1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 25, 2024

സ്വന്തം ലേഖകൻ: ഈ ഏപ്രില്‍ മാസത്തോടെ പ്രാബല്യത്തില്‍ വന്ന പുതിയ വിസ നിയമം കൂടുതല്‍ കുടുംബങ്ങളെ വേര്‍പിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. യു കെയില്‍ താമസിക്കുന്നതിന് ആവശ്യമായ ഫാമിലി വിസക്ക് അര്‍ഹത നേടാന്‍ മാനദണ്ഡമായ ഏറ്റവും ചുരുങ്ങിയ ശമ്പളത്തിന്റെ പരിധി ഉയര്‍ത്തിയതാണ് നിരവധി കുടുംബങ്ങളെ ആശങ്കയിലാഴ്ത്തിയിരിക്കുന്നത്. യു കെ യിലും വിദേശത്തുമായി താമസിക്കുന്ന കുടുംബങ്ങള്‍, തങ്ങളുടെ വിദേശ പങ്കാളിയുമൊത്ത് ഇനിയുള്ള കാലം ജീവിക്കാന്‍ കഴിയുമോ എന്ന ആശങ്കയിലാണ്.

യു കെയിലേക്കുള്ള കുടിയേറ്റം വര്‍ദ്ധിച്ചതോടെ കഴിഞ്ഞ ഡിസംബറിലായിരുന്നു നെറ്റ് മൈഗ്രേഷന്‍ കുറയ്ക്കുന്നതിനുള്ള പുതിയ നടപടികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. അതനുസരിച്ച് ഏപ്രില്‍ 11 മുതല്‍ ഫാമിലി വിസയ്ക്കായി അപേക്ഷിക്കണമെങ്കില്‍, അതല്ലെങ്കില്‍, വിദേശത്തുള്ള പങ്കാളിയെ ബ്രിട്ടനിലെക്ക് കൊണ്ടു വരണമെങ്കില്‍ ചുരുങ്ങിയത് പ്രതിവര്‍ഷം 29,000 പൗണ്ടെങ്കിലും ശമ്പളം ഉണ്ടായിരിക്കണം.

ഒരു ബ്രിട്ടീഷ് പൗരനോ അതല്ലെങ്കില്‍ ഇവിടെ സ്ഥിരതാമസമാക്കിയിരിക്കുന്ന വ്യക്തിക്കോ, വിദേശത്തുള്ള പങ്കാളിയെ ബ്രിട്ടനിലേക്ക് കൊണ്ടു വരുന്നതിന് ഫാമിലി വിസ ആവശ്യമാണ്. അതിനുള്ള മിനിമം ശമ്പളം 18,600 പൗണ്ട് ആയിരുന്നതാണ് ഇപ്പോള്‍ 29,000 പൗണ്ട് ആയി വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. എന്നാല്‍, ഇത് ഇവിടെ അവസാനിക്കുന്നില്ല. ഘട്ടം ഘട്ടമായി ഈ പരിധി ഉയര്‍ത്തി അടുത്ത വസന്തകാലം ആകുമ്പോഴേക്കും ഫാമിലി വിസയ്ക്കുള്ള കുറഞ്ഞ ശമ്പള പരിധി 38,700 പൗണ്ട് ആക്കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

നിലവില്‍ യു കെയില്‍ താമസിക്കുന്നവര്‍ക്കും ഇത് ബാധകമാണ്. കുടുംബങ്ങളുടെ പുനസംയോജനം സാധ്യമാക്കുന്നത് ലളിതവത്ക്കരിച്ച രാജ്യങ്ങളുടെ പട്ടികയില്‍ 56 രാഷ്ട്രങ്ങളില്‍ ഏറ്റവും താഴെ നിന്ന് രണ്ടാമതായിരുന്നു 2020-ല്‍ സ്ഥാനം. ഡെന്മാര്‍ക്ക് മാത്രമായിരുന്നു ബ്രിട്ടന്റെ താഴെ ഉണ്ടായിരുന്നത്.

അടുത്ത സമയത്ത് പ്രക്ഷേപണം ചെയ്ത ബി ബി സി പനോരമ എപ്പിസോഡില്‍ പരാമര്‍ശിച്ചതു പോലെ കഴിഞ്ഞ വര്‍ഷം 1.44 മില്യന്‍ വിസകളായിരുന്നു ബ്രിട്ടീഷ് സര്‍ക്കാര്‍ അനുവദിച്ചത്. അതില്‍ വെറും 5.6 ശതമാനം മാത്രമായിരുന്നു ഫാമിലി വിസ. അതുകൊണ്ടു തന്നെ, കേവലം ഫാമിലി വിസക്കാരെ തടഞ്ഞാല്‍ മൈഗ്രേഷന്‍ കുറയ്ക്കുന്നത് എത്രമാത്രം ഫലവത്താകുമെന്നതും ചിലര്‍ ഉന്നയിക്കുന്ന സംശായമാണ്. അതേസമയം, യു കെയിലേക്ക് കുടിയേറുന്നവരുടെ എണ്ണത്തില്‍ പ്രതിവര്‍ഷം 3 ലക്ഷം പേരുടെയെങ്കിലും എണ്ണം കുറയ്ക്കാന്‍ ആകുമെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.