1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 23, 2024

സ്വന്തം ലേഖകൻ: മനുഷ്യരില്‍ കാന്‍സറിനും കരള്‍, വൃക്ക രോഗങ്ങള്‍ക്കും വരെ കാരണമായേക്കാവുന്ന തരത്തില്‍ സൗദിയില്‍ വില്‍പ്പന നടത്തുന്ന അറവ് മാംസങ്ങളില്‍ വിഷാംശം അടങ്ങിയതായി പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന് സൗദി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം അറിയിച്ചു. അറവ് മൃഗങ്ങള്‍ക്ക് നല്‍കുന്ന വെറ്റിനറി മരുന്നുകളില്‍ അടങ്ങിയിരിക്കുന്ന രാസപദാര്‍ഥങ്ങള്‍ അവയെ അറുത്ത ശേഷമുള്ള മാംസങ്ങളില്‍ അടങ്ങിയിട്ടുണ്ടെന്നും അത് കഴിക്കുന്നവരില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നുമാണ് പ്രചരിക്കുന്ന വാര്‍ത്തകള്‍.

അറവ് മാടുകള്‍ക്ക് മരുന്നുകള്‍ നേരിട്ടു നല്‍കുകയോ കുത്തിവയ്ക്കുകയോ ചെയ്ത ശേഷം നിശ്ചിത സമയം കഴിയുന്നതിന് മുമ്പ് അവ അറുക്കുകയോ അവയില്‍നിന്ന് പാല്‍ കറന്നെടുക്കുകയോ ചെയ്താല്‍ മാംസത്തിലും പാലിലും മരുന്നിന്റെ അംശം കലര്‍ന്നിരിക്കുമെന്നും അത്തരം സംഭവങ്ങള്‍ സൗദിയില്‍ വ്യാപകമാണ് എന്നും വാര്‍ത്തകളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ രാജ്യത്ത് ഉണ്ടായിട്ടില്ലെന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം.

മരുന്ന് നല്‍കിയ ഉടനെ മൃഗങ്ങളെ അറുക്കുകയാണെങ്കില്‍ അവയില്‍ മരുന്നിന്റെ അംശം ഉണ്ടാവുക സ്വാഭാവികമാണെന്നും എന്നാല്‍ നിശ്ചിതകാലയളവിന് ശേഷം മാത്രമേ സൗദിയിലെ അറുവശലകളില്‍ മൃഗങ്ങളെ അറക്കാറുള്ളൂ എന്നും മന്ത്രാലയം വ്യക്തമാക്കി.

കശാപ്പിന് ശേഷം മൃഗങ്ങളെ പരിശോധിക്കാന്‍ വിപുലമായ സംവിധാനങ്ങള്‍ രാജ്യത്തുണ്ട്. രാജ്യത്തുടനീളമുള്ള 380ലധികം അറവുശാലകളില്‍ 1,050-ലധികം മൃഗഡോക്ടര്‍മാരുടെ മേല്‍നോട്ടത്തിലാണ് പരിശോധന നടത്തുന്നതെന്നും മന്ത്രാലയം വ്യക്തമക്കി. ദിനംപ്രതി 22,000ത്തിലധികം മൃഗങ്ങളെ ഈ രീതിയില്‍ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. അവ സുരക്ഷിതവും രോഗങ്ങളോ പരിക്കുകളോ കുത്തിവയ്പ്പുകളുടെ അവശിഷ്ടങ്ങളോ ഇല്ലാത്തതും മനുഷ്യ ഉപഭോഗത്തിന് അനുയോജ്യവുമാണെന്നും ഉറപ്പാക്കിയ ശേഷം മാത്രമാണ് വില്‍പ്പനയ്ക്ക് അനുമതി നല്‍കുന്നതെന്നും പ്രസ്താവനയില്‍ അറിയിച്ചു.

മന്ത്രാലയത്തിന്റെ അനുമതിയോടെ പ്രവര്‍ത്തിക്കുന്ന ഔദ്യോഗിക അറവുശാലകളില്‍ മാത്രമേ തങ്ങളുടെ മൃഗങ്ങളെ അറുക്കാവൂ എന്ന് അധികൃതര്‍ പൗരന്മാരോടും താമസക്കാരോടും അഭ്യര്‍ത്ഥിച്ചു. മൃഗങ്ങളുടെ ആരോഗ്യ സംരക്ഷണ മേഖലകളില്‍ വെറ്ററിനറി ഉല്‍പ്പന്നങ്ങളുടെ ഉപയോഗം ശക്തമായ നിരീക്ഷണത്തിന് വിധേയമാണ്. സ്ഥാപനങ്ങള്‍ ആവശ്യമായ മാനദണ്ഡങ്ങളും നിര്‍ദ്ദേശങ്ങളും നടപ്പിലാക്കുന്നുവെന്ന് മന്ത്രാലയം ഉറപ്പാക്കുന്നുണ്ട്. ഔട്ട്‌ലെറ്റുകളിലെത്തുന്ന മാംസാഹാരങ്ങള്‍ വിഷരഹിതമാണെന്ന് ഉറപ്പുവരുത്തുന്നതിന് അവിടങ്ങളിലും പരിശോധനകള്‍ നടത്തുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

ഉയര്‍ന്ന നിലവാരമുള്ള വെറ്റിനറി മരുന്നുകള്‍ക്ക് മാത്രമാണ് സൗദിയിലെ ബന്ധപ്പെട്ട റെഗുലേറ്ററി ഏജന്‍സികള്‍ അനുമതി നല്‍കുന്നത്. മരുന്നുകളുടെ സംഭരണ വസ്ഥകളും അവയുടെ കാലഹരണ തീയതിയും കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് വെറ്റിനറി ഫാര്‍മസികളില്‍ ഫീല്‍ഡ് പരിശോധനകളും മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ നടന്നുവരുന്നതായും അധികൃതര്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.