1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 11, 2017

സ്വന്തം ലേഖകന്‍: സിറിയന്‍ ഭരണകൂടം രാസായുധ പ്രയോഗം നടത്തിയതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്, ലോക മനസാക്ഷിയെ നടുക്കി പിഞ്ചുകുഞ്ഞുങ്ങളുടെ വിറങ്ങലിച്ച ഉടലുകളുടെ ദൃശ്യങ്ങള്‍. തങ്ങള്‍ സ്വന്തം ജനതയ്ക്കുമേല്‍ വിഷ വാതകമായ സരിന്‍ പ്രയോഗിച്ചില്ലെന്ന് ബാഷര്‍ അല്‍ അസദ് ഭരണകൂടം തുടര്‍ച്ചയായി നിഷേധിക്കുമ്പോഴാണ് പ്രമുഖ വാര്‍ത്താ ചാനലായ സിഎന്‍എന്‍ വീഡിയോ പുറത്തുവിട്ടത്. രാസായുധ ആക്രമണത്തില്‍ മരിച്ച് പിഞ്ചു കുഞ്ഞുങ്ങളുടെ ശരീരങ്ങള്‍ കൂട്ടിയിട്ടിരിക്കുന്ന ദൃശ്യം ഖാന്‍ ഷിഖൗണ്‍ നഗരത്തില്‍ നിന്നുള്ളതാണ്.

ഏപ്രില്‍ 4 ന് രാവിലെ ഏഴുമണിക്ക് സിറിയന്‍ സൈന്യം നടത്തിയ രാസായുധ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായത് 94 പേര്‍ക്കായിരുന്നു. സരിന്‍ വിഷവാതകം പുറത്ത് വിട്ട് സര്‍ക്കാര്‍ സേനയുടെ വിമാനങ്ങള്‍ മരണം വിതച്ചപ്പോള്‍ നിരവധി കുട്ടികളാണ് വിഷവാതകം ശ്വസിച്ച് മരണത്തിന് കീഴടങ്ങിയത്. സിഎന്‍എന്‍ പുറത്തുവിട്ട ആക്രമണ വാര്‍ത്തയും ദൃശ്യങ്ങളും ആരുടേയും മനസിനെ മരവിപ്പിക്കുന്നതാണ്.

മനുഷ്യരാശിക്കെതിരായ ഏറ്റവും ക്രൂരവും നിന്ദ്യവും പൈശാചികവുമായ പ്രവര്‍ത്തിയായി വിലയിരുത്തപ്പെട്ട രാസായുധ ആക്രമണങ്ങള്‍ രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം യുഎന്‍ നിരോധിച്ചിരുന്നു. സിറിയന്‍ ഭരണകൂടം ഈ നിയന്ത്രണങ്ങളെല്ലാം കാറ്റില്‍ പറത്തി ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടില്‍ തെളിവു സഹിതം വ്യക്തമാക്കുന്നു. പിഞ്ചു കുഞ്ഞുങ്ങള്‍ കണ്ണുപോലും ചിമ്മാതെ മരിച്ചു കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ വീഡിയോയില്‍ കാണാം.

മകന്‍ അമര്‍ പുറത്ത് കളിച്ചുകൊണ്ടിരിക്കെ ആസാദിന്റെ വിമാനം രാസായുധം വിക്ഷേപിക്കുന്നത് സ്വന്തം വീടിന്റെ ജനാലയിലൂടെ കാണേണ്ടിവന്ന 36 കാരി സാനാ ഹജ് അലിയുടെ വാര്‍ത്തയില്‍ പറയുന്നു. മകന്‍ തറയില്‍ വീഴുന്നത് കണ്ട ഇവര്‍ ഭര്‍ത്താവിനെ അലറി വിളിക്കുകയും രണ്ടു പേരും ചേര്‍ന്ന് കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും മകനൊപ്പം രണ്ടു പേരും മരിച്ചതായി ബന്ധുക്കള്‍ വ്യക്തമാക്കുന്നു.

ഇത്തരത്തില്‍ മക്കളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയില്‍ ജീവന്‍ വെടിഞ്ഞ ആയിരക്കണക്കിന് സിറിയന്‍ അമ്മമാരുടെ പ്രതീകമാണ് സനായെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ബാഷര്‍ അല്‍ ആസാദ് ഭരണകൂടം ഇത് അഞ്ചാം തവണയാണ് രാസായുഷം പ്രയോഗിച്ചതായി ആരോപണം നേരിടുന്നത്. 2013 ല്‍ സിറിയന്‍ സേന നടത്തിയ സരിന്‍ ആക്രമണത്തില്‍ 1400 പേരാണ് കൊല്ലപ്പെട്ടത്. അതിന് ശേഷം നാലു തവണ ആസാദ് ഭരണകൂടം ഈ ക്രൂരത ആവര്‍ത്തിച്ചതായി യുഎന്‍ മനുഷ്യാവകാശ സംഘടന ആരോപിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.