സ്വന്തം ലേഖകന്‍: അഞ്ചുകോടി ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നതായി സക്കര്‍ബെര്‍ഗ്. ഇന്ത്യയിലെ നല്ലൊരു വിഭാഗം ഉപയോക്താക്കളുടേയും വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടാകാമെന്നാണ് കരുതുന്നത്. അക്കൗണ്ടുകള്‍ സുരക്ഷിതമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും സക്കര്‍ബെര്‍ഗ് പറഞ്ഞു.
പ്രൈവസി ഫീച്ചറിലെ സുരക്ഷാ പാളിച്ച കണ്ടെത്തിയാണ് ഹാക്കര്‍മാര്‍ വ്യക്തിഗത വിവരങ്ങളിലേക്ക് നുഴഞ്ഞു കയറിയത്. മറ്റുള്ളവര്‍ നമ്മുടെ ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ എങ്ങനെ കാണുന്നുവെന്ന് നോക്കാനുള്ള ഫീച്ചറിലാണ് സുരക്ഷാ പാളിച്ചയുണ്ടായതെന്നും സക്കര്‍ബെര്‍ഗ് പറഞ്ഞു.
ഏതൊക്കെ രാജ്യത്തുനിന്നുള്ളവരുടെ അക്കൗണ്ടുകളിലാണ് നുഴഞ്ഞു കയറ്റമുണ്ടായതെന്ന വിവരം കമ്പനി പുറത്തുവിട്ടിട്ടില്ല. 200 കോടി ഉപയോക്താക്കളില്‍ 27 കോടി ഉപയോക്താക്കള്‍ ഫെയ്‌സ്ബുക്കിന് ഇന്ത്യയില്‍ നിന്നു മാത്രമുണ്ട്. ഇന്ത്യക്കാര്‍ ആരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇന്ത്യയിലെ ഫെയ്‌സ്ബുക്ക് മേധാവിയും പ്രതികരിച്ചില്ല.
കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചക്ക് ശേഷമാണ് അക്കൗണ്ടുകളില്‍ നുഴഞ്ഞു കയറിയതായി ഫെയ്‌സ്ബുക്ക് സാങ്കേതിക വിദഗ്ധര്‍ ഹാക്കര്‍മാര്‍ കണ്ടെത്തിയത്. സുരക്ഷാ വീഴ്ച കണ്ടെത്തിയ മറ്റ് നാല് കോടി അക്കൗണ്ടുകള്‍ ഉടന്‍ സുരക്ഷിതമാക്കാനുള്ള നടപടികള്‍ കമ്പനി സ്വീകരിക്കുകയായിരുന്നു. ആരാണ് ഈ സൈബര്‍ ആക്രമണത്തിന് പിന്നിലെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല