1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 4, 2015

സ്വന്തം ലേഖകന്‍: മസൂറിയിലെ ഐഎഎസ് പരിശീലന കേന്ദ്രത്തില്‍ നുഴഞ്ഞു കയറിയ വ്യാജ ഐഎഎസുകാരി റൂബി ചൗധരി അക്കാദമി അധികൃതര്‍ക്കെതിരെ ആത്മഹത്യാ ഭീഷണി മുഴക്കി. അഞ്ചു ലക്ഷം രൂപ കോഴ വാങ്ങി തനിക്കു വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയത് അക്കാദമി ഡപ്യൂട്ടി ഡയറക്ടര്‍ സൗരഭ് ജയിനാണെന്ന ഗുരുതരമായ ആരോപണവും റൂബി ഉന്നയിച്ചിട്ടുണ്ട്. അദ്ദേഹത്തിനെതിരെ ഉടന്‍ നടപടി എടുക്കാതെ തന്നെ ബലിയാടാക്കാന്‍ ശ്രമിച്ചാല്‍ ജീവിതം അവസാനിപ്പിക്കും എന്നാണ് ഭീഷണി.

പ്രൊബേഷനറി ഐഎഎസ് ഓഫിസര്‍ എന്ന നിലയില്‍ എല്ലാ ഔദ്യോഗിക സൗകര്യങ്ങളും ഉപയോഗിച്ച് ഏഴുമാസമായി അക്കാദമിയില്‍ താമസിച്ചിരുന്ന യുപിയിലെ മുസഫര്‍ നഗര്‍ സ്വദേശിനി റൂബി ചൗധരി ഐഎഎസ് നേടിയിട്ടില്ലെന്നു ദിവസങ്ങള്‍ക്കു മുന്‍പാണ് കണ്ടെത്തിയത്. നേരത്തെ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അക്കാദമി സന്ദര്‍ശിച്ചപ്പോള്‍ റൂബി മറ്റുള്ളവര്‍ക്കൊപ്പം ചടങ്ങുകളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.ആള്‍മാറാട്ടം പുറത്തുവന്നതിനെ തുടര്‍ന്ന് അക്കാദമി അധികൃതരുടെ പരാതിയില്‍ ഇവര്‍ക്കെതിരെ കേസെടുത്തു. കഴിഞ്ഞമാസം 27 നു സ്ഥാപനത്തില്‍നിന്നു പുറത്തുപോയ യുവതിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

കോഴയായി 20 ലക്ഷം രൂപ നല്‍കണമെന്ന വ്യവസ്ഥയില്‍ സൗരഭ് ജയിന്‍ തനിക്കു ലൈബ്രറിയില്‍ ജോലി വാഗ്ദാനം ചെയ്തിരുന്നുവെന്നാണ് റൂബി പറയുന്നത്. ഇതില്‍ ആദ്യ ഗഡുവായി അഞ്ചു ലക്ഷം നല്‍കി. പ്രൊബേഷനര്‍മാരുടെ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയതും സൗരഭാണ്. ആരോപണം തന്റെ മാനംകെടുത്തിയതായും കുടുംബജീവിതം തകര്‍ത്തതായും അവര്‍ പറഞ്ഞു.

ഉത്തരകാശി മുന്‍ ജില്ലാ കലക്ടര്‍ കൂടിയായ സൗരഭ് രാഷ്ട്രീയ ഉദ്യോഗസ്ഥ തലത്തില്‍ വന്‍ സ്വാധീനമുള്ളയാളാണ്. നീതിപൂര്‍വമായ അന്വേഷണം നടത്തി തെറ്റു ചെയ്തവര്‍ക്കെതിരെ നടപടിയെടുക്കണമെന്നു മാത്രമേ താന്‍ ആവശ്യപ്പെടുന്നുള്ളൂവെന്നും തെറ്റുകാരിയെങ്കില്‍ ശിക്ഷ ഏറ്റുവാങ്ങാന്‍ തയാറാണെന്നും അവര്‍ പറഞ്ഞു.

ആള്‍മാറാട്ടത്തിനും വഞ്ചനയ്ക്കും യുവതിക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും വനിതാ എസ്പി ഷാജഹാന്‍ അന്‍സാരിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം തുടരുകയാണെന്നും ഡിഎജെി ബിഎസ് സിദ്ദു പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.