
സ്വന്തം ലേഖകൻ: സ്വകാര്യ വാഹനങ്ങളിൽ സമാന്തര ടാക്സി സർവീസ് നടത്തുന്നവർക്കെതിരെ നടപടി കടുപ്പിച്ച് അധികൃതർ. ഇത്തരം വാഹനങ്ങളിൽ യാത്ര ചെയ്യുന്നതു കൊവിഡ് പകരാനുള്ള സാധ്യത കൂടുതലായതിനാലാണ് നരീക്ഷണവും നടപടികളും ശക്തമാക്കിയത്. നിരക്ക് കുറവാണെന്ന് കരുതി കളള ടാക്സികളിൽ യാത്ര ചെയ്താൽ പകർ ന്ന് കിട്ടുന്നത് കൊവിഡായിരിക്കുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.
അനുമതിയില്ലാതെ ടാക്സി ഓടിച്ചാൽ 3000 ദിർഹം പിഴ ചുമത്തുമെന്ന് തലസ്ഥാന പൊലീസ് ഗതാഗത സുരക്ഷാ വകുപ്പ് തലവൻ കേണൽ മുബാറക് ഇവദ് അറിയിച്ചു. വാഹനം ഒരു മാസത്തേക്ക് പൊലീസ് പിടിച്ചെടുക്കുന്നതിനു പുറമേ ഡ്രൈവറുടെ ലൈസൻസിൽ 24 ബ്ലാക്ക്മാർക്കും പതിക്കും. അണു നശീകരിക്കാത്ത , കൊവിഡ് പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കാത്ത വാഹനങ്ങളിൽ യാത്ര ചെയ്യരുത്.
യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാത്തതിനാൽ പൊതുജനാരോഗ്യത്തിന്റെ പ്രശ്നം കൂടിയാണ് വ്യാജ ടാക്സികളെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ആരോഗ്യ കേന്ദ്രങ്ങളും സർക്കാർ സംവിധാനങ്ങളും മഹാമാരിയെ പ്രതിരോധിക്കാൻ കഠിനമായി പ്രയത്നിക്കുന്ന ഘട്ടത്തിൽ കള്ള ടാക്സികൾ രോഗവാഹികൾ കൂടിയാവുകയാണ് .നിരന്തരം അണുവിമുക്തമാക്കിയും കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുമാണ് ട്രാൻസാഡ് ടാക്സികൾ നിരത്തിലാക്കുന്നതെന്ന കാര്യവും അധികൃതർ ഓർമിപ്പിച്ചു.
ഇതെല്ലാം അവഗണിച്ച് യാത്രക്കാരെ നിറച്ചാണ് വ്യാജ ടാക്സികൾ റോഡുകളിലോടുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. പാർപ്പിട കേന്ദ്രങ്ങൾ, ലേബർ ക്യാമ്പുകൾ, പൊതുഗതാഗത സ്റ്റോപ്പുകൾ ,വ്യാപാര സമുച്ചയങ്ങൾ കേന്ദ്രീകരിച്ചാണ് സമാന്തര ടാക്സിക്കാർ യാത്രക്കാരെ പിടിക്കുന്നത്. പൊലീസിനെ ഭയന്ന് വിദൂരത്ത് വാഹനം പാർക്ക് ചെയ്ത ശേഷമാണ് തുക ഉറപ്പിക്കാൻ ആളുകളുടെ അരികിലെത്തുന്നതെന്നും അധികൃതർ പറയുന്നു.
ജോലി നഷ്ടപ്പെട്ടവർ ഡ്രൈവിങ് ലൈസൻസ് പ്രയോജനപ്പെടുത്തി കള്ള ടാക്സി ഓടിക്കുന്നുണ്ട്. പഴയ വാഹനങ്ങൾ തരപ്പെടുത്തിയാണ് പലരും അനുമതി കൂടാതെ ടാക്സി ഓടിക്കുന്നത്. പൊലീസിൽ പരാതിപ്പെടുമെന്ന ഭയത്താൽ അറബ് രാജ്യക്കാരെ വാഹനങ്ങളിൽ കയറ്റാത്ത അനധികൃത ടാക്സിക്കാരുമുണ്ട്. അബൂദാബിയിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ നടത്തിയ നിരീക്ഷണത്തിൽ 8317 പേരാണ് സമാന്തര ടാക്സിയോടിച്ച് കുടുങ്ങിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല