
സ്വന്തം ലേഖകൻ: ഇന്ത്യയിലെ നാല് ലാബുകളില്‍നിന്നുള്ള കൊവിഡ് നെഗറ്റീവ് പരിശോധനാ റിപ്പോര്‍ട്ടുകള്‍ അംഗീകരിക്കില്ലെന്ന് ദുബായ്. ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി എയര്‍ഇന്ത്യ അധികൃതരെയാണ് ഇക്കാര്യം അറിയിച്ചത്.
ജയ്പൂരിലെ സൂര്യം ലാബ്, കേരളത്തിലെ മൈക്രോ ഹെല്‍ത്ത് ലാബ്, ഡല്‍ഹിയിലെ ഡോ.പി.ഭാസിന്‍ പാത്ലാബ്സ് ലിമിറ്റഡ്, നോബിള്‍ ഡയഗ്‌നോസ്റ്റിക് സെന്റര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ആര്‍.ടി-പി.സി.ആര്‍ പരിശോധനാ ഫലത്തിനാണ് ദുബായില്‍ അംഗീകാരമില്ലാത്തത്.
ഇവിടങ്ങളില്‍ നിന്നുള്ള കൊവിഡ് പരിശോധനാഫലങ്ങള്‍ അസാധുവായി കണക്കാക്കുമെന്ന് എയര്‍ഇന്ത്യ എക്സ്പ്രസ് വൃത്തങ്ങള്‍ അറിയിച്ചു. ദുബായിലേക്ക് വരുന്നവര്‍ അതോറിറ്റി നിര്‍ദേശങ്ങള്‍ പാലിച്ച് അംഗീകൃത ലാബുകളില്‍ നിന്നുള്ള കൊവിഡ് നെഗറ്റീവ് പരിശോധനാഫലം സമര്‍പ്പിക്കണം.
ഫ്ളൈ ദുബായ് എയര്‍ലൈനും സമാനമായ അറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം പ്യുവര്‍ ഹെല്‍ത്ത് അംഗീകരിച്ച ലാബുകളില്‍ നിന്നുള്ള കൊവിഡ് പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമേ അംഗീകരിക്കൂവെന്ന് ദുബായ് സിവില്‍ അതോറിറ്റി അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.
വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായുള്ള എയര്‍ ഇന്ത്യാ വിമാനങ്ങള്‍ക്ക് ദുബായ് നേരത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ വ്യോമയാനമന്ത്രാലയങ്ങള്‍ നടത്തിയ ചര്‍ച്ചക്കൊടുവില്‍ വീണ്ടും സര്‍വീസ് പുനരാരംഭിച്ചപ്പോഴാണ് എയര്‍ ഇന്ത്യയുടെ അറിയിപ്പ്.
കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്ന് ദുബായിലേക്കു പോകാനെത്തിയ മുന്നൂറിലേറെ പേരുടെ യാത്രയാണ് മുടങ്ങിയത്. ഇവരുടെ ടിക്കറ്റുകൾ മറ്റു ദിവസങ്ങളിലേയ്ക്കു മാറ്റി നൽകിയേക്കും. യാത്ര പുറപ്പെടുന്നതിന് 96 മണിക്കൂർ മുമ്പു വരെയുള്ള ആർടിപിസിആർ പരിശോധനാഫലമാണ് വേണ്ടത്.
കേരളത്തിൽ നേരിട്ടു ലാബുകളില്ലാത്ത പ്യുവർ ഹെൽത്ത് ലാബിന്റെ ഉപകരാർ എടുത്തിരുന്ന മലപ്പുറം വളാഞ്ചേരിയിലെ സ്ഥാപനം 2500 വ്യാജ സർട്ടിഫിക്കറ്റുകളെങ്കിലും വിതരണം ചെയ്തതായി മൈക്രോ ലാബ് സിഇഒയും എംഡിയുമായ സി.കെ. നൗഷാദ് പറഞ്ഞു.
ആർസെൽ, ബാലാജി തുടങ്ങി വിവിധ ലാബുകളുമായി കരാറിൽ ഏർപ്പെട്ടതായും അവ ഉടൻ തന്നെ പരിശോധന നടത്തിത്തുടങ്ങുമെന്നും പ്യുവർ ഹെൽത്ത് വക്താവ് അറിയിച്ചു.
കൊച്ചി വിമാനത്താവളത്തിൽ നിന്ന് രാവിലെ എയർ ഇന്ത്യ എക്സ്പ്രസിൽ പോകാനെത്തിയ 48 പേരും കരിപ്പൂരിൽ നിന്ന് പുലർച്ചെ സ്പൈസ് ജെറ്റ് വിമാനത്തിൽ പോകാനെത്തിയ നൂറോളം പേരും കണ്ണൂരിൽ നിന്നു 125 പേരും മംഗലാപുരത്തു നിന്നുള്ള എഴുപതോളം പേരും യാത്ര മുടങ്ങിയവരിൽ ഉൾപ്പെടുന്നു.
തിരുവനന്തപുരം വിമാനത്താവളത്തിൽ ദുബായ് യാത്രയ്ക്കു തടസ്സമില്ലെന്ന് എയർപോർട്ട് ഡയറക്ടർ അറിയിച്ചെങ്കിലും കേരളത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം കൂടിയതോടെ ഗൾഫ് രാജ്യങ്ങൾ യാത്രാനുമതി നൽകുന്നതു കുറച്ചിട്ടുണ്ടെന്ന് നോർക്ക അധികൃതർ സൂചിപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല