
സ്വന്തം ലേഖകൻ: യാത്രാ ക്ലാസിലെ ഫെയര്‍ ഫാമിലി ടിക്കറ്റ് ഘടന പരിഷ്കരിച്ച് ഖത്തര്‍ എയര്‍വേയ്സ്. പുതിയ ആറ് വിഭാഗങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയുള്ള മാറ്റങ്ങള്‍ തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തിലായി. യാത്രക്കാര്‍ക്ക് ഗുണകരമായ തരത്തില്‍ ലളിതമായാണ് ഫെയര്‍ ഫാമിലി ടിക്കറ്റ് ഘടനയില്‍ മാറ്റം വരുത്തിയിരിക്കുന്നത്. ബിസിനസ് ക്ലാസില്‍ ക്ലാസിക്, കംഫര്‍ട്ട്, എലൈറ്റ്, ഇക്കോണമി ക്ലാസില്‍ ക്ലാസിക്, കണ്‍വീനിയന്‍സ്, കംഫര്‍ട്ട് എന്നിങ്ങനെ ആറു പുതിയ യാത്രാ ക്ലാസുകളാണ് ഫെയര്‍ ഫാമിലി വിഭാഗത്തിലുള്ളത്.
പുതിയ മാറ്റം അനുസരിച്ച് ഇക്കോണമി ക്ലാസ് ടിക്കറ്റെടുക്കുമ്പോള്‍ അധികമായി അഞ്ച് കിലോഗ്രാം ബാഗേജ് ആനുകൂല്യമാണ് ഓരോ ഫെയര്‍ ഫാമിലിക്കും ലഭിക്കുന്നത്. ഇക്കോണമി ക്ലാസ് കംഫര്‍ട്ട് ആണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ കോംപ്ലിമെന്ററിയായി ഇഷ്ടമുള്ള സീറ്റ് ലഭിക്കും. ഇക്കോണമി കംഫര്‍ട്ട് അല്ലെങ്കില്‍ ബിസിനസ് എലൈറ്റ് ക്ലാസ് ടിക്കറ്റെടുക്കുന്നവര്‍ക്ക് യാത്രാ തീയതിയില്‍ ഇഷ്ടാനുസരണം മാറ്റം വരുത്താം. സേവന നിരക്കില്ലാതെ റീഫണ്ടിനും അര്‍ഹത ലഭിക്കും.
എല്ലാ ക്ലാസുകളിലും ഖത്തര്‍ എയര്‍വേയ്സിന്റെ പ്രിവിലേജ് ക്ലബ്ബ് അംഗങ്ങള്‍ക്ക് ഏത് ഫെയര്‍ ഫാമിലിയാണ് തിരഞ്ഞെടുത്തത് എന്നതനുസരിച്ച് കൂടുതല്‍ ക്യൂമൈല്‍സും ലഭിക്കും. ഫെയര്‍ ഫാമിലി ടിക്കറ്റിനായി ഖത്തര്‍ എയര്വേയ്സില് നേരിട്ട് ബുക്ക് ചെയ്യുന്നവര്‍ക്ക് ഭാവിയിലേക്കുള്ള യാത്രാ വൗച്ചര്‍ ആയി ടിക്കറ്റ് മാറ്റാനും ഖത്തര്‍ ഡ്യൂട്ടി ഫ്രീയിലും ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ റീട്ടെയ്ല്‍, ഭക്ഷ്യ, ശീതള പാനീയ വില്പന ശാലകളിലും 40 ശതമാനം വരെ ഇളവും ലഭിയ്ക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല