
സ്വന്തം ലേഖകൻ: കുടവയറും കഷണ്ടിയുമൊക്കെ ‘പൊടി’ പ്രയോഗത്തിലൂടെ മാറ്റാൻ ‘വൈദ്യന്മാർ’! . ബർദുബായും സമീപ മേഖലകളുമാണ് തട്ടിപ്പുകാരുടെ കേന്ദ്രങ്ങൾ. ഇവരുടെ വാക്കിൽ വീണുപോയ പലർക്കും പണം നഷ്ടപ്പെട്ടു. ചില ചെറുകിട കച്ചവടക്കാരുമായി സഹകരിച്ചാണ് തട്ടിപ്പ്.
അറേബ്യൻ ഒറ്റമൂലികളെക്കുറിച്ചും മറ്റും വിശദീകരിച്ച് കടകളിലെത്തിച്ച് ഇവർ സ്ഥലം വിടും. കടക്കാരിൽ നിന്ന് ഇവർക്ക് കമ്മിഷനും കിട്ടും. ഹിന്ദിയും ഇംഗ്ലിഷും ആകർഷകമായി സംസാരിക്കുന്നതാണ് തട്ടിപ്പുകാരുടെ മറ്റൊരു പ്രത്യേകത. കച്ചവടക്കാരൻ പലതരം പൊടികളും എണ്ണകളും പരിചയപ്പെടുത്തുന്നു. പൊടികൾ കഴിക്കുകയും എണ്ണ തലയിൽ പുരട്ടുകയും ചെയ്താൽ ഏതാനും ആഴ്ചകൾക്കുള്ളിൽ സമൃദ്ധമായി മുടിവരുമെന്നാണ് വാഗ്ദാനം.
ആഴ്ചകളോളം മരുന്നു കഴിച്ചിട്ടും മുടി വളരാതായതോടെയാണ് പലർക്കും തട്ടിപ്പു മനസ്സിലായത്. നാണക്കേടു ഭയന്ന് ആരും പരാതിപ്പെടാത്തതും തട്ടിപ്പുകാർക്ക് അനുഗ്രഹമാകുന്നു. ഇത്തരം കച്ചവടങ്ങൾക്ക് ബിൽ ഉണ്ടാകില്ല. തിരക്കേറിയ മേഖലകളിലെ ചെറിയ കടകൾ കണ്ടുപിടിക്കുന്നത് എളുപ്പമല്ലെന്നു മാത്രമല്ല അവിടെ പഴയ കച്ചവടക്കാരൻ ഉണ്ടാകണമെന്നുമില്ല.
യുഎഇയിൽ അനധികൃത മരുന്നു വിൽപന ഗുരുതര നിയമ ലംഘനമാണ്. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഫാർമസികളിൽ നിന്നു മരുന്നു നൽകരുതെന്നാണു ചട്ടം. ∙ ആശുപത്രികളിലും ക്ലിനിക്കുകളിലും കൈകൊണ്ടെഴുതിയ കുറിപ്പടികൾ അനുവദിക്കില്ല. പകരം പ്രിന്റ് ചെയ്തവ നൽകണം. രോഗിയുടെയും ഡോക്ടറുടെയും പേരുകൾ, മരുന്നിന്റെ പേരും അളവും, ഡോക്ടറുടെ ഒപ്പ്, തീയതി എന്നിവ കുറിപ്പടിയിൽ ഉണ്ടാകണം.
വ്യാജ മരുന്നുകളുടെ വിൽപനയ്ക്ക് ഒരുവർഷം തടവും 5 ലക്ഷം ദിർഹം പിഴയുമാണു ശിക്ഷ. കുറ്റം ആവർത്തിച്ചാൽ ശിക്ഷ ഇരട്ടിയാകും. വ്യാജ ലൈസൻസ് ഉപയോഗിച്ചതായി തെളിഞ്ഞാൽ ഫാർമസിസ്റ്റിന് 2 വർഷം തടവും 2 ലക്ഷം ദിർഹം പിഴയും ലഭിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല