1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 25, 2023

സ്വന്തം ലേഖകൻ: ഷെയ്സൺ പി ഔസേഫ് സംവിധാനം ചെയ്ത് മലയാളികളായ ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുടെ മുൻകൈയിൽ ഒരുങ്ങിയ സിനിമയാണ് ‘ഫെയ്സ് ഓഫ് ദ ഫെയ്സ് ലെസ്’. വിവിധ രാജ്യങ്ങളിൽ നടന്ന ശ്രദ്ധേയമായ ഫിലിം ഫെസ്റ്റിവലുകളിൽ ഇന്ത്യൻ സിനിമയുടെ അഭിമാനമായി മാറിയ ചിത്രം വീണ്ടും വാർത്തയാവുകയാണ്. വത്തിക്കാനിൽ പ്രദർശിപ്പിച്ച ആദ്യ മലയാളചിത്രം എന്ന ഖ്യാതി ‘ഫെയ്സ് ഓഫ് ദ ഫെയ്സ് ലെസ്’നെ തേടിയെത്തിയിരിക്കുകയാണ്.

വത്തിക്കാനിലെ പലാസോ സാൻ കാർലോയിലെ സല ഫിൽമോറ്റെക്കയിൽ വെച്ചാണ് ക്ഷണിക്കപ്പെട്ട അതിഥികൾക്കായി ‘ഫെയ്സ് ഓഫ് ദ ഫെയ്സ് ലെസി’ന്റെ പ്രദർശനം നടത്തിയത്. ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ചിത്രത്തിന്റെ സംവിധായകനുൾപ്പെടെയുള്ളവർ മാർപ്പാപ്പയെ സന്ദർശിച്ചിരുന്നു. അദ്ദേഹത്തിനുവേണ്ടിയും പ്രദർശനം സംഘടിപ്പിക്കുന്നുണ്ട്. അനു​ഗ്രഹിക്കപ്പെട്ട മുഹൂർത്തം എന്നാണ് ഈ വിവരം പങ്കുവെച്ചുകൊണ്ട് സംവിധായകൻ ഷെയ്സൺ ഫെയ്സ്ബുക്കിൽ കുറിച്ചത്. തങ്ങളുടെ ചിത്രത്തെ മാർപ്പാപ്പക്ക് പരിചയപ്പെടുത്തിയെന്നും അദ്ദേഹം അറിയിച്ചു.

1995ൽ മധ്യപ്രദേശിൽ വച്ച് കൊലചെയ്യപ്പെട്ട മലയാളി കന്യാസ്ത്രീ റാണി മരിയയുടെ ബയോപിക് ആയ ചിത്രം ബോംബെയിലെ ട്രൈലൈറ്റ് ക്രിയേഷൻസിന്റെ ബാനറിൽ സാന്ദ്ര ഡിസൂസ റാണ ആണ് നിർമ്മിച്ചത്. ജയപാൽ അനന്തൻ തിരക്കഥയും ദേശീയ പുരസ്കാരം നേടിയ ക്യാമറാമാൻ മഹേഷ് ആനെ ചായാഗ്രാഹണവും നിർവഹിച്ചു. നൂറിലേറെ മലയാള ചലച്ചിത്രങ്ങളുടെ എഡിറ്റിംഗ് നിർവഹിച്ച രഞ്ജൻ എബ്രഹാം ആണ് എഡിറ്റർ. കൈതപ്രത്തിന്റെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയതും പശ്ചാത്തല സംഗീതം നിർവഹിച്ചതും അൽഫോൺസ് ജോസഫ് ആണ്. നിർമ്മാണ നിർവഹണം ഷാഫി ചെമ്മാട്.

സിസ്റ്റർ റാണി മരിയയായി വിൻസി അലോഷ്യസ് വേഷമിട്ട ചിത്രത്തിൽ 15 സംസ്ഥാനങ്ങളിൽ നിന്നുള്ള 150 ഓളം അഭിനേതാക്കളാണ് കഥാപാത്രങ്ങളായെത്തിയത്. നിരവധി പുരസ്കാരങ്ങളും ഇതിനോടകം ചിത്രത്തെ തേടിയെത്തിയിട്ടുണ്ട്. ന്യൂയോർക്ക് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ വിൻസി അലോഷ്യസിന് മികച്ച നടിക്കും സംവിധായകൻ ഷൈസൺ പി ഔസേഫിന് മികച്ച നവാഗത സംവിധായകനുമുള്ള അവാർഡുകൾ ലഭിച്ചിരുന്നു.

പാരീസ് സിനി ഫിയസ്റ്റയിൽ ‘ബെസ്റ്റ് വുമൻസ് ഫിലിം’ പുരസ്കാരവും കാനഡയിലെ ടൊറന്റോ ഇൻഡിപെൻഡന്റ് ഫിലിം ഫെസ്റ്റിവലിൽ ‘ബെസ്റ്റ് ഹ്യൂമൻ റൈറ്റ്സ് ഫിലിം’ പുരസ്കാരവും ഉൾപ്പെടെ മുപ്പതോളം രാജ്യാന്തര പുരസ്കാരങ്ങൾ സിനിമ ഇതുവരെ കരസ്ഥമാക്കിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.