
സ്വന്തം ലേഖകൻ: സമൂഹമാധ്യമ ചൂഷണത്തിന് അറുതി വരുത്താൻ ഓസ്ട്രേലിയ കൊണ്ടുവന്ന പുതിയ നിയമത്തെ വാർത്താ ബഹിഷ്കരണത്തിലൂടെ നേരിട്ട് ഫെയ്സ്ബുക്. ഓസ്ട്രേലിയൻ മാധ്യമങ്ങളിൽനിന്നുള്ള വാർത്തകൾക്കു പ്രതിഫലം നൽകുന്നത് ഒഴിവാക്കാൻ ഓസ്ട്രേലിയയെത്തന്നെ ഫെയ്സ്ബുക് ‘അൺഫ്രണ്ട്’ ചെയ്തു.
വാർത്തകൾ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്യാൻ ഇനി ഓസ്ട്രേലിയയിലെ മാധ്യമങ്ങൾക്കും ഉപയോക്താക്കൾക്കും അനുമതിയില്ല. വിവിധ മാധ്യമങ്ങളുടെ ഫെയ്സ്ബുക് പേജുകളിൽനിന്ന് ഫെയ്സ്ബുക് തന്നെ ഇന്നലെ വാർത്തകൾ തുടച്ചുനീക്കി. സർക്കാർ അറിയിപ്പുകൾ ഉൾപ്പെടെയുള്ളവ നീക്കം ചെയ്ത നടപടിയിൽ അധികൃതർ അതൃപ്തി രേഖപ്പെടുത്തി.
അതേസമയം, നിയമത്തിന്റെ പേരിൽ ഓസ്ട്രേലിയയിൽ സേർച് എൻജിന്റെ പ്രവർത്തനം അവസാനിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയ ഗൂഗിൾ ഇന്നലെ റുപർട് മർഡോക്കിന്റെ ന്യൂസ് കോർപറേഷനുമായും സെവൻ വെസ്റ്റ് മീഡിയയുമായും ധാരണയിലെത്തി. ഇതനുസരിച്ച് നിശ്ചിത പ്രതിഫലം നൽകി ഈ മാധ്യമങ്ങളിൽനിന്നുള്ള വാർത്തകളുടെ ചുരുക്കവും ലിങ്കുകളും ഗൂഗിൾ സേർച് ഫലങ്ങളിൽ ലഭ്യമാക്കും.
ഓസ്ട്രേലിയ പാസാക്കിയ നിയമപ്രകാരം രാജ്യത്തെ വാർത്താമാധ്യമങ്ങളിൽ നിന്നുള്ള ലിങ്കുകളോ വാർത്താസംക്ഷിപ്തമോ ഉപയോഗിക്കുന്ന ഇന്റർനെറ്റ് കമ്പനികൾ മാധ്യമ സ്ഥാപനങ്ങൾക്കു പ്രതിഫലം നൽകണം. ഗൂഗിളും ഫെയ്സ്ബുക്കും ഉൾപ്പെടെയുള്ള കമ്പനികൾ മാധ്യമ വാർത്തകൾ സേർച് ഫലങ്ങളിലും ന്യൂസ് ഫീഡുകളിലും നൽകി വലിയ തുക പരസ്യവരുമാനമായി നേടുന്ന സാഹചര്യത്തിലാണ് വാർത്തകൾക്കു പ്രതിഫലം നൽകണമെന്നു നിയമം ആവശ്യപ്പെടുന്നത്.
ഫ്രാൻസ്, ജർമനി, സ്പെയിൻ തുടങ്ങിയ രാജ്യങ്ങൾ സമാന നടപടികൾ നേരത്തേ ആരംഭിച്ചെങ്കിലും ലോകത്താദ്യമായി ഇത്തരമൊരു നിയമം പാസാക്കുന്നത് ഓസ്ട്രേലിയയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല