
സ്വന്തം ലേഖകൻ: പ്രവാസി തിരിച്ചറിയൽ കാർഡിനും പ്രവാസി രക്ഷ ഇന്‍ഷുറന്‍സ് പോളിസിക്കും നിരക്കുയർത്തിയെന്ന പ്രചാരണം ശരിയല്ലെന്ന് നോർക്ക റൂട്ട്സ് അറിയിച്ചു. ജി.എസ്.ടി ബാധകമായതാണ് നിരക്കിൽ വർധന വരാൻ കാരണം. പ്രവാസികളുടെ അപേക്ഷപ്രകാരം നോര്‍ക്ക റൂട്ട്സ് നല്‍കിവരുന്ന തിരിച്ചറിയല്‍ കാര്‍ഡുകളുടെയും ഇന്‍ഷുറന്‍സ് സേവനങ്ങളുടെയും ഫീസ് നിരക്കുകൾക്ക് ജി.എസ്.ടി ബാധകമാണെന്ന വ്യവസ്ഥയനുസരിച്ചാണ് നടപടി.
പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ്, സ്റ്റുഡന്റ്സ് ഐഡി കാര്‍ഡ്, എന്‍.ആര്.കെ ഇന്‍ഷുറന്‍സ് കാര്‍ഡ്, പ്രവാസി രക്ഷ ഇന്‍ഷുറന്‍സ് പോളിസി എന്നീ സേവനങ്ങള്‍ക്ക് നിലവിലെ നിരക്കിന്റെ 18 ശതമാനം ജി.എസ്.ടികൂടി ചേർത്ത തുകയാണ് നൽകേണ്ടിവരുക. കഴിഞ്ഞ നാലര വർഷമായി കാർഡുകളുടെ നിരക്കിൽ വർധന ഉണ്ടായിട്ടില്ല. ഇപ്പോഴും കാർഡിന്റെ വില വർധിപ്പിച്ചിട്ടില്ല. മറിച്ച്, ജി.എസ്.ടി നിരക്ക് ബാധകമാക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്.
കാർഡുകൾക്കുള്ള ഫീസ് ഒറ്റത്തവണ മാത്രമാണ് നൽകേണ്ടതെന്നും പ്രതിമാസമോ പ്രതിവർഷമോ ഒടുക്കേണ്ടതല്ലെന്നും നോർക്ക വ്യക്തമാക്കി. പുതിയ നിരക്കുകള്‍ അനുസരിച്ച് പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ്, സ്റ്റുഡന്റ് ഐഡി കാര്‍ഡ്, എന്‍.ആര്.കെ ഇന്‍ഷുറന്‍സ് കാര്‍ഡ് എന്നിവക്ക് നിലവിലെ നിരക്കായ 315 രൂപക്കു പകരം 372 രൂപ നൽകേണ്ടിവരും. പ്രവാസി രക്ഷ ഇന്‍ഷുറന്‍സ് പോളിസി 550 രൂപയില്‍നിന്ന് 649 രൂപയാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല