1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 22, 2024

സ്വന്തം ലേഖകൻ: ഗതാഗത നിയമലംഘനം തടയാൻ കർശന നടപടിയുമായി ഖത്തർ. സെപ്റ്റംബർ 1 മുതൽ, രാജ്യം വിടാൻ ആഗ്രഹിക്കുന്ന ഗതാഗത നിയമലംഘകർ മുഴുവൻ പിഴത്തുകയും അടയ്‌ക്കേണ്ടതുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ നിയമം, ലംഘനം രേഖപ്പെടുത്തിയ വാഹനങ്ങൾക്കും ബാധകമാണ്. 3 വർഷത്തിൽ കുറയാത്ത പിഴത്തുകയിൽ 50% ഇളവ് ജൂൺ 1 മുതൽ ഓഗസ്റ്റ് 31 വരെ നൽകുമെന്ന് മന്ത്രാലയം പ്രഖ്യാപിച്ചു.

അവസാനമായി നാട്ടിൽ പോയത് ഭാര്യ മരിച്ചതിനെ തുടർന്ന് 12 വർഷം മുൻപ്; മലയാളിയെ ദുരിതത്തിലാക്കിയ കമ്പനിയോട് പോരാടി ഇന്ത്യൻ എംബസി
ഗതാഗത നിയമ ലംഘന പിഴത്തുകയും കുടിശ്ശികയും പൂർണ്ണമായും അടച്ചാൽ മാത്രമേ കര, വ്യോമ, സമുദ്ര മാർഗ്ഗം വ്യക്തികൾക്ക് സെപ്റ്റംബർ 1 മുതൽ രാജ്യം വിടാൻ അനുവാദമുള്ളൂവെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ ബ്രിഗേഡിയർ അബ്ദുല്ല ഖലീഫ അൽ മുഫ്ത വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു.

രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോകുന്നതിന് മെക്കാനിക്കൽ വാഹനങ്ങൾക്കും ഈ നിയമം ബാധകമാണ്. വാഹനങ്ങളെ സംബന്ധിച്ച നിയമം ഇന്ന് മുതൽ പ്രാബല്യത്തിലായി. ഗതാഗത പിഴത്തുക അടയ്ക്കല്‍, വാഹനങ്ങളുടെ എക്‌സിറ്റ് പെര്‍മിറ്റ് എന്നിവ സംബന്ധിച്ച് പുതിയ 7 ചട്ടങ്ങളാണ് മന്ത്രാലയം നടപ്പാക്കുന്നത്. രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള സന്ദര്‍ശകരുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഗതാഗത നിയമങ്ങള്‍ കര്‍ക്കശമാക്കുന്നത്.

ഗതാഗത നിയമ ലംഘകര്‍ക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ മൊബൈല്‍ ആപ്പ് ആയ മെട്രാഷ് 2 മുഖേനയോ അല്ലെങ്കില്‍ മന്ത്രാലയം വെബ്‌സൈറ്റ്, ഗതാഗത വകുപ്പ്, സര്‍ക്കാര്‍ ഏകീകൃത സേവന കേന്ദ്രങ്ങള്‍ എന്നിവ മുഖേന പിഴത്തുക അടയ്ക്കാം. കഴിഞ്ഞ 3 വര്‍ഷത്തിനിടെ റജിസ്റ്റര്‍ ചെയ്ത ഗതാഗത ലംഘനങ്ങളിലെ പിഴത്തുകയില്‍ ജൂണ്‍ 1 മുതല്‍ ഓഗസ്റ്റ് 31 വരെ 50 ശതമാനം ഇളവ് ലഭിക്കും.

എല്ലാത്തരം മെക്കാനിക്കല്‍ വാഹനങ്ങള്‍ക്കും ഇളവ് ബാധകമാണ്. സ്വദേശികള്‍ക്ക് പുറമെ രാജ്യത്തെ താമസക്കാര്‍, സന്ദര്‍ശകര്‍, ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളിലെ പൗരന്മാര്‍ എന്നിവര്‍ക്കെല്ലാം ഇളവ് ആനുകൂല്യം ലഭിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.