സ്വന്തം ലേഖകന്‍: ഭീകരത കയറ്റുമതി ചെയ്യുന്ന പരിപാടി നിര്‍ത്തിയില്ലെങ്കില്‍ ‘വേണ്ടതു ചെയ്യും’, പാകിസ്താനെതിരെ അന്ത്യശാസനവുമായി അമേരിക്ക. ‘വേണ്ടതെന്താണോ അതു ചെയ്യും’ എന്നായിരുന്നു പാക്കിസ്ഥാനെക്കുറിച്ചുള്ള ചോദ്യത്തിനു യുഎസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസിന്റെ മറുപടി. നയതന്ത്രതലത്തില്‍ ഒറ്റപ്പെടുത്തിയും അമേരിക്കയുമായുള്ള നാറ്റോ ഇതര സഖ്യകക്ഷിയെന്ന സ്ഥാനം എടുത്തുകളഞ്ഞും പാക്കിസ്ഥാനെ പാഠം പഠിപ്പിക്കുമെന്നാണ് ജിം മാറ്റിസിന്റെ പ്രസ്താവന അര്‍ഥമാക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
‘നമ്മുടെ ശ്രമങ്ങള്‍ പരാജയപ്പെട്ടാല്‍, അവശ്യമായ എന്തു നടപടിയെടുക്കാനും പ്രസിഡന്റ് ട്രംപ് തയാറാണ്,’ ഹൗസ് ആംഡ് സര്‍വീസസ് കമ്മിറ്റിക്കു മുന്‍പാകെ ദക്ഷിണേഷ്യ, അഫ്ഗാനിസ്ഥാന്‍ വിഷയങ്ങളില്‍ നിലപാട് വ്യക്തമാക്കവെ മാറ്റിസ് പറഞ്ഞു. ഭീകരതയ്‌ക്കെതിരെ നടപടിയെടുക്കാത്ത പാക്കിസ്ഥാനെക്കുറിച്ചു കോണ്‍ഗ്രസ് അംഗം റിക് ലാര്‍സന്‍ ആശങ്കപ്പെട്ടപ്പോഴായിരുന്നു മാറ്റിസിന്റെ മറുപടി. അവര്‍ക്കെതിരെ അതിശക്തമായ നിരവധി സാധ്യതകള്‍ ഉപയോഗിക്കാനാകുമെന്നും മാറ്റിസ് വ്യക്തമാക്കി.
അടുത്തിടെ ഇന്ത്യ സന്ദര്‍ശിച്ച ജിം മാറ്റിസ്, കഴിഞ്ഞ ദിവസം പാക്ക്– ചൈന സാമ്പത്തിക ഇടനാഴിക്കെതിരെയും നിലപാടെടുത്തിരുന്നു. ഇന്ത്യയില്‍ നിന്നു ഭീഷണിയുണ്ടെന്ന ഒഴികഴിവു പറഞ്ഞു പാക്കിസ്ഥാന്‍ ഭീകരര്‍ക്കു താവളമൊരുക്കുന്നതു തുടരുകയാണെന്നും ഉപരോധം അടക്കമുള്ള കര്‍ശന നടപടികളുണ്ടാകുമെന്നും യുഎസ് മുന്‍പും ആരോപിച്ചിരുന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ ദക്ഷിണേഷ്യ നയം പ്രഖ്യാപിക്കവെ ട്രംപ് പാക്കിസ്ഥാനെ കടന്നാക്രമിച്ചിരുന്നു. കൂടാതെ പാക്കിസ്ഥാനുള്ള സാമ്പത്തിക, സൈനിക സഹായം അമേരിക്ക വെട്ടിക്കുറക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല