടുത്ത എതിര്‍പ്പുണ്ടായിരുന്ന സാഹിര്‍ അധികം വൈകാതെ തന്നെ രാജ്യം വിടാനും തീരുമാനിച്ചു. 1971 മാര്‍ച്ചില്‍ അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തി. കിഴക്കന്‍ പാകിസ്താനില്‍ പാക് സൈന്യത്തിന്റെ അതിക്രമങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും എല്ലാം പരിധിയുംവിട്ട സാഹചര്യത്തിലായിരുന്നു സാഹിറിന്റെ രാജ്യംവിടല്‍.

തിര്‍ത്തി കടന്നതിന് പിന്നാലെ സാഹിര്‍ ഇന്ത്യന്‍ സൈന്യത്തിന്റെ പിടിയിലായി. പാക് ചാരനെന്ന് കരുതി പിടികൂടിയ സാഹിറിനെ പത്താന്‍കോട്ടിലെത്തിച്ച് ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ ചോദ്യംചെയ്തു. ബൂട്ടിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ പാക് സൈന്യത്തിന്റെ രേഖകളും ഭൂപടവും 20 രൂപയുമാണ് സാഹിറിന്റെ കൈവശമുണ്ടായിരുന്നത്. ഈ സൈനിക രേഖകളില്‍ നിന്ന് അതിര്‍ത്തിയില്‍ പാകിസ്താന്റെ സൈനിക വിന്യാസത്തെക്കുറിച്ചുള്ള ഗുരുതരമായ സാഹചര്യവും ഇന്ത്യന്‍ സൈന്യത്തിന് ബോധപ്പെട്ടു. ഇതിനുപിന്നാലെ സാഹിറിനെ ഡല്‍ഹിയിലെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. പിന്നീട് കിഴക്കന്‍ പാകിസ്താനിലേക്ക് (ബംഗ്ലാദേശ്) അയക്കുകയും ചെയ്തു.

സൈനിക രേഖയും സാഹിര്‍ നല്‍കിയ സുപ്രധാന വിവരങ്ങളും യുദ്ധത്തില്‍ പാകിസ്താനെ അമര്‍ച്ച ചെയ്യാന്‍ ഇന്ത്യയ്ക്ക് തുണയായി. പാക് സേനയ്ക്ക് നേരേ മുഖ്തി ബാഹിനിയുടെ (ബംഗ്ലാദേശ് സൈന്യം) ഗറില്ലാ യുദ്ധത്തിന് പരിശീലനം നല്‍കിയതും സാഹിറായിരുന്നു. കിഴക്കന്‍ പാകിസ്താന്റെ വിമോചനത്തിന് ശേഷം സാഹിര്‍ ബംഗ്ലാദേശ് സൈന്യത്തിന്റെ ഭാഗമായി. ഇന്ത്യയിലെ വീര്‍ ചക്രയ്ക്ക് സമാനമായി ബിര്‍ പ്രോട്ടിക് ബഹുമതിയും സാഹിറിന് ലഭിച്ചിരുന്നു. ബംഗ്ലാദേശിലെ പരമോന്നത സിവില്‍ ബഹുമതിയായ സ്വാധിനത പദക് പുരസ്‌കാരത്തിനും സാഹിര്‍ അര്‍ഹനായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.