1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 1, 2020

സ്വന്തം ലേഖകൻ: കര്‍ഷകരുമായി കൂടിക്കാഴ്ച്ച നടത്താന്‍ കേന്ദ്രം വിളിച്ച യോഗത്തില്‍ കര്‍ഷക സംഘടനകള്‍ പങ്കെടുക്കാന്‍ തീരുമാനമായി. കര്‍ഷക നേതാവായ ബല്‍ജീത് സിംഗ് മഹല്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. വിഗ്യാന്‍ സഭയില്‍ വെച്ചാണ് യോഗം ചേരുന്നത്. കര്‍ഷകരുടെ പ്രതിനിധികളാണ് ചര്‍ച്ചയില്‍ പങ്കെടുക്കുക.

ഉപാധികളൊന്നുമില്ലാതെയാണ് കര്‍ഷകരെ ചര്‍ച്ചയ്ക്ക് വിളിച്ചതെന്നും അതിനാലാണ് പോകാന്‍ തയ്യാറായതെന്നും കര്‍ഷക നേതാക്കള്‍ പറഞ്ഞു. കര്‍ഷക പ്രതിനിധികളായ 32 പേരും മറ്റ് മൂന്ന് പേരുമടക്കം 35 പേരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. ഇവര്‍ ചര്‍ച്ചയ്ക്കായി സിംഗു അതിര്‍ത്തിയില്‍ നിന്നും പുറപ്പെട്ടു.

കേന്ദ്രം വിളിച്ച യോഗത്തില്‍ പങ്കെടുക്കാന്‍ തയ്യാറാണെന്നറിയിച്ച് പഞ്ചാബ് കിസാന്‍ യൂണിയന്‍ സംസ്ഥാന അധ്യക്ഷന്‍ ആര്‍.എസ് മന്‍സ രംഗത്തെത്തിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ മൂന്ന് മണിക്ക് വിളിക്ക് ചേര്‍ത്ത യോഗത്തില്‍ താന്‍ പങ്കെടുക്കുമെന്നാണ് ആര്‍.എസ് മന്‍സ അറിയിച്ചത്. കേന്ദ്ര മന്ത്രി രാജ്‌നാഥ് സിംഗിന്റെയും കാര്‍ഷിക മന്ത്രി നരേന്ദ്ര തോമറിന്റെയും നേതൃത്വത്തിലാണ് ചര്‍ച്ച നടക്കുക.

നേരത്തെ കേന്ദ്രം വിളിച്ച ചര്‍ച്ചയില്‍ 32 പേരെ മാത്രം പെങ്കെടുപ്പിക്കുന്നതിനെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് കര്‍ഷക പ്രതിനിധകള്‍ അറിയിച്ചിരുന്നു. 500 ല്‍ അധികം സംഘങ്ങളുള്ളപ്പോള്‍ വെറും 32 സംഘങ്ങളെ മാത്രം ചര്‍ച്ചയ്ക്ക് വിളിച്ചത് ശരിയായ നടപടിയല്ലെന്നാണ് കര്‍ഷകര്‍ ആദ്യം പ്രതികരിച്ചിരുന്നത്.

നേരത്തെ ഡിസംബര്‍ മൂന്നിനായിരുന്നു കര്‍ഷകരുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ കര്‍ഷക സമരം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ ഡിസംബര്‍ ഒന്നിന് തന്നെ ചര്‍ച്ച നടത്താമെന്ന് സര്‍ക്കാര്‍ പറയുകയായിരുന്നു. പൊലീസിനെ ഉപയോഗിച്ച് കര്‍ഷക പ്രതിഷേധം തടയാന്‍ കേന്ദ്രം ശ്രമം നടത്തുന്നുണ്ടെങ്കിലും കര്‍ഷക സമരങ്ങളെ പിന്തുണച്ച് ദല്‍ഹിയിലേക്ക് നിരവധിപേരാണ് എത്തിക്കൊണ്ടിരിക്കുന്നത്.

ഗുരുനാനാക് ജയന്തിക്ക് പിന്നാലെ കൂടുതല്‍ കര്‍ഷകര്‍ ദല്‍ഹി അതിര്‍ത്തിയിലേക്ക് എത്തുമെന്ന് കര്‍ഷക നേതാക്കള്‍ അറിയിച്ചിരുന്നു. ജയ്പൂര്‍, റോത്തക്ക്, സോനിപത്, ഗാസിയാബാദ് എന്നിവിടങ്ങളില്‍ നിന്നും ദല്‍ഹിയിലേക്കുള്ള പാതകള്‍ ഉപരോധിക്കാനും തീരുമാനിച്ചിരുന്നു. കര്‍ഷക പ്രതിഷേധത്തിന് ഹരിയാനയിലെ ഖാപ് പഞ്ചായത്ത് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ആഭ്യന്തരമന്ത്രി അമിത് ഷായും കാര്‍ഷിക മന്ത്രി നരേന്ദ്ര സിംഗ് തോമറും 24 മണിക്കൂറിനുള്ളില്‍ രണ്ടുതവണ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പെട്ടെന്ന് തന്നെ ചര്‍ച്ച നടത്താന്‍ തീരുമാനമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. തിങ്കളാഴ്ച രാത്രിയോടെയാണ് തീരുമാനമായത്. ഡിസംബര്‍ മൂന്നിന് ചര്‍ച്ച നടത്താമെന്ന് അമിത് ഷാ നേരത്തെ അറിയിച്ചിരുന്നെങ്കിലും ഉപാധിവെച്ചുള്ള ചര്‍ച്ചയ്ക്ക് തങ്ങള്‍ തയ്യാറല്ലെന്ന് കര്‍ഷകര്‍ വ്യക്തമാക്കിയിരുന്നു.

പ്രതിഷേധം നിര്‍ത്തിവെക്കാന്‍ പലശ്രമങ്ങള്‍ നടത്തിയെങ്കിലും കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന തീരുമാനത്തില്‍ കര്‍ഷകര്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. പ്രതിഷേധത്തിനിടെ പൊലീസ് നടത്തിയ ജലപീരങ്കി, കണ്ണീര്‍ വാതക പ്രയോഗത്തില്‍ നിരവധി കര്‍ഷകര്‍ക്ക് പരിക്കേറ്റിരുന്നു. അതേസമയം, കാര്‍ഷിക നിയമത്തെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച രംഗത്തെത്തിയിരുന്നു.

പുതിയ നിയമം കര്‍ഷകര്‍ക്ക് നിയമ പരിരക്ഷ നല്‍കിയെന്നും കര്‍ഷകര്‍ക്ക് പുതിയ അവസരങ്ങള്‍ നല്‍കിയെന്നുമാണ് മോദിയുടെ അവകാശവാദം. ഒരു ലക്ഷം കോടി രൂപ കര്‍ഷകര്‍ക്ക് അനുവദിച്ചെന്നും മോദി അവകാശപ്പെട്ടിരുന്നു. കര്‍ഷകരെ വഴിതെറ്റിക്കാന്‍ ചിലര്‍ ശ്രമിക്കുന്നെന്നും കര്‍ഷകരില്‍ ഭീതി നിറയ്ക്കുന്നത് രാഷ്ട്രീയം കളിക്കുന്നവരാണെന്നുമാണ് മോദിയുടെ വാദം. കര്‍ഷക നിയമം ഭേദഗതി ചെയ്തത് കര്‍ഷകരെ ശാക്തീകരിക്കാനാണെന്നും മോദി അവകാശപ്പെട്ടിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.