1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 27, 2024

സ്വന്തം ലേഖകൻ: പ്രവാസികൾക്കുള്ള ‘വായ്പ നിരോധനം’ കുവൈത്തിലെ പ്രമുഖ ബാങ്കുകൾ പിൻവലിക്കുന്നു. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കുവൈത്തികളല്ലാത്തവർക്ക് വായ്പ നൽകുന്നതിൽ ബാങ്കുകൾ നയം മാറ്റുന്നത്. 2023 മുതൽ വ്യക്തിഗത ധനസഹായം മന്ദഗതിയിലായ സാഹചര്യത്തിൽ വായ്പാ വളർച്ച വർധിപ്പിക്കുന്നതിന് പ്രമുഖ ബാങ്കുകൾ നയം മാറ്റുകയാണെന്ന് അൽ റായി ദിനപത്രമാണ് റിപ്പോർട്ട് ചെയ്തത്.

കോവിഡ് കാലം മുതൽ നിലവിലുള്ള റസിഡന്റ് ഫിനാൻസിംഗിലെ നിരോധനം പിൻവലിക്കാൻ പ്രമുഖ ബാങ്കുകൾ തങ്ങളുടെ ജീവനക്കാർക്ക് നിർദേശം നൽകിയതായി വിശ്വസനീയമായ ബാങ്കിംഗ് സ്രോതസ്സുകളിൽ നിന്ന് അറിയാൻ കഴിഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു. എന്നാൽ നിരവധി നിബന്ധനകളോടെയാണ് വായ്പ നൽകുക.

ഉപഭോക്താക്കൾക്ക് കുറഞ്ഞത് പത്ത് വർഷത്തെ മിനിമം സേവനാനന്തര ബോണസ് ഉണ്ടായിരിക്കുകയും ഒരു പ്രധാന, സ്ഥിരതയുള്ള കമ്പനിയിൽ ജോലി ഉണ്ടാകുകയും വേണം. ഗവൺമെൻറ് മേഖലകളിലെ കുവൈത്തികളല്ലാത്ത, 250 ദിനാർ ഏറ്റവും കുറഞ്ഞ ശമ്പളമുള്ള ജീവനക്കാർക്ക് ഇപ്പോൾ വായ്പയെടുക്കാൻ അർഹതയുണ്ടെന്ന് സമീപകാല സംഭവവികാസങ്ങൾ സൂചിപ്പിക്കുന്നു. സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് കുറഞ്ഞ ശമ്പളം 500 ദിനാർ ഉണ്ടാകണം.

അപകടസാധ്യതകൾ ലഘൂകരിക്കുന്ന സേവനാനന്തര ബോണസ് പോലുള്ള അധിക ആനുകൂല്യങ്ങളുമുണ്ടാകണം. ജഡ്ജിമാർ, ഡോക്ടർമാർ, ആരോഗ്യ പ്രവർത്തകർ, എഞ്ചിനീയർമാർ, അധ്യാപകർ തുടങ്ങിയ പരമ്പരാഗത ജോലികൾ ചെയ്യുന്നവരാണ് ലോണിന് യോഗ്യതയുള്ള ജോലി പട്ടികയിലുള്ളത്.

കോപ്പറേറ്റീവ് സൊസൈറ്റികളിലെ ജീവനക്കാർ, കൺസ്ട്രക്ഷൻ സൂപ്പർവൈസർമാർ, മാധ്യമപ്രവർത്തകർ, അഡ്മിനിസ്‌ട്രേറ്റർമാർ, സാങ്കേതിക വിദഗ്ദർ, സമാന തൊഴിലുകൾ എന്നിവരെയും ലോണിന് പരിഗണിക്കുന്നു. നിർദ്ദിഷ്ട വ്യവസ്ഥകൾ പാലിക്കാനാകുന്ന ഉപഭോക്താക്കൾക്ക്, ജോലിയുടെ തരം, ഗ്രേഡ്, സ്ഥിരത എന്നിവയെ അടിസ്ഥാനമാക്കി അധിക മാർജിനുകൾക്കൊപ്പം, സേവനാനന്തര ബോണസിന്റെ മൂല്യം കവിയുന്ന വായ്പകളും ലഭ്യമായേക്കാം.

അതേസമയം, സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത് അനുശാസിക്കുന്ന പ്രകാരം വായ്പാ തുക 25,000 ദിനാറായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇടപാടുകാരന്റെ ദീർഘകാല വളർച്ച, ശമ്പളം, സേവനാനന്തര ബോണസ്, ഡെപ്പോസിറ്റുകൾ എന്നിവ അനുസരിച്ചാകും തവണ പരിധി നിർണയിക്കപ്പെടക.

മുമ്പ് ഇടത്തരം, ചെറുകിട ബാങ്കുകൾ ആധിപത്യം പുലർത്തിയിരുന്ന ഒരു മത്സര മേഖലയിലേക്ക് പ്രധാന ബാങ്കുകൾ ഇപ്പോൾ പ്രവേശിക്കുകയാണ്. 300 ദിനാർ മുതൽ ശമ്പളം ലഭിക്കുകയും കുറഞ്ഞ രീതിയിലെങ്കിലും സേവനാനന്തര ബോണസ് വ്യവസ്ഥകൾ പാലിക്കുകയും ചെയ്ത കുവൈത്തികളല്ലാത്തവർക്ക് ചെറിയ ബാങ്കുകൾ വായ്പ നൽകിത്തുടങ്ങിയിട്ടുണ്ട്. പ്രമുഖ ബാങ്കുകൾ കൂടി വായ്പാ രംഗത്ത് എത്തുന്നത് കുവൈത്തികളല്ലാത്ത കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാൻ സാധ്യതയുണ്ട്.

വ്യക്തിഗത തലത്തിലും കോർപ്പറേറ്റ് തലത്തിലുമുണ്ടായ വായ്പ രംഗത്തെ മാന്ദ്യമാണ് വായ്പാ നയത്തിലെ മാറ്റത്തിന് കാരണം. നിയന്ത്രണങ്ങൾ ലഘൂകരിക്കാൻ ഇതാണ് ബാങ്കുകളെ പ്രേരിപ്പിക്കുന്നത്. തൊഴിൽദാതാക്കൾ പ്രമുഖരും സ്ഥിരതയുള്ളവരുമാണെങ്കിൽ, കുവൈത്തികളല്ലാത്തവർക്ക് അവരുടെ ശേഷിക്ക് അനുസരിച്ച് വായ്പ നൽകാന ഇപ്പോൾ പല ബാങ്കുകളും തയ്യാറാണ്.

കുവൈത്ത്‌വത്കരണത്തിന് സാധ്യതയുള്ള ഗവൺമെൻറ് ജോലികളിലുള്ളവർക്ക് വായ്പ നൽകുന്നതിൽ ബാങ്കുകൾ ജാഗ്രത തുടരും. വായ്പ നൽകുന്നതിന് അർഹതയില്ലാത്ത ജോലികളുടെ റെഡ് ലിസ്റ്റ് ഉണ്ട്. കുവൈത്ത് പൗരന്മാരെ നിയമിക്കണമെന്ന് ആവശ്യപ്പെടുന്ന കർശനമായ സിവിൽ സർവീസ് കമ്മീഷൻ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിലുള്ള ജോലികളാണ് അവയിൽ പ്രധാനമായുമുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.